NEWS

വത്തിക്കാൻ ക്രിസ്മസ് ആഘോഷങ്ങളിലേക്ക്; കൂറ്റൻ ക്രിസ്മസ്ട്രീ സ്ഥാപിച്ചു

റോം: ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു മുന്നിൽ കൂറ്റൻ ക്രിസ്മസ് ട്രീ ഉയർന്നു. ക്രിസ്മസ് ട്രീയായി ഉപയോഗിക്കാനുള്ള  വൃക്ഷം, വടക്കൻ ഇറ്റലിയിലെ ട്രെൻ്റിനോ മേഖലയിലെ  ആൻഡലോയിലെ വനത്തിൽനിന്നാണ് ഇത്തവണ കൊണ്ടുവന്നിരിക്കുന്നത്. 28 മീറ്റർ ഉയരവും എട്ടു ടൺ ഭാരമുള്ള  ഫിർ മരമാണ് സെൻ്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കുമുന്നിൽ ക്രിസ്മസ് ട്രീ ആകുന്നത്.
ഓരോ വർഷവും ഓരോ രാജ്യത്തിൻ്റെ നേതൃത്വത്തിലാണ് സെൻ്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു മുന്നിലെ ട്രീയും പുൽക്കൂടും തയ്യാറാക്കുന്നത്. ഈ വർഷം പെറുവിലെ ചോപ്‌ക്ക നേഷനിൽ നിന്നുള്ള കലാകാരന്മാരാണ് ക്രിബ് ഒരുക്കുന്നത്.നിരവധി പ്രാദേശിക കമ്യൂണിറ്റികളുടെ കൂട്ടായ്മയായ ചോപ്‌ക്ക നേഷനിൽ നിന്നുള്ള പരമ്പരാഗത  കലാകാരന്മാർ സൃഷ്ടിച്ച മുപ്പതിലധികം രൂപങ്ങൾ ക്രിബിൻ്റെ ഭാഗമായുണ്ടാകും.ബാലനായ യേശു, മറിയം, ജോസഫ്, മൂന്ന് രാജാക്കന്മാർ, ഇടയന്മാർ എന്നിവരുൾപ്പെടെയുള്ളവരെ യഥാർത്ഥ വലിപ്പത്തിൽ സെറാമിക്, തടി,  ഫൈബർഗ്ലാസ് എന്നിവയിലാണ് നിർമ്മിക്കുന്നത്.പരമ്പരാഗത ചോപ്ക്ക വസ്ത്രങ്ങളാവും ഇവരെ ധരിപ്പിക്കുക.
ഡിസംബർ 10 ന്  വൈകിട്ട് അഞ്ചിന് ക്രിബിൻ്റെ ഉദ്ഘാടനവും ക്രിസ്മസ് ട്രീയിലെ ദീപാലങ്കാരങ്ങളുടെ പ്രകാശനവും ഫ്രാൻസീസ് പാപ്പ നിർവഹിക്കും. വത്തിക്കാൻ സിറ്റി സ്റ്റേറ്റ്  ഗവർണറേറ്റിൻ്റെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഫെർണാണ്ടോ വെർഗസ് അൽസാഗ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

Back to top button
error: