തിരുവനന്തപുരം: ആതുര ശുശ്രൂഷാരംഗത്തെ നഴ്സുമാരുടെ മികവിനെ ഏഷ്യാനെറ്റ് ന്യൂസ് ആദരിക്കുന്നു. 2021 ലെ നഴ്സിംഗ് എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. ആറ് വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ നൽകുന്നത്.
നഴ്സിങ് രംഗത്തെ ഭാവി വാഗ്ദാനങ്ങൾക്കുള്ള റൈസിങ് സ്റ്റാർ പുരസ്കാരം നേടിയത് ഹാഷിം എം ആണ്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. തിരുവനന്തപുരം സ്വദേശിയായ ഹാഷിം കൊവിഡ് പ്രതിരോധത്തില്‍ സജീവമായിരുന്നു. അക്കാദമിക് റെക്കോർഡ്, നേതൃപാടവം, ഗവേഷണ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് പുരസ്‍കാരം.
മികച്ച അധ്യാപകനുള്ള പുരസ്കാരം സ്വന്തമാക്കിയത് രാജി രഘുനാഥാണ്. 50,000 രൂപയും പ്രശ്സ്തി പത്രവുമാണ് സമ്മാനം. തൃശ്ശൂര്‍ അമല നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പാളാണ് രാജി രഘുനാഥ്.
അദ്ദേഹത്തിന് 31 വർഷത്തെ അനുഭവ സമ്പത്തുണ്ട്. അക്കാദമിക് മികവ്, അനുഭവ സമ്പത്ത്, പങ്കെടുത്തിട്ടുള്ള സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ, ആരോഗ്യ മേഖലയിൽ നടത്തിയ രചനകൾ, പ്രസിദ്ധീകരണങ്ങൾ, മറ്റ് പുരസ്കാരങ്ങൾ, മറ്റ് മേഖലകളിലെ പ്രാതിനിധ്യം എന്നിവ കണക്കിലെടുത്താണ് പുരസ്‍കാരം.
ക്ലിനിക്കൽ എക്സലൻസ് പുരസ്കാരത്തിന് അര്‍ഹയായത് ലിൻസി പി ജെയാണ്. ഇരിങ്ങാലക്കുട ഗവണ്‍മെന്‍റ് ആശുപത്രിയിലെ സീനിയർ നഴ്സിങ് ഓഫീസറാണ് ലിന്‍സി. ജനറൽ നഴ്സിങ് ആന്‍ഡ് മിഡവൈഫ് കോഴ്സ് ഒന്നാം റാങ്കോടെ പാസായി. കേന്ദ്ര സർക്കാരിന്‍റെ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ്, സംസ്ഥാന സർക്കാരിന്റെ മികച്ച നഴ്സിനുള്ള പുരസ്കാരം എന്നിവ നേടിയ ലിൻസി പി ജെ കേരളത്തിലെ ആദ്യ കൊവിഡ് രോഗിയെ ചികിത്സിച്ച സംഘത്തിലുണ്ടായിരുന്നു.
പൊതുജന സേവനത്തിനുള്ള പുരസ്കാരത്തിന് അർഹയായത് അമ്പിളി തങ്കപ്പനാണ്. മുള്ളൂർക്കര എസ്എച്ച്സിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സാണ് അമ്പിളി. കിടപ്പുരോഗികൾക്കും ഡെങ്കിപ്പനി പ്രതിരോധത്തിനുമൊക്കെയായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന വ്യക്തിയാണ് അമ്പിളി തങ്കപ്പൻ. അനുഭവ സമ്പത്ത്, പൊതുജന സേവന മേഖലയിലെ പ്രവർത്തനങ്ങളിലെ മികവ് എന്നിവ പരിഗണിച്ചാണ് പുരസ്‍കാരം.
മികച്ച നഴ്സിങ്ങ് സുപ്രണ്ടിനുള്ള പുരസ്കാരത്തിന് അര്‍ഹയായത് സുദർശ കെയാണ്. 50,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. അനുഭവ സമ്പത്ത്, ഹെഡ് നഴ്സായുള്ള എക്സ്പീരിയൻസ്, സൂപ്രണ്ടായുള്ള അനുഭവ പരിചയം, മറ്റ് പുരസ്കാരങ്ങൾ, സർട്ടിഫിക്കറ്റുകൾ എന്നിവ പരിഗണിച്ചാണ് പുരസ്‍കാരം.
സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയത് ഗീത പിയാണ്. കോഴിക്കോട്ടെ കാത്ത് ലാബിന് സജ്ജമാക്കുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ചു. ഫ്ളോറൻസ് നൈറ്റിംഗേൽ അവാർഡ്, കേരള സ്റ്റേറ്റ് ബെസ്റ്റ് നഴ്സിങ് അവാർഡ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്. സ്പെഷ്യല്‍ ജൂറി അവാര്‍ഡ് നേടിയത് അന്നമ്മ സിയും ഷൈജ പിയുമാണ്.
ഡോ. രാജീവ് സദാനന്ദൻ, ഡോ. റോയ് കെ ജോർജ്ജ്, ഡോ. സെൽവ ടൈറ്റസ് ചാക്കോ, ഡോ. ലത, എം ജി ശോഭന, ഡോ. സലീന ഷാ, ഡോ. സോന പി.എസ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‍കാര ജേതാക്കളെ തെരഞ്ഞെടുത്തത്.