അട്ടപ്പാടിക്ക് അഭിമാനമായി അനു, സൗന്ദര്യമത്സരത്തിൽ താരമായി പ്ലസ്ടുക്കാരി
“ഞങ്ങളുടെ സമുദായത്തിലെ മിക്ക പെൺകുട്ടികളും പ്ലസ് ടു ആകുന്നതോടെ പഠനം മതിയാക്കി വിവാഹം ചെയ്ത് പോകുകയാണ് പതിവ്. ആ സ്റ്റേജ് മറി കടക്കാൻ പലർക്കും സാധിക്കുന്നില്ല. അനുപ്രശോഭിനി മറ്റ് കുട്ടികൾക്ക് ഒരു മാതൃകയാകട്ടെ എന്നാണ് ആഗ്രഹം.”
അട്ടപ്പാടിയിലെ ഗോത്ര വിഭാഗത്തിൽ നിന്നും ആദ്യമായി സൗന്ദര്യ മത്സരവേദിയിൽ തിളങ്ങുകയാണ് അനു പ്രശോദിനി. ‘മിസ് കേരള ഫിറ്റ്നസ് ഫാഷനി’ലെ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു ഈ മിടുക്കി.
ഒപ്പം പ്രിയനന്ദൻ സംവിധാനം ചെയ്യുന്ന ഗോത്രഭാഷയിലുള്ള ‘ധബാരി ക്യൂരിവി’ എന്ന സിനിമയിൽ പ്രധാന വേഷം ചെയ്യുന്നുമുണ്ട്.
പാലക്കാട് മോയിൻസ് സ്ക്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് അനു.
‘പഠനം പൂർത്തിയാക്കി ജോലി നേടണം. പിന്നീട് മോഡലിങ്ങിൽ കൂടുതൽ ശ്രദ്ധിക്കണം. ഒരു ലക്ചറർ ആകണം. ഒപ്പം ഫാഷനും മോഡലിങുമെല്ലാം ഒരുമിച്ച് കൊണ്ട് പോകണം. അട്ടപ്പാടിയിൽ നിന്നാണെന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും അത്ഭുതമാണ്. പിന്നോക്കം നിൽക്കുന്നതുകൊണ്ടാണ് ഇപ്പോഴും എല്ലാവരും ഞങ്ങളെ അത്ഭുതമായി കാണുന്നുന്നത്. ഞങ്ങൾക്കിടയിലും ഒരുപാട് കഴിവുള്ളവർ ഉണ്ട്. അവരെയൊക്കെ മുന്നോട്ട് കൊണ്ടുവരാൻ ആരെങ്കിലുമൊക്കെ ഉണ്ടാകുമ്പോഴാണ് കഴിവുകൾ പുറം ലോകം അറിയുന്നത്.’
അനു ആഗ്രഹങ്ങൾ പറയുന്നു.
ഗോത്രവിഭാഗത്തിലുള്ള നിരവധി പേരുണ്ട്. അവരുടെ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവയെല്ലാം ‘അട്ടപ്പാടിക്കാരി’ എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ പബ്ലിഷ് ചെയ്യാറുണ്ട് അനു. ‘നമ്മുടെ പ്രധാനപ്പെട്ട ആചാര അനുഷ്ഠാനങ്ങളെല്ലാം മൺമറഞ്ഞുകൊണ്ടിരിക്കുകയാണ്. അതെല്ലാം തിരികെ കൊണ്ടുവരണം. കൂടാതെ മികച്ച കഴിവുകളുള്ള നിരവധി പേരുണ്ട്. അവരേയും ഈ ചാനലിലൂടെ പരിചയപ്പെടുത്തുന്നുണ്ട്.’
ഓരോരുത്തരും സ്വന്തം കഴിവനുസരിച്ച് എല്ലാ മേഖലയിലും വരണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് അനുപ്രശോഭിനിയുടെ അച്ഛൻ പഴനിസ്വാമി പറയുന്നത്.
“ഞങ്ങളുടെ സമുദായത്തിലെ മിക്ക പെൺകുട്ടികളും പ്ലസ് ടു ആകുന്നതോടെ പഠനം മതിയാക്കി വിവാഹം ചെയ്ത് പോകുകയാണ് പതിവ്. ആ സ്റ്റേജ് മറി കടക്കാൻ പലർക്കും സാധിക്കുന്നില്ല. അനുപ്രശോഭിനി മറ്റ് കുട്ടികൾക്ക് ഒരു മാതൃകയാകട്ടെ എന്നാണ് ആഗ്രഹം.”
അച്ഛനും അമ്മയുമാണ് എല്ലാ പിന്തുണയും നൽകി കൂടെ ഉള്ളത്. അച്ഛൻ പഴനിസ്വാമി ഫോറസ്റ്റ് ഓഫീസറായി ജോലി ചെയ്യുന്നു. ‘അയ്യപ്പനും കോശിയും’ സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്. അമ്മ ശോഭ. എസ്. ടി പ്രമോട്ടറായി ജോലി ചെയ്യുകയാണ്. അവരാണ് പിന്തുണ. ഇങ്ങനെ ഒരു ആഗ്രഹം പറഞ്ഞപ്പോൾ രണ്ട് പേരും എല്ലാ പിന്തുണയും നൽകി കൂടെ നിന്നു. നാട്ടുകാരും പിന്തുണയുമായി ഒപ്പമുണ്ട്. കിട്ടിയ അവസരം നന്നായി പ്രയോജനപ്പെടുത്തണമെന്നാണ് നാട്ടുകാർക്കും പറയാനുള്ളത്.
അനു പ്രശോഭിനിയെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തുന്നത്. അനു പ്രശോഭിനിയുടെ വരവ് സൗന്ദര്യത്തിന്റെ ചരിത്ര-വര്‍ണ-വംശ-സമുദായ നിര്‍ണയനങ്ങള്‍ അട്ടിമറിക്കുമെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന അഭിപ്രായങ്ങള്‍.