KeralaNEWS

ഇത് കുടുംബശ്രീയുടെ ‘ഫേമസ്’ ബേക്കറി; വിറ്റുവരവ് ഒന്നരക്കോടി

ക്രിസ്തുമസ് ആയതോടെ ഇടുക്കി ബൈസൺവാലിയിലെ  ഫേമസ് ബേക്കറിയിൽ കച്ചവടം ഒന്നുകൂടി പൊടിപൊടിക്കുകയാണ്.കോവിഡിനുമുമ്പ് ഒന്നരക്കോടിയ്ക്കും മുകളിലായിരുന്നു ഇവിടുത്തെ ടേണോവർ.ഇപ്പോൾ കോവിഡ് കാലം ആയിട്ടും ഒന്നേകാൽക്കോടിയുടെ ടേണോവർ ഉണ്ട്.കുടുംബശ്രീ സ്ഥാപനമാണ്.28 സ്ത്രീകൾ ഇവിടെ ജോലി ചെയ്യുന്നു.ഒരാൾക്ക് 13000-15000 രൂപ ശരാശരി മാസശമ്പളം കിട്ടുന്നുണ്ട്.
ബേക്കറിയുടെ ബ്രാൻഡ് ഐറ്റം  ബ്രെഡ്ഡാണ്.പാൽപ്പൊടി, നെയ്യ്, ഏലയ്ക്ക തുടങ്ങിയവയൊക്കെ ചേർത്തുണ്ടാക്കുന്ന ഈ ബ്രെഡ്ഡിന്റെ  രുചി വാക്കുകളിൽ വിവരിക്കാനാവുന്നതല്ല.സ്വാഭാവികമായും ചിലവ് കൂടുതലാണ്.എന്നാൽ മറ്റു ബ്രെഡ്ഡുകളുടെ വിലയ്ക്കു തന്നെയാണ് അതിവിടെ വിൽക്കുന്നതും.അതുകൊണ്ട് ചെറിയ നഷ്ടം ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ വിറ്റുപോകുന്നത് ബ്രെഡ്ഡാണെന്ന്  മാനേജരായ പ്രിയങ്ക പറയുന്നു.മുൻ മാനേജർ സ്മിത പി.എസ്.സി സെലക്ഷൻ കിട്ടിപ്പോയപ്പോഴാണ് എംബിഎക്കാരി പ്രിയങ്കയ്ക്ക് മാനേജർ പോസ്റ്റ് ലഭിച്ചത്.
 ബ്രെഡ്ഡിനോടൊപ്പം പലതരം ബണ്ണുകൾ, പഫ്സുകൾ, മിക്സ്ച്ചറുകൾ, വറവുകൾ, നാടൻ പലഹാരങ്ങൾ എന്നിവയെല്ലാം വിൽക്കുന്നുണ്ട്.ബ്രെഡ്ഡിന്റെ ബ്രാൻഡുമൂലം അവയ്ക്കെന്നും നല്ല ഡിമാന്റാണ്.കേക്കുകളും  പലതരമുണ്ട്.ക്യാരറ്റാണ് ഇതിൽ ഏറ്റവും മികച്ചു നിൽക്കുന്നത്.ക്രിസ്തുമസ് ആയതോടെ കേക്കുകൾക്കും നല്ല ഡിമാന്റാണ് ഇവിടെ.ന്യൂ ഇയർ കൂടി വരുന്നതോടെ രണ്ടു കോടിയ്ക്ക് മുകളിൽ കച്ചവടം നടക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രിയങ്ക പറയുന്നു.
 എന്തൊക്കെയായാലും വൃത്തിയാണ് ഇവിടുത്തെ മാസ്റ്റർ പീസ്.ജോലിക്കാരെല്ലാം ഏപ്രണും ഹെഡ്ഡ്ഡ്രസ്സും ധരിച്ചിരിക്കുന്നു. പാക്കിംഗും മറ്റും കൈയ്യുറകൾ ധരിച്ചുകൊണ്ടാണ് ചെയ്യുന്നത്. കുഴയ്ക്കന്നതും മറ്റും യന്ത്രങ്ങൾ ഉപയോഗിച്ചാണ്.കേരളത്തിൽ എല്ലായിടങ്ങളിലും ഫേമസ് ഉത്പന്നങ്ങൾ എത്തിക്കാനുള്ള തിരക്കിലാണ് ഇപ്പോൾ ഇതിന്റെ അണിയറ പ്രവർത്തകർ.
പഞ്ചായത്ത് പ്രസിഡന്റ് ബിജു കൃഷ്ണൻകുട്ടി അധ്യക്ഷനായിട്ടുള്ള മാനേജ്മെന്റ് കമ്മിറ്റിയാണ് ബേക്കറിയുടെ കാര്യങ്ങൾ നോക്കുന്നത്.

Back to top button
error: