NEWS

ഇന്ത്യ വ്യോമയാന രംഗത്ത് കൊണ്ടുവന്ന ആ വലിയമാറ്റങ്ങൾക്ക് കാരണമായത് ഒരു മഹാദുരന്തം

സഞ്ചാരപഥത്തിൽ മറ്റൊരു വിമാനമുണ്ടോ എന്ന് പൈലറ്റിനെ മുൻകൂട്ടി അറിയിക്കുന്ന എയർക്രാഫ്റ്റ് കൊളിഷൻ അവോയ്‍‍‍ഡൻസ് സിസ്റ്റം നിലവിൽ വന്നത് ഇതേത്തുടർന്നാണ്. മറ്റൊന്ന് ഇംഗ്ലീഷ് ഭാഷ മുഖ്യ ആശയവിനിമയമായി ഉപയോഗിക്കണം എന്നുള്ളതാണ്. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായുള്ള രാജ്യങ്ങൾ പോലും മടിച്ചു നിൽക്കവെ ഹിന്ദി ഔദ്യോഗിക ഭാഷയായുള്ള ഇന്ത്യ വേണ്ടി വന്നു ഇതിന് മുൻകൈ എടുക്കാൻ

ഡൽഹിയിൽ നിന്നു സൗദിയിലേക്കു പുറപ്പെട്ട സൗദി അറേബ്യൻ എയർലൈൻസ് വിമാനവും ഖസാക്കിസ്ഥാനിൽ നിന്നും ഡൽഹിയിലേക്കു വന്ന ഖസാക്കിസ്ഥാൻ എയർലൈൻസ് വിമാനവും 1996 നവംബർ 12ന് ഹരിയാനയ്ക്കു മുകളിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പൊലിഞ്ഞത് 349 ജീവനുകളാണ്.
ഡൽഹി വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിൽ നിന്ന് ഇംഗ്ലിഷിൽ നൽകിയ നിർദേശം ഖസാക്കിസ്ഥാൻ വിമാനത്തിലെ പൈലറ്റിനു മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നതാണ് അപകട കാരണങ്ങളിലൊന്ന്.
രാജ്യാന്തര വിമാനങ്ങൾ പറത്തുന്ന പൈലറ്റുമാർക്ക് ഇംഗ്ലിഷ് അറിയണമെന്ന് അപകടത്തിനു പിന്നാലെ രാജ്യാന്തര വ്യോമയാന സംഘടനയോട് (ഐസിഎഒ) ഇന്ത്യ ശുപാർശ ചെയ്തു.
ഇംഗ്ലിഷ് സംസാരിക്കാത്ത രാജ്യങ്ങളുടെ എതിർപ്പ് മറികടന്ന് 10 വർഷത്തിനു ശേഷം ഇന്ത്യ ഇതു നടപ്പിലാക്കുകയും ചെയ്തു.

രാജ്യത്തെ ഞെട്ടിച്ച ആ ദുരന്തത്തിന്റെ 25-ആമത് വാർഷികമായിരുന്നു ഇന്നലെ. 1996 നവംബർ 12നാണ് ഹരിയാനയിലെ ചർഖി ദാദ്രി ഗ്രാമത്തിനു മുകളിൽ സൗദി എയർലൈൻസിന്റെ ബോയിങ് 747-100 ബി വിമാനവും ഖസാക്കിസ്ഥാന്റെ ഇല്യൂഷിന്‍ ഐഎല്‍-76 വിമാനവും തമ്മിൽ കൂട്ടിയിടിച്ചത്. 15 മലയാളികൾ ഉൾപ്പെടെ മൊത്തം 349 പേരാണ് ഈ ദുരന്തത്തിൽ മരിച്ചത്. ഈ അപകടം ഇന്ത്യൻ അതിർത്തിക്കുള്ളിൽ വിമാനങ്ങൾ പറത്തുന്നതിന് ചില സുപ്രധാന മാറ്റങ്ങൾക്കും വഴിയൊരുക്കി. മുപ്പതോ അതിലധികമോ യാത്രക്കാരുമായി പറക്കുന്ന വിമാനങ്ങളിൽ പരസ്പരം കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം (എസിഎഎസ് – എയർക്രാഫ്റ്റ് കൊളിഷൻ അവോയ്‍‍‍ഡൻസ് സിസ്റ്റം) സജ്ജമാക്കണമെന്ന നിയമം ഇതേത്തുടർന്നാണ് നിലവിൽ വന്നത്. സഞ്ചാരപഥത്തിൽ മറ്റൊരു വിമാനമുണ്ടോ എന്ന് പൈലറ്റിനെ മുൻകൂട്ടി അറിയിക്കുന്ന സംവിധാനമാണിത്. നിലവിൽ എസിഎഎസ് 2 എന്ന പരിഷ്കരിച്ച പതിപ്പാണ് ഇന്ന് വിമാനങ്ങളിലുള്ളത്. മറ്റൊന്നായിരുന്നു ഇംഗ്ലീഷ് ഭാഷ മുഖ്യ ആശയവിനിമയമായി ഉപയോഗിക്കണം എന്നുള്ളത്. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായുള്ള രാജ്യങ്ങൾ പോലും മടിച്ചു നിൽക്കവെ ഹിന്ദി ഔദ്യോഗിക ഭാഷയായുള്ള ഇന്ത്യ വേണ്ടി വന്നു ഇതിന് മുൻകൈ എടുക്കാൻ.
എല്ലാത്തിനും കാരണം ആ ഒരു അപകടമായിരുന്നു.1996 നവംബർ 12ന് ഹരിയാനയുടെ മുകളിൽ കത്തിത്തീർന്ന 349 ജീവനുകളുടെ ബാക്കിപത്രം!

Back to top button
error: