കറുത്ത പൊന്ന് എന്നു വിശേഷിപ്പിക്കാറുള്ള
കുരുമുളക് സുഗന്ധവ്യഞ്ജനങ്ങളിൽ രാജാവ് എന്നാണ് അറിയപ്പെടുന്നത്.ഇത് ലോകത്തിലെ ഏറ്റവും പഴക്കവും സുപ്രസിദ്ധിയാർജ്ജിച്ചതുമായ
സുഗന്ധവ്യഞ്ജനവും,
കേരളത്തിലെ ഒരു പ്രധാന
നാണ്യവിളയുമാണ്.തെക്കേ
ഇന്ത്യയിലെ വനങ്ങളിൽ നിന്നാണ് കുരുമുളക് വള്ളി ചെടി ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.കേരളത്തി
ന്റെ ഭാവി തന്നെ മാറ്റി മറിച്ചത് ഈ കുരുമുളകാണ്.
തീരെ അപ്രധാനമായ ഒരു ഭൂവിഭാഗമായ കേരളത്തെത്തേടി അതിപ്രാചീനമായ കാലത്ത് തന്നെ യവനരും റോമാക്കാരും തേടി എത്തിയതും പിന്നീട് അവർ വന്ന വഴിതേടി യൂറോപ്പിലെ നിരവധി രാജ്യങ്ങളിൽ നിന്നുള്ളവരും കേരളത്തിലെത്തിയതും കേരളത്തിൽ എന്നു തന്നെയല്ല ഇന്ത്യ മൊത്തം അടക്കിഭരിച്ചതും, കുരുമുളകിന്റെ യഥാർത്ഥ ഉറവിടം മലബാർ തീരം ആണെന്നുള്ള അറിവ് പാശ്ചാത്യർക്ക് മാർക്കോ പോളോ എന്ന സഞ്ചാരിയുടെ ഓർമ്മക്കുറിപ്പുകളിൽ നിന്നും ലഭിച്ചതു മൂലമായിരുന്നു.
ഉഷ്ണരാജ്യങ്ങളിലാണ് കുരുമുളക് നല്ലരീതിയിൽ വളരുന്നത്. വള്ളിച്ചെടിപോലെ പടർന്നു കയറുന്ന ഇനമാണ് ഇതിൽ പ്രധാനം. പച്ചക്കുരുമുളക് കുലകളിലായി ഉണ്ടാകുകയും അത് ഉണക്കി കറുത്ത കുരുമുളകും തൊലി കളഞ്ഞ് വെള്ളക്കുരുമുളകും ഉണ്ടാക്കുന്നു. ഔഷധഗുണമേറെയുള്ള കുരുമുളക് മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും വിവിധ അസുഖങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്നുണ്ട്.
ദീർഘമായി മഴലഭിക്കുന്നതും, ശരാശരി ഉയർന്ന താപനിലയും, ഭാഗികമായി തണൽ ലഭിക്കുന്നതുമായ സ്ഥലങ്ങളിൽ കുരുമുളക് നന്നായി വളരും. കേരളത്തിലെ ഞാറ്റുവേല കുരുമുളക് കൃഷിക്ക് വളരെ അനുയോജ്യമാണ്. തണ്ടുകൾ മുറിച്ചുനട്ടാണ് കുരുമുളകിന്റെ തൈകൾ ഉണ്ടാക്കുന്നത്. പ്രധാനമായും നടുന്നത് ഫെബ്രുവരി – മാർച്ച് മാസങ്ങളിലാണ്. കുരുമുളക് വള്ളിയുടെ ചുവട്ടിൽ നിന്നും വശങ്ങളിലേക്ക് വളർന്നുപോകുന്ന തണ്ടുകളാണ് നടുന്നതിനായി തിരഞ്ഞെടുക്കുന്നത്. ഇങ്ങനെയുള്ള തണ്ടുകൾ മുറിച്ച് കീഴ്ഭാഗവും മേൽഭാഗവും മുറിച്ചുനീക്കുന്നു. അതിനുശേഷം രണ്ടോ മൂന്നോ മുട്ടുകളോടെ ചെറിയ കഷണങ്ങളായി മുറിച്ച് മണ്ണ് നിറച്ച പോളിത്തീൻ കവറുകളിൽ ഒരു മുട്ട് മണ്ണിനടിയിൽ നിൽക്കത്തക്കവിധം നടുന്നു. ഇങ്ങനെ നടുന്ന വള്ളികൾക്ക് തണൽ അത്യാവശ്യമാണ്. കൂടാതെ നല്ലതുപോലെ നനയും ആവശ്യമാണ്. ഇങ്ങനെ നട്ട കമ്പുകൾ വേരുപിടിച്ച് കഴിഞ്ഞാൽ കാലവർഷം തുടങ്ങുമ്പോൾ നടാവുന്നതാണ്. തിരുവാതിര ഞാറ്റുവേലയാണ് കുരുമുളക് നടുന്നതിന് ഏറ്റവും യോജിച്ച സമയം.
വണ്ണം കുറഞ്ഞതും എന്നാൽ കട്ടിയുള്ളതുമായ വള്ളിച്ചെടിയാണ് കുരുമുളക്. ഇവയ്ക്ക് താങ്ങായി തെങ്ങ്,കമുക്, പോലെയുള്ള വൃക്ഷങ്ങളോ ഉണ്ടായിരിക്കണം. താങ്ങുമരത്തിന്റെ വടക്ക് ഭാഗത്ത് മരത്തിൽ നിന്നും 30 സെന്റീ മീറ്റർ അകലത്തിലാണ് തൈകൾ നടുന്നത്. വള്ളികൾ വളരുന്നതിനനുസരിച്ച് തണ്ടുകൾ മരത്തിനോട് ചേർത്ത് കെട്ടിവയ്ക്കാറുണ്ട്. നല്ലതുപോലെ പരിചരണം ലഭിക്കുന്ന കുരുമുളക് കൊടിയിൽ നിന്നും നട്ട് മൂന്നാം വർഷം മുതൽ വിളവ് ലഭിക്കുന്നു. ശരാശരി 25 വർഷം വരെ നല്ലരീതിയിൽ തൈകൾ വിളവ് നൽകാറുണ്ട്. നവംബർ മുതൽ ഫെബ്രുവരി വരെയാണ് വിളവെടുപ്പ് കാലം.