ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റമായ കന്യാകുമാരിയിലും മറ്റും കോടികളുടെ വികസനം നടക്കുമ്പോഴും കേരളത്തിൽ വികസനപ്രവർത്തനങ്ങൾ നടത്താനുള്ള പണം റെയിൽവേയുടെ കൈയ്യിൽ ഇല്ല.നേമം മണ്ഡലം പിടിച്ചടക്കാൻ കച്ചകെട്ടി വന്നവർക്കു പോലും നേമം ടെർമിനലിനെപ്പറ്റി മിണ്ടാട്ടവുമില്ല.കേരളത്തിൽ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ ഏതൊക്കെ എന്ന് നോക്കാം.
1∙ നേമം ടെർമിനൽ– 2019ൽ പീയൂഷ് ഗോയൽ തറക്കല്ലിട്ടു– 117 കോടി രൂപയുടെ എസ്റ്റിമേറ്റിന് ഇതുവരെ റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയില്ല. 2008ൽ പ്രഖ്യാപിച്ച പദ്ധതി.
2∙കൊച്ചുവേളി പ്ലാറ്റ്ഫോം വികസനം– പണമില്ലാത്തതിനാൽ നിർത്തി. 38 കോടി വേണ്ടിടത്ത് 2 കൊല്ലമായി നൽകിയത് 13 കോടി രൂപ. ഇനിയും വേണം 25 കോടി രൂപ
3∙ഒാട്ടോമാറ്റിക് കോച്ച് വാഷിങ് പ്ലാന്റ് –കൊച്ചുവേളി, എറണാകുളം, 6 വർഷമായിട്ടും കടലാസിൽ തന്നെ
4∙എറണാകുളം–അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ (എസ്റ്റിമേറ്റിന് റെയിൽവേ ബോർഡ് അനുമതി ഇല്ലാത്തതിനാൽ ഭൂമിയേറ്റെടുക്കൽ നടക്കുന്നില്ല, പദ്ധതി ഇഴയുന്നു)
5∙പാലക്കാട് ടൗൺ സ്റ്റേഷനിൽ ട്രെയിൻ അറ്റകുറ്റപ്പണി കേന്ദ്രം– പദ്ധതി റെയിൽവേ മരവിപ്പിച്ചു. കോച്ച് ഫാക്ടറി നേരത്തെ തന്നെ ഉപേക്ഷിച്ചു.
6∙ഗുരുവായൂർ–തിരുനാവായ പാത– റെയിൽവേ മരവിപ്പിച്ചു
7∙എറണാകുളം മാർഷലിങ് യാഡ് ടെർമിനൽ–ഡിപിആർ പഠനത്തിന് റെയിൽവേ അനുമതിയില്ല.
8∙സിൽവർ ലൈൻ – ഡിപിആർ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും റെയിൽവേ ബോർഡ് അനുമതിയില്ല
9∙ഷൊർണൂർ യാഡ് റീമോഡലിങ് – എസ്റ്റിമേറ്റിന് അനുമതിയില്ല.
10∙ഒാട്ടോമാറ്റിക് സിഗ്‌നലിങ് സംവിധാനം എറണാകുളം–പൂങ്കുന്നം സെക്‌ഷൻ– 316 കോടി രൂപയുടെ എസ്റ്റിമേറ്റിന് അനുമതിയില്ല.
11∙എറണാകുളം–ഷൊർണൂർ മൂന്നാം പാത– ഒാട്ടോമാറ്റിക് സിഗ്‌നലിങ് വരുമെന്നു പറഞ്ഞു പദ്ധതി ഉപേക്ഷിച്ചു
12∙എറണാകുളം ഒാൾഡ് റെയിൽവേ സ്റ്റേഷൻ വികസനം– അനക്കമില്ല
13∙ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ വികസനം– ആരും തിരിഞ്ഞു നോക്കുന്നില്ല
14∙കോഴിക്കോട് വെസ്റ്റ് ഹിൽ ടെർമിനൽ– പദ്ധതിയുണ്ടോയെന്നു റെയിൽവേയ്ക്കു പോലും വ്യക്തതയില്ല
15∙കൊല്ലം, ചെങ്കോട്ട വഴി പ്രഖ്യാപിച്ച എറണാകുളം–വേളാങ്കണ്ണി സർവീസ് ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുന്നതും മംഗളൂരു–രാമേശ്വരം എക്സ്പ്രസ് ഒാടിക്കുന്നതും പറഞ്ഞു കേൾക്കാൻ തുടങ്ങിയിട്ട് വർഷം 4 കഴിഞ്ഞു.
സേലം, വിജയവാഡ, റൂട്ടിൽ പുതിയ രാജധാനി ട്രെയിൻ, ഇപ്പോഴുള്ള രാജധാനി ആഴ്ചയിൽ 6 ദിവസമാക്കുക,
കോട്ടയം,കൊങ്കൺ റൂട്ടിൽ പ്രതിദിന മുംബൈ ട്രെയിൻ, തിരുവനന്തപുരം–കണ്ണൂർ ശതാബ്ദി ട്രെയിൻ,
ബെംഗളൂരു ഹംസഫർ പ്രതിദിനമാക്കുക, കണ്ണൂർ–മധുര ഇന്റർസിറ്റി സർവീസ് ആരംഭിക്കുക തുടങ്ങി എത്രയോ ഇനിയും നടക്കാത്ത ട്രെയിൻ ആവശ്യങ്ങൾ.
∙കേരളത്തിൽ ആകെ നടക്കുന്ന റെയിൽവേ പദ്ധതി കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കലാണ്. തിരുവനന്തപുരം–കന്യാകുമാരി പാത ഇരട്ടിപ്പിക്കലും പൊൻ രാധാകൃഷ്ണന്റെ ഇടപെടൽ കൊണ്ടു രക്ഷപ്പെട്ടിരിക്കുന്ന പദ്ധതിയാണ്. വേറൊന്നും ഇവിടെ നടക്കുന്നില്ല.
അപകടം കുറഞ്ഞുവെന്നതു സത്യമാണ്. കാരണം മുൻപുണ്ടായിരുന്നതിന്റെ പകുതി ട്രെയിനുകൾ ഇപ്പോൾ ഒാടിക്കുന്നില്ല. എല്ലാ ട്രെയിനിലും റിസർവേഷൻ നിർബന്ധമാക്കിയിട്ട് റിസർവേഷൻ ടിക്കറ്റുകളുടെ എണ്ണം കൂടിയെന്നു പറയുന്നതിൽ ഒരു കാര്യവുമില്ല. കുറച്ചു ട്രെയിനുകളോടിക്കുന്നതു കൊണ്ടു സമയ കൃത്യത വർധിച്ചു. വൈഫൈ ഉണ്ടത്രേ, അതിനാണല്ലോ എല്ലാവരും സ്റ്റേഷനിൽ പോകുന്നത്. കേരളത്തിൽ നിന്നു 2 ബിജെപി മന്ത്രിമാരുണ്ടായിട്ടും കേരളത്തിന് ഒരു ഗുണവുമുണ്ടായിട്ടില്ല. സിറ്റിങ് മണ്ഡലമായിരുന്ന നേമത്തെ ടെർമിനൽ പദ്ധതിയിൽ ഒന്നും ചെയ്യാത്ത നേതാക്കളിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ല.