പ്രൊട്ടക്ഷന്‍ ഉത്തരവുണ്ടായിട്ടും പെരുവഴിയിലായ യുവതിക്ക് സഹായഹസ്തവുമായി വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി. കൊച്ചി കലൂരില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച് വീടിനുള്ളില്‍ കയറാനാകാതെവന്ന യുവതിയെക്കുറിച്ചുള്ള മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ അംഗം യുവതിയെ സന്ദര്‍ശിച്ചത്.
വനിതാ കമ്മിഷന്റെയും ലീഗല്‍ സര്‍വീസ് അഥോറിറ്റിയുടെയും ഇടപെടലിനെ തുടര്‍ന്ന് യുവതിയെ താത്കാലിക കേന്ദ്രത്തിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. ഗാര്‍ഹിക പീഡന നിരോധന നിയമത്തിലെ പ്രൊട്ടക്ഷന്‍ ഉത്തരവ് നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന പോരായ്മകള്‍ക്ക് പരിഹാരം കാണാന്‍ ചട്ടങ്ങളില്‍ ഭേദഗതികള്‍ നിര്‍ദേശിക്കാന്‍ കമ്മിഷന്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് അഡ്വ. ഷിജി ശിവജി പറഞ്ഞു.
ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരം പ്രൊട്ടക്ഷന്‍ ഓര്‍ഡറും റസിഡന്‍ഷ്യല്‍ ഓര്‍ഡറും ഉണ്ടായിട്ടും ഭര്‍ത്തൃഗൃഹത്തില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഒട്ടേറെ പരാതികള്‍ എല്ലാ ജില്ലകളില്‍ നിന്നുമായി വനിതാ കമ്മിഷന് മുമ്പാകെ എത്തുന്നുണ്ട്. ഗാര്‍ഹിക പീഡന നിരോധന നിയമത്തിന്റെ പ്രയോജനം പരാതികാരിക്ക് ലഭിക്കണം. അതിനായി ജുഡിഷ്യറിയും അഭിഭാഷക സമൂഹവും പൊലീസും പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരും ജാഗ്രതയോടെ ഇടപെടേണ്ടതുണ്ടെന്നും അഡ്വ. ഷിജി ശിവജി പറഞ്ഞു.