ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും സി പി എം പ്രതിനിധി സംഘത്തിനും വിയറ്റ്നാം അംബാസഡർ സ്വീകരണം നൽകി. സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, രാജ്യസഭ എം.പി ജോൺ ബ്രിട്ടാസ്, കേന്ദ്രകമ്മറ്റി അംഗം അരുൺ കുമാർ എന്നിവർ മുഖ്യമന്ത്രിയോടൊപ്പം സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയിലെ വിയറ്റ്നാം അംബാസഡർ ഫാം സാങ് ചൂ ആണ് സ്വീകരണച്ചടങ്ങ് സംഘടിപ്പിച്ചത്.
കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ ആതിഥ്യം സ്വീകരിച്ച് വിയറ്റ്നാം അംബാസഡറുടെ നേതൃത്വത്തിലുള്ള സംഘം കേരളം സന്ദർശിച്ചിരുന്നു. കേരളത്തിന്റെ വികസന മാതൃകകളെ കുറിച്ചും സാംസ്കാരിക സാമ്പത്തിക കാര്യങ്ങളെ കുറിച്ചും അദ്ദേഹം അന്വേഷിച്ചറിയുകയും ചെയ്തിരുന്നു. സ്വീകരണത്തിന് നന്ദി പറഞ്ഞ മുഖ്യമന്ത്രി ഇടതുപക്ഷ ജനാധിപത്യ സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് സ്വീകരിച്ചിട്ടുള്ള പ്രധാന വികസന സംരംഭങ്ങൾ വിശദീകരിച്ചു.
ക്യൂബൻ അംബാസഡർ അലെഹാൻഡ്റൊ സിമാൻകാസ് മറി, ലാവോസ് അംബാസഡർ ബോണമി ചൗൻ ഗോം, ഫിലിപ്പൈൻസ് അംബാസഡർ രമൺ ബഗത് സിങ് എന്നിവർ സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.