KeralaNEWS

ലക്കിടി റെയിൽവേ ഗേറ്റിനുസമീപം കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ

പാലക്കാട്: കുഴൽപ്പണസംഘം ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാർ ലക്കിടിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ.ലക്കിടി റെയിൽവേ ഗേറ്റിന് സമീപം സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് മാരുതി എർട്ടിഗ കാർ ഉപേക്ഷിച്ചിട്ടുള്ളത്.കാറിന്റെ ഉൾഭാഗം തകർത്ത നിലയിലാണ്.ഡാഷ് ബോർഡ് പൂർണമായും കുത്തിപ്പൊളിച്ചിട്ടുണ്ട്.കാറിനുള്ളിൽ മുളക് പൊടിയും വിതറിയിട്ടുണ്ട്.
കാർ കുത്തിപ്പൊളിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിപ്പാരയും സ്ക്രൂ ഡ്രൈവറും കാറിനുള്ളിൽനിന്ന് കണ്ടെടുത്തു. മലപ്പുറം മങ്കട കൂട്ടിൽ ഉള്ളാട്ട്പാറ മുഹമ്മദാണ് കാറിന്റെ ഉടമസ്ഥൻ. കുഴൽപ്പണസംഘം സഞ്ചരിച്ചിരുന്ന കാർ അജ്ഞാതസംഘം തട്ടിയെടുത്ത് ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
 സംഭവത്തിൽ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരുന്നതായി പോലീസ് പറഞ്ഞു.ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും വാഹനം പരിശോധിച്ചു. ക്രിമിനൽ നടപടി വകുപ്പ് 102 പ്രകാരം കേസെടുത്തതായി ഒറ്റപ്പാലംപോലീസ് അറിയിച്ചു.
 വാഹനയുടമയെ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും കാർ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ഒറ്റപ്പാലം പോലീസ് പറഞ്ഞു. പ്രിൻസിപ്പൽ എസ്.ഐ. എ. അനൂപ്, അഡീഷണൽ എസ്.ഐ. ജെ.പി. അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Back to top button
error: