KeralaNEWS

ചൂടിനെ അതിജീവിക്കാൻ പന നൊങ്ക്, കരിക്ക്, തണ്ണി മത്തൻ; സജീവമായി  വഴിയോര വിപണികൾ 

പാലക്കാട്: വേനൽ കനക്കും മുമ്പേ ജില്ലയിലെ വിവിധയിടങ്ങളിൽ നൊങ്ക് വില്പന സജീവമായി.പാതയോരങ്ങളിലും കൂൾബാറുകളിലുമാണ് പനനൊങ്ക് വില്പന പൊടിപൊടിക്കുന്നത്.രാത്രി മഞ്ഞുണ്ടെങ്കിലും പകൽ സമയത്ത് താപനില 35 ഡിഗ്രിയാണ്.ഇതോടോപ്പം തണ്ണിമത്തൻ, ഇളനീർ, കരിമ്പിൻ ജ്യൂസ് വില്പനയും തകൃതിയാണ്.വഴിയോരങ്ങളിലും പെട്ടി ഓട്ടോകളിലുമാണ് ഇങ്ങനെ കൂടുതലും കച്ചവടം പൊടിപൊടിക്കുന്നത്.
 
  കോട്ടമൈതാനത്തിനു ചുറ്റും നിരന്നാണ് നൊങ്ക് കച്ചവടക്കാരുടെ ഇരിപ്പ്.
ഒരു കുല പനനൊങ്കിന് നൂറ്റിമുപ്പത് രൂപയാണ് വില.കൊഴിഞ്ഞാമ്പാറയിൽ നിന്നുമാണ് കച്ചവടക്കാർ നൊങ്ക് വാങ്ങുന്നത്.ആയിരം രൂപ വണ്ടി വാടക ആകും.എന്നാലും അയ്യായിരം രൂപയുടെ വരെ കച്ചവടം നടക്കാറുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.അതിനാൽതന്നെ കച്ചവടക്കാർക്ക് ഇത് ലാഭമാണ്.

കരിക്ക്  മുപ്പതു രൂപക്കാണ് വിൽക്കുന്നത്.പ്രതിദിനം അഞ്ഞൂറു കരിക്കു വരെ വിൽക്കുന്നുണ്ടെന്ന് കച്ചവടക്കാരനായ കൊഴിഞ്ഞാമ്പാറ സ്വദേശി രാധാകൃഷ്ണൻ പറയുന്നു.വേലന്താവളം, ചിറ്റൂർ,കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളിൽ നിന്നാണ് കരിക്ക് ശേഖരിക്കുന്നത്.
തമിഴ്നാട്ടിലെ ദണ്ഡി വനത്തിൽ നിന്നുമാണ് തണ്ണി മത്തൻ കൊണ്ടുവരുന്നത്.ലോറി വാടക ഇരുപത്തി മുവ്വായിരം രൂപ വരും. കണക്കാക്കിയാൽ കിലോക്ക് ഇരുപതു രൂപ അസ്സൽവരും.അമ്പത് രൂപക്കാണ് വിൽപ്പന.ഒരുമാസം മുൻപുവരെ പതിനഞ്ചു രൂപയായിരുന്നു ഒരു കിലോ തണ്ണിമത്തന്റെ വില.ചൂട് കൂടുന്നതിനനുസരിച്ച് തണ്ണിമത്തന്റെ വിലയും കൂടുക്കൊണ്ടിരിക്കുകയാണ്.ദിനംപ്രതി അഞ്ഞൂറു കിലോ വരെ വിൽക്കാറുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.
വേനൽ കനക്കുന്തോറും ഇത്തരം ഉത്പന്നങ്ങൾക്ക് ആവശ്യക്കാരും ഏറെയാണ്.കുപ്പികളിൽ വരുന്ന ജൂസുകൾ വാങ്ങുന്നതിനേക്കാൾ ആളുകൾക്ക് എന്നും ഇഷ്ടം
രാസപദാർത്ഥങ്ങളില്ലാത്ത  ,പ്രകൃതിദത്തമായ ഇത്തരം പഴങ്ങളുമാണ്.അതിനാൽത്തന്നെ
തണ്ണി മത്തനും ഇളനീരും പന നൊങ്കും കരിമ്പിൻ ജൂസും കുടിക്കാൻ ആളുകളുടെ തിരക്കാണ് പാലക്കാടൻ വഴിയോരങ്ങളിൽ.ചൂട് കൂടുന്തോറും കച്ചവടക്കാരുടെ എണ്ണവും ഇനിയും വർധിക്കും.

Back to top button
error: