വാരണാസി: കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള ഭൂമിയും കെട്ടിടങ്ങളും തിരിച്ചു പിടിക്കാൻ ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി വന്നതോടെയാണ് ദേവസ്വം ബോർഡിന്റെ ഈ നീക്കം.300 ഏക്കർ ഭൂമിയും കെട്ടിടങ്ങളുമാണ് ദേവസ്വം ബോർഡിന് വാരണാസിയിൽ ഉള്ളത്.
ദേവസ്വം ബോർഡിന്റെ അധീനതയിലാണെങ്കിലും പലതും ഇന്ന് പലരുടെ കൈകളിലാണ്.വേണ്ട രീതിയിൽ പരിപാലിക്കാത്തതിനെ തുടർന്ന് ഭൂമിയും കാട് കയറി നശിച്ചു.കെട്ടിടങ്ങളും ഏറെക്കുറെ നശിക്കാറായ നിലയിലാണ്. ബോർഡിന്റെ ഭൂമി ചിലർ കയ്യേറിയതായും കെട്ടിടങ്ങളിൽ അനധികൃത താമസമുള്ളതായും വിവരമുണ്ട്. കാശി തീർത്ഥാനടത്തിന് വേണ്ടി തിരുവിതാംകൂർ രാജകുടുംബത്തിനും പ്രമുഖർക്കും രാജാവ് ശ്രീപദ്മനാഭന് നൽകിയ ഈ സ്ഥലം രാജഭരണം അവസാനിച്ചപ്പോൾ ദേവസ്വം ബോർഡിന്റെ കൈവശം എത്തിച്ചേരുകയായിരുന്നു. വരണാസിയ്‌ക്ക് രണ്ട് കിലോ മീറ്റർ ചുറ്റളവിലുള്ള 22 സെന്റ് സ്ഥലത്തിനും കെട്ടിടത്തിനുമാണ് നിലവിൽ രേഖകൾ ഉള്ളത്.
കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി വന്നതോടെ വിശ്വനാഥ ക്ഷേത്രത്തിലേക്ക് എത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയും ഇതിലൂടെ വരുമാനം കൂടുകയും ചെയ്യും എന്നുള്ള നിഗമനത്തിലാണ് ദേവസ്വം ബോർഡ്. ഈ സാഹചര്യത്തിൽ സാമ്പത്തിക നേട്ടത്തിനായി ഭൂമിയും കെട്ടിടങ്ങളും തിരിച്ചു പിടിക്കാൻ ബോർഡ് തീരുമാനിക്കുകയായിരുന്നു. തീർത്ഥാടകർക്കായി കെട്ടിടങ്ങൾ നവീകരിക്കാനും പദ്ധതിയുണ്ട്. ഇത് സംബന്ധിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രത്യേക സംഘത്തെ വരണാസിയിലേക്ക് ബോർഡ് അയച്ചിട്ടുണ്ട്