KeralaNEWS

വീണ്ടും ചെങ്കൊടി പാറിച്ച് കേരളം

തിരുവനന്തപുരം: 32 തദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. രാവിലെ 10നാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ജില്ലാ പഞ്ചായത്തുകളിലെ മൂന്നും ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പൽ കോർപറേഷനുകളിലെ രണ്ടും മുനിസിപ്പാലിറ്റികളിലെ മൂന്നും ഗ്രാമ പഞ്ചായത്തുകളിലെ ഇരുപതും വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 32 വാര്‍ഡുകളിലായി 75.06 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.മത്സരഫലം പുറത്തുവന്നതു പ്രകാരം എൽഡിഎഫിന്റെ തേരോട്ടമാണ് കാണാൻ കഴിയുന്നത്.
കൊച്ചിൻ കോർപ്പറേഷൻ ഗാന്ധിനഗർ ഡിവിഷനിൽ എൽ ഡി എഫിന്‌ 687  വോട്ടിന്റെ വിജയം
സഖാവ്‌ ബിന്ദു ശിവൻ ആണ് ഇവിടെ വിജയിച്ചത്.

വിതുര പഞ്ചായത്തില്‍ പൊന്നാംചുണ്ട് വാര്‍ഡ്‌ എൽഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ എസ് രവികുമാറാണ്‌ വിജയിച്ചത്‌.കോണ്‍ഗ്രസിലെ പ്രേം ഗോപകുമാറിനെയാണ്‌ പരാജയപ്പെടുത്തിയത്‌.

പിറവം നഗരസഭ ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫിന്  വിജയം. നഗരസഭ പതിനാലാം ഡിവിഷൻ ഇടപ്പിള്ളിച്ചിറയിൽ നടന്ന തെരഞ്ഞെടുപ്പിലാണ് സിപിഐ എമ്മിലെ ഡോ. അജേഷ് മനോഹർ യുഡിഎഫ് സ്ഥാനാർത്ഥി അരുൺ കല്ലറക്കലിനെ 22 വോട്ടിന്  പരാജയപ്പെടുത്തിയത്.

കാണക്കാരി ഗ്രാമപഞ്ചായത്ത് കളരിപ്പടി വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സിറ്റിങ്‌ സീറ്റ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു. സിപിഐ എമ്മിലെ വി ജി അനില്‍കുമാർ യുഡിഎഫിലെ സുനീഷ് കോട്ടശേരിലെ 338 വോട്ടിനാണ്‌ പരാജയപ്പെടുത്തിയത്‌.

കൂടരഞ്ഞിയിൽ ചെങ്കൊടി പാറിച്ച് എൽഡിഎഫിന്റെ ആദർശ് ജോസഫ്. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ കൂമ്പാറ വാർഡിലെ ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർഥി ആദർശ് ജോസഫ് വിജയിച്ചു.കോൺഗ്രസിലെ സുനേഷ് ജോസഫിനെ 3 വോട്ടിനാണ്‌ പരാജയപ്പെടുത്തിയത്.

തരൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് തോട്ടുംപള്ളയില്‍ സിപിഐ എമ്മിലെ എം സന്ധ്യ വിജയിച്ചു. ഷീജ ശങ്കരന്‍കുട്ടിയെയാണ്  (കോണ്‍ഗ്രസ്)പരാജയപ്പെടുത്തിയത്.

ഷാഫി പറമ്പിലിന്റെ പഞ്ചായത്തായ പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ (കര്‍ക്കിടകചാല്‍ ) എല്‍ഡിഎഫ് സ്ഥാനാർത്ഥി സിപിഐ എമ്മിലെ കെ അശോകന്‍ വിജയിച്ചു.തിരുവനന്തപുരം വെട്ടുകാടും എൽഡിഎഫ് ആണ് വിജയിച്ചത്.

Back to top button
error: