നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമബംഗാളിൽ ലഹരി മരുന്ന് കൈവശം വച്ചതിന് ബിജെപി യുവ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 100 ഗ്രാം കൊക്കയിൻ ആണ് ബംഗാൾ യുവമോർച്ച ജനറൽ സെക്രട്ടറി പമേല ഗോസ്വാമി കൈവശം വെച്ചിരുന്നത്. ഇവരുടെ കയ്യിൽ നിന്ന് പണവും പിടിച്ചെടുത്തിട്ടുണ്ട്.
ഇവർ സഞ്ചരിച്ച കാറിന്റെ സീറ്റിനടിയിൽ നിന്നാണ് പണവും ലഹരിമരുന്നും കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന സുഹൃത്ത് പ്രബിർകുമാർ ദേയെയും അറസ്റ്റ് ചെയ്തു.
എൻ ആർ അവന്യൂവിലെ കഫെയിലേയ്ക്ക് പോകുക ആയിരുന്നു ഇരുവരും. പോലീസ് കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ ആണ് 100ഗ്രാം കൊക്കയിൻ പിടിച്ചെടുത്തത്. എന്നാൽ കൊക്കയിൻ കേസിൽ തന്നെ കുടുക്കി എന്നാണ് ഇവരുടെ പ്രതികരണം.
നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ എന്നാണ് ബിജെപി പ്രതികരിച്ചത്. കൊക്കയിൽ പോലീസ് തന്നെ കാറിൽ ഇട്ടതാണോ എന്ന് സംശയം ഉണ്ടെന്ന് ബിജെപി നേതാവ് സമിക് ഭട്ടാചാര്യ പറഞ്ഞു.
എന്നാൽ നിരവധി ദിവസത്തെ നിരീക്ഷണത്തിനൊടുവിൽ ആണ് അറസ്റ്റെന്ന് പോലീസ് പ്രതികരിച്ചു. ഗോസ്വാമിയും പ്രബീറും സ്ഥിരമായി ഒരു കഫേയിൽ സന്ദർശനം നടത്താറുണ്ടെന്നും ബൈക്കിൽ എത്തുന്ന യുവാവുമായി മയക്കുമരുന്ന് ഇടപാട് നടത്താറുണ്ടെന്നും പോലീസ് പറയുന്നു.
എയർഹോസ്റ്റസ് ആയും മോഡലായും ടിവി സീരിയൽ നടി ആയും തിളങ്ങിയ പമേല 2019 ലാണ് ബിജെപിയിൽ ചേരുന്നത്. പിന്നാലെ യുവമോർച്ച ജനറൽ സെക്രട്ടറിയായി അവരോധിക്കപ്പെട്ടു.