NEWS

‘കൊച്ചിയിൽ അരങ്ങേറിയത് കോൺഗ്രസ്‌ സംസ്കാരത്തിൻ്റെ ജീർണ മുഖം’

  “പ്രതിഷേധിക്കാനുള്ള അവകാശം കോൺഗ്രസിനുള്ളത് പോലെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജോജുവിനും ഉണ്ടെന്നുള്ളതാണ് യഥാർത്ഥ ജനാധിപത്യത്തിന്റെ ഉൾക്കാമ്പ്…” മന്ത്രി വി.ശിവൻകുട്ടി

കോൺഗ്രസിൻ്റെ ജനകീയ സമരങ്ങൾ പലപ്പോഴും ജനവിരുദ്ധ സമരങ്ങളായി പരിണമിക്കുകയാണ് പതിവ്. ഒന്നുകിൽ സംഘടകർ തമ്മിൽ തെരുവിൽ തല്ലും. അല്ലെങ്കിൽ പൊതുജനത്തിനു മേൽ കുതിരകയറും.
പെട്രോൾ വില വർദ്ധനവിനെതിരെ കൊച്ചിയിൽ സംഘടിപ്പിച്ച സമരവും പൊതുജനങ്ങൾക്കു നേരെയുള്ള ഗുണ്ടാ ആക്രമണമായി മാറി. സമരത്തിനുമുന്നിൽ വന്നു പെട്ട നടൻ ജോജു ജോർജിനെ ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്തു സമരക്കാർ. ജോജു മദ്യപിച്ചു എന്നും വനിതകളെ ആക്രമിച്ചു എന്നും മറ്റുമുള്ള നട്ടാൽ കിളിർക്കാത്ത നുണകളുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ അടക്കമുള്ളവർ രംഗത്തെത്തി. പക്ഷേ അതൊന്നും വിലപ്പൊയില്ല.
കോൺഗ്രസിൻ്റെ അക്രമസമരത്തെ കേരളത്തിലെ പൊതു സമൂഹം തള്ളിക്കളഞ്ഞിരിക്കുകയാണ്.
ജോജു ജോർജിനെതിരെ കോൺഗ്രസ് കൈക്കൊണ്ട നിലപാട് ഒരു സ്വതന്ത്ര രാഷ്ട്രീയ കക്ഷിക്ക് ചേർന്നതല്ലെന്ന്
സംസ്ഥാന തൊഴിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫെയ്സ് ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു.

ജോജുവിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അതിനെ മാനിക്കാൻ തയ്യാറാകാതെ കായികമായി നേരിടാനാണ് കോൺഗ്രസ്‌ ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല ജോജുവിന്റെ കാറും കേടുവരുത്തി. ജോജു മദ്യപിച്ചിട്ടുണ്ട് എന്നടക്കമുള്ള നുണകൾ ഉന്നയിക്കാനും കോൺഗ്രസ്‌ തയ്യാറായി. ‘ഗുണ്ട’എന്നാണ് കെ. പി. സി. സി അധ്യക്ഷൻ ജോജുവിനെ വിശേഷിപ്പിച്ചതെന്നും മന്ത്രി വി.ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

മന്ത്രി വി.ശിവൻകുട്ടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം:

“ജനാധിപത്യത്തിൽ പ്രക്ഷോഭങ്ങൾക്ക് മുഖ്യമായ സ്ഥാനം ഉണ്ട്‌. വലിയ പ്രക്ഷോഭങ്ങളിലൂടെയാണ് അടിസ്ഥാന വർഗം അവകാശങ്ങൾ നേടിയെടുത്തത്.

കോൺഗ്രസിന്റെ പ്രതിഷേധിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ അതിനെ ജനാധിപത്യപരമായി ചോദ്യം ചെയ്ത സിനിമാതാരം ജോജു ജോർജിനെതിരെ അവർ കൈക്കൊണ്ട നിലപാട് ഒരു സ്വതന്ത്ര രാഷ്ട്രീയ കക്ഷിക്ക് ചേർന്നതല്ല.

ജോജുവിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതിനെ മാനിക്കാൻ കോൺഗ്രസ്‌ തയ്യാറായില്ല എന്ന് മാത്രമല്ല കായികമായി നേരിടാനാണ് അവർ ശ്രമിച്ചത്. ജോജുവിന്റെ കാറും കേടുവരുത്തി. ജോജു മദ്യപിച്ചിട്ടുണ്ട് എന്നടക്കമുള്ള നുണകൾ ഉന്നയിക്കാനും കോൺഗ്രസ്‌ തയ്യാറായി. ‘ഗുണ്ട’എന്നാണ് കെ. പി. സി. സി അധ്യക്ഷൻ ജോജുവിനെ വിശേഷിപ്പിച്ചത്.

കോൺഗ്രസ്‌ എത്ര മോശം സംസ്കാരമാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് ഇന്ന് കൊച്ചിയിൽ നടന്ന സംഭവങ്ങൾ. പ്രതിഷേധിക്കാനുള്ള അവകാശം കോൺഗ്രസിനുള്ളത് പോലെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജോജുവിനും ഉണ്ടെന്നുള്ളതാണ് യഥാർത്ഥ ജനാധിപത്യത്തിന്റെ ഉൾക്കാമ്പ്…”

Back to top button
error: