NEWS

ശരണം വിളികൾ ഉയരേണ്ട വൃശ്ചികത്തിലും പെരുമഴയുടെ പെരുമ്പറ

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നതിനു ശേഷം ശബരിമലയിൽ തീർത്ഥാടനം അതിന്റെ ശരിയായ രീതിയിൽ നടന്നിട്ടില്ലെന്നു വേണം അനുമാനിക്കാൻ .രണ്ടു പ്രളയങ്ങൾ, നിപ്പ, ഓഖി, നീണ്ടു നിന്ന കൊറോണക്കാലങ്ങൾ, ഇപ്പോളിതാ ദുരിതപ്പെയ്ത്തുമായി മഴയും

മൂടൽ മഞ്ഞിനാൽ കാഴ്ചകൾ മറയ്ക്കുന്ന വൃശ്ചിക പുലരികളും നാടെങ്ങും ശരണം വിളികള്‍ മുഴങ്ങുന്ന വൃശ്ചിക സന്ധ്യകളും ഇത്തവണ ഓർമ്മകളിൽ മാത്രം.
രണ്ടു ദിവസം മാറിനിന്ന മഴ ഇന്നലെ മുതൽ വീണ്ടും സംസ്ഥാനത്ത് ശക്തിപ്രാപിച്ചിരിക്കയാണ്.
സാധാരണ വൃശ്ചികം പുലരുന്നതോടെ മഞ്ഞാണ് പ്രത്യക്ഷപ്പെടാറ്. ലോകമാകെയുള്ള അയ്യപ്പ ഭക്തന്മാരുടെ വൃതശുദ്ധിയുടെ നാളുകള്‍ ആരംഭിക്കുന്നതും വൃശ്ചിക മാസത്തിലാണ്.

അയ്യപ്പ സ്തുതികളാലും ശരണം വിളികളാലും മുഖരിതമാകേണ്ട നാളുകളാണ് കേരളത്തിൽ ഇപ്പോൾ മഴയിൽ നനഞ്ഞു കുതിർന്ന് നിൽ ക്കുന്നത്. ഇതിനിടയിൽ, ചരിത്രത്തിൽ ആദ്യമായി ഒരു ദിവസം തീർത്ഥാടനത്തിനു തന്നെ വിലക്കേർപ്പെടുത്തേണ്ടിയും വന്നു. അയ്യപ്പൻമാർ മുങ്ങിനിവർന്ന ശേഷം മല കയറുന്ന പമ്പാ ത്രിവേണിയിലെ സ്നാനത്തിനും ദിവസങ്ങളോളം വിലക്കേർപ്പെടുത്തി.

കേരളത്തില്‍ ഋതുക്കള്‍ അതിന്റെ വരവറിയിക്കുന്നതും സാന്നിദ്ധ്യം നിലനിര്‍ത്തുന്നതും പണ്ടൊക്കെ വളരെ കൃത്യമായിട്ടായിരുന്നു. ജൂണിൽ സ്കൂൾ തുറക്കുമ്പോൾ കൃത്യമായി ആദ്യം ഹാജർ വച്ചിരുന്നത് മഴയാണ്. അതുപോലെ ലോകമെങ്ങും പുകൾപ്പെറ്റതായിരുന്നു കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും മറ്റും.

കേരളത്തിന് പ്രധാനമായും രണ്ടു മഴക്കാലങ്ങളാണുള്ളത്. ജൂണില്‍ ആരംഭിക്കുന്ന തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍,അല്ലെങ്കില്‍ കാലവര്‍ഷം. ഇതിന് ഇടവപ്പാതി എന്നും പേരുണ്ട്. മലയാളം കലണ്ടറിലെ ഇടവ മാസത്തിന്റെ പകുതിയോടെയാണ് മഴ കേരളത്തിൽ ആരംഭിക്കുക. അതാണ് ഇടവപ്പാതി എന്ന പേരുകൊണ്ട് അർത്ഥമാക്കുന്നത്. ഇത് സെപ്റ്റംബർ ആദ്യം വരെ നീണ്ടു നിൽക്കും.

പിന്നീട് ഒക്ടോബര്‍ പകുതിയോടെ വടക്കു കിഴക്കന്‍ മണ്‍സൂണിന്റെ കാലമായി- തുലാവര്‍ഷം എന്നിതിനെ വിളിക്കാം. മലയാളം കലണ്ടര്‍ അനുസരിച്ച് തുലാമാസത്തില്‍ ആകും ഈ മഴക്കാലം. ഇടവപ്പാതിയിൽ അറബിക്കടലിൽ നിന്നുള്ള നീരാവി നിറഞ്ഞ കാറ്റാണ് മഴ കൊണ്ടു വരുന്നതെങ്കില്‍ തുലാവര്‍ഷത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് തമിഴ്‌നാട് കടന്നു വരുന്ന കാറ്റാണ് മഴയെത്തിക്കുന്നത്.
ഇന്ന് ഈ കണക്കുകളെല്ലാം തകർത്തെറിഞ്ഞാണ് മഴയുടെ ഗർവ്വ് തുടരുന്നത്.

നീണ്ടുനില്‍ക്കുന്ന വേനല്‍ക്കാലത്തിനും മഴക്കാലത്തിനും ഇടയില്‍ മൂന്നുമാസം നിറഞ്ഞുനില്‍ക്കുന്ന മഞ്ഞുകാലം. അതാണ് വൃശ്ചികം, ധനു, മകര മാസങ്ങൾ… ഇതുതന്നെയാണ് മണ്ഡലകാലവും. അതെ, കാലം അതിന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ചിരിക്കയാണ്, ആരോടൊക്കെയോ ഉള്ള കലിപോലെ.

യുവതികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നതിനു ശേഷം ശബരിമലയിൽ തീർത്ഥാടനം അതിന്റെ ശരിയായ രീതിയിൽ നടന്നിട്ടില്ലെന്നു വേണം അനുമാനിക്കാൻ.
രണ്ടു പ്രളയങ്ങൾ, നിപ്പ, ഓഖി, നീണ്ടു നിന്ന കൊറോണക്കാലങ്ങൾ, ഇപ്പോളിതാ ദുരിതപ്പെയ്ത്തുമായി മഴയും.
ശബരിമലയുടെ അടിവാരങ്ങളും അയ്യപ്പൻമാർ ഏറെ ആശ്രയിക്കുന്നതുമായ പ്ലാപ്പള്ളി, ആങ്ങമൂഴി, സീതത്തോട്, കുരുമ്പൻമൂഴി, കണമല, മുണ്ടക്കയം തുടങ്ങിയ പ്രദേശങ്ങളിൽ പതിവില്ലാതെ ഇത്തവണ അസംഖ്യം ഉരുൾപൊട്ടലുകളുമുണ്ടായി. കാനനവാസാ.. കലിയുഗവരദാ.. കാത്തോളണേ… അയ്യപ്പൻമാരുടെയെല്ലാം ചുണ്ടിൽ ഇന്ന് ഈ ഒരു പ്രാർത്ഥന മാത്രം !

Back to top button
error: