തിരുവനന്തപുരം: കുഞ്ഞിനെ തിരികെ കിട്ടിയതില്‍ എല്ലാവരോടും നന്ദി പറഞ്ഞ് അനുപമ എസ് ചന്ദ്രന്‍. വളരെയധികം സന്തോഷമുണ്ട്. കൂടെ നിന്ന എല്ലാവരോടും നന്ദി പറയുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പറയാമെന്നും സമരവുമായി മുന്നോട്ട് പോവുമെന്നും അനുപമ പറഞ്ഞു. കുഞ്ഞിനെ യഥാർത്ഥ മാതാപിതാക്കളായ അനുപമയ്ക്കും അജിത്തിനും തിരുവനന്തപുരം കുടുംബ കോടതിയില്‍ നിന്ന് കൈമാറുകയായിരുന്നു.
കോടതിയില്‍ നിന്ന് കുഞ്ഞുമായി സമരപ്പന്തലില്‍ എത്തിയ അനുപമ എല്ലാവരോടും നന്ദി അറിയിക്കുകയും പോരാട്ടം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കുകയുമായിരുന്നു. കുട്ടിയെ ഹാജരാക്കാൻ ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ട കോടതി ഡോക്ടറെ വിളിച്ചു വരുത്തി കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കും വിധേയനാക്കിയ ശേഷമാണ് കൈമാറ്റത്തിനുള്ള ഉത്തരവിട്ടത്. ഉച്ചയ്ക്ക് 2.30 ന് ആരംഭിച്ച കോടതി നടപടികള്‍ ഒരുമണിക്കൂറോളമാണ് നീണ്ടുനിന്നത്.