നാലു വശവും വനത്താൽ ചുറ്റപ്പെട്ട ഈ കാവിന്റെ ആദ്യ കാഴ്ച തന്നെ നമ്മുടെ മനസിനെ തണുപ്പിക്കും.കാവിന് പുറകിൽ കൂടി ഒഴുകുന്ന പുഴയുടെ കളകളാരവവും കാട്ടുകിളികളുടെ സംഗീതവും കാവിനുള്ളിലെ നിശബ്ദതയും എല്ലാം ചേർന്ന് ഇവിടെയെത്തുന്ന ഏതൊരാളും നിറഞ്ഞ മനസമാധാനത്തോടെ മാത്രമേ തിരികെ മടങ്ങുകയുള്ളൂ.ഒപ്പം കൈനിറയെ അപ്പൂപ്പന്റെ അനുഗ്രഹവും!
കോന്നിയിൽ നിന്ന് അച്ചൻകോവിൽ പോകുന്ന വനത്തിനുള്ളിലൂടെയുള്ള റോഡരികിൽ തന്നെയാണ് ഈ കാവ് സ്ഥിതി ചെയ്യുന്നത്.കാടിനോടു ചേർന്നുള്ള കാവ്,എന്നാൽ ശബരിമലയെപ്പോലെ ഒച്ചയനക്കമോ ആൾക്കൂട്ട ബഹളങ്ങളോ ഇല്ലാത്ത സ്ഥലം.കാടിനെ അറിഞ്ഞ് യാത്ര ചെയ്യാനുള്ള ഒരു മാർഗം കൂടിയാണ് ഇവിടേക്കുള്ള യാത്ര.എന്നു കരുതി മറ്റൊരു ഗവി യാത്ര സ്വപ്നം കണ്ട് അർമാദിക്കാനായി ആരും ഇവിടേക്ക് വരുകയും ചെയ്യരുത്.ഇവിടെ എത്തിയാൽ തീർത്തും ശാന്തതയാണ്, നിശബ്ദതയാണ് ഉള്ളത്.
24 മണിക്കൂറും ദർശനമുള്ള ലോകത്തിലെ തന്നെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നുമാണ് ഇത്.ഇതേപോലെ മറ്റനേകം ആചാര രീതികൾ കൊണ്ടും വ്യത്യസ്തമാണ് ഈ കാവ്.ഓരോ ക്ഷേത്രത്തിനും അതിന്റേതായ സംസ്കാരവും പാരമ്പര്യവും ഉള്ളതുപോലെ ഈ കാവിനും ചില ചിട്ടവട്ടങ്ങൾ ഉണ്ട്.പക്ഷെ അതൊരിക്കലും മറ്റ് ക്ഷേത്രങ്ങളുടെ മാതൃകയിലല്ലെന്നു മാത്രം.തിരക്കുപിടിച്ച ജീവിത യാത്രയിൽ ഒരു മണിക്കൂർ മൊബൈൽ ഫോണും മാറ്റിവച്ച് ഇവിടെ വന്ന് ഒന്നിരുന്നു നോക്കു….അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും നിങ്ങളുടെ ഉള്ളിൽ വന്ന മാറ്റം.അല്ലെങ്കിൽ ഈ കാവിന്റെ സംസ്കാരവും പാരമ്പര്യവും !