തിക്കോടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ കൃഷ്ണപ്രിയ വിട പറഞ്ഞു
ഇന്ന് രാവിലെ തിക്കൊടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ച് കൃഷ്ണപ്രിയ ജോലിക്ക് കയറാനൊരുങ്ങുമ്പോൾ നന്ദു തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഏറെ നാളുകളായി ഈ പെൺകുട്ടിയെ ഇയാൾ ശല്യം ചെയ്തിരുന്നു
കോഴിക്കോട്: തിക്കോടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. തിക്കോടി പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി കൃഷ്ണപ്രിയയെയാണ് മരിച്ചത്. കൃഷ്ണപ്രിയയെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച തിക്കോടി പളളിത്താഴം സ്വദേശി നന്ദു അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
കൃഷ്ണപ്രിയയെ നന്ദു ഏറെ നാളുകളായി ശല്യം ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
രാവിലെ 9.50ന് തിക്കൊടി പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിലേക്ക് കൃഷ്ണപ്രിയ ജോലിക്ക് കയറാനൊരുങ്ങുമ്പോഴാണ് നന്ദു തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.
ദിവസവേതന അടിസ്ഥാനത്തിൽ ഒരാഴ്ച മുൻപാണ് കൃഷ്ണപ്രിയ പഞ്ചായത്തിൽ ജോലിക്ക് എത്തിയത്. ഇവർ പരിചയക്കാരാണെന്നാണ് സൂചന. പെട്രോൾ ഒഴിച്ച് യുവതിയെ തീകൊളുത്തിയ ശേഷം ഇയാൾ സ്വന്തം ശരീരത്തിൽ പെട്രോൾ ഒഴിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.
കൊയിലാണ്ടിയിലെ ആശുപത്രിയിലാണ് ആദ്യം ഇരുവരെയും പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.