KeralaNEWS

ആടുകൾക്ക് വരുന്ന രോഗങ്ങളും, നാടൻ ഒറ്റമൂലി പ്രയോഗങ്ങളും

ളരെ ചെലവ് കുറഞ്ഞ രീതിയിൽ നല്ല രീതിയിൽ ആദായം ഉണ്ടാക്കാവുന്ന ഒന്നാണ് ആടുവളർത്തൽ. എന്നാൽ ആടുകൾക്ക് വരുന്ന രോഗങ്ങളാണ് ഈ മേഖലയിൽ പ്രതിസന്ധികൾക്ക് വഴിയൊരുക്കുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസൃതമായി നിരവധി രോഗങ്ങൾ ആടുകൾക്ക് വന്നുപെടുന്നു. ഇത്തരത്തിലുള്ള രോഗ സാധ്യതകളെക്കുറിച്ചും, രോഗാവസ്ഥയെ പ്രതിരോധിക്കാനുള്ള നാടൻ ഒറ്റമൂലികൾ കുറിച്ചുമാണ് താഴെ നൽകുന്നത്.
ദഹനക്കേടിന്
ആടുകൾക്ക് ഉണ്ടാകുന്ന ദഹനക്കേട് ഇല്ലാതാക്കാൻ ചുക്ക്, കറിവേപ്പില കുരുന്ന്, ഉണക്ക മഞ്ഞൾ, ഉപ്പ് എന്നിവ സമം പൊടിച്ച് കലർത്തിയത് 20 ഗ്രാം ദിവസം ഒരു തവണ ശർക്കരയിൽ കുഴച്ച് കൊടുക്കുക.
വിശപ്പില്ലായ്മ അകറ്റുവാൻ
കീഴാർനെല്ലി അരച്ചു ആടുകൾക്ക് നൽകിയാൽ വിശപ്പില്ലായ്മ എന്ന പ്രശ്നം പരിഹരിക്കാം.
ചുമയ്ക്ക്
ആടലോടകം ഇടിച്ചുപിഴിഞ്ഞ നീരിൽ കൽക്കണ്ടം ചേർത്ത് കൊടുത്താൽ ചുമ ശല്യം ഇല്ലാതാകും.
ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക്
വെളുത്തുള്ളിയും, കുരുമുളകും, ഉപ്പും സമം അരച്ചത് ശർക്കര ഉണ്ട പൊടിച്ചതും ചേർത്ത് ആടുകൾക്ക് നൽകിയാൽ ദഹന സംബന്ധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ സാധിക്കും.
കട്ടു പിടിച്ചാൽ
ഇങ്ങനെ സംഭവിക്കുമ്പോൾ ഉടൻ കരിക്കിൻവെള്ളം കൊടുക്കുക. തുടർന്ന് 25 മില്ലി ലിറ്റർ വെളിച്ചെണ്ണയും കൊടുക്കുക.
അകിടുവീക്കം മാറുവാൻ
ഇരട്ടി മധുരവും ശതകുപ്പയും പനിക്കൂർക്കയുടെ ഇലയും തുല്യ അളവിലെടുത്ത് നന്നായി അരച്ച് കുഴമ്പ് പരുവത്തിലാക്കി ഏകദേശം നാല് ദിവസം അകിടിൽ പുരട്ടിയാൽ മതി.
പനി, ജലദോഷം
ചെറുനാരങ്ങാനീര്, തുളസിയില, ഇഞ്ചി, ശർക്കര, കുരുമുളക് എന്നിവ വെള്ളത്തിൽ സമം ചേർത്ത് തിളപ്പിച്ച ശേഷം ആറിച്ചു കൊടുത്താൽ ജലദോഷവും പനിയും അകറ്റാം.
വയറിളക്കം മാറുവാൻ
പേരയിലയും മഞ്ഞളും സമം അരച്ചുകലക്കി കൊടുക്കുക
വിരശല്യം അകറ്റുവാൻ
അഷ്ടചൂർണം 15 ഗ്രാം വീതം ശർക്കരയിൽ കുറച്ചു കൊടുക്കുക.
മുലയ്ക്ക് നീരു വന്നാൽ
പെരിങ്ങലത്തിൻറെ കൂമ്പും ജീരകവും ചേർത്ത് അരച്ച എണ്ണ ഒഴിച്ച് ചീനച്ചട്ടിയിലിട്ട് മൂപ്പിച്ചു പുരട്ടുക.
അകിടിൽ നീര് വന്നാൽ പച്ചമഞ്ഞളും പുളിയിലയും സമം അരച്ച് വിനാഗിരി ചേർത്ത് പുരട്ടിയാലും മതി.

Back to top button
error: