Lead NewsNEWS

പാലിയേക്കര ടോള്‍പ്ലാസയില്‍ വീണ്ടും കൊളള

ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് നിലവില്‍ വന്ന സാഹചര്യത്തിലും പാലിയേക്കര ടോള്‍പ്ലാസയില്‍ അധികൃതരുടെ കൊളള വര്‍ധിക്കുന്നു. ഇത്തവണ കാര്‍ യാത്രക്കാരിയില്‍ നിന്നു ബലമായി 150 രൂപയും ഫാസ്ടാഗ് കാര്‍ഡില്‍ നിന്ന് 75 രൂപയും പിരിച്ചെടുക്കുകയായിരുന്നു. കണ്ണൂരില്‍ നിന്ന് കോട്ടയത്തേക്കു യാത്ര ചെയ്ത യുവതിക്കാണു ദുരനുഭവം ഉണ്ടായത്. ഫാസ്ടാഗ് എടുത്തവര്‍ ഒരിടത്തേക്ക് 75 രൂപ മാത്രം നല്‍കിയാല്‍ മതിയെന്നിരിക്കെയാണ് ഇത്തരത്തില്‍ വാങ്ങിയ 225 രൂപ ഈടാക്കിയത്. സംഭവത്തില്‍ യാത്രക്കാരി പരാതി നല്‍കി.

വൈകിട്ട് 5.15നു ടോള്‍ പ്ലാസയിലെത്തിയ യുവതി തിരക്കില്ലാഞ്ഞതിനാല്‍ ഒരു വശത്തെ ട്രാക്കിലൂടെയാണ് കയറിയത്. എന്നാല്‍ ഫാസ്ടാഗ് ഉണ്ടെന്നു പറഞ്ഞിട്ടും പിഴയടക്കം 150 രൂപ അടപ്പിച്ചു. ഇതിനു രസീതും നല്‍കി. ടോള്‍ പ്ലാസ കടന്നു കാര്‍ നീങ്ങിയപ്പോള്‍ ഫാസ്ടാഗില്‍ നിന്ന് 75 രൂപ പിന്‍വലിച്ചതായുള്ള സന്ദേശവും മൊബൈലില്‍ ലഭിക്കുകയായിരുന്നു.

Signature-ad

അതേസമയം, കഴിഞ്ഞ ദിവസം സമാന സംഭവം അരങ്ങേറിയിരുന്നു. ഫാസ്ടാഗില്‍ 2900 രൂപ ബാക്കിയുണ്ടായിരുന്ന തൃശൂര്‍ സ്വദേശിയോട് 150 രൂപ പിഴ സഹിതം അടയ്ക്കാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനു വഴങ്ങാതെ വന്നപ്പോള്‍ ലൈസന്‍സ് ബലമായി പിടിച്ചെടുത്തു. തുടര്‍ന്ന് പോലീസ് എത്തിയാണ് സംഭവം ഒത്തുതീര്‍പ്പാക്കിയത്.

ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇരട്ടി തുകയാണ് ഇനി ടോള്‍ നല്‍കേണ്ടത്. കഴിഞ്ഞ ഡിസംബര്‍ ഒന്നു മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രം അറിയിച്ചെങ്കിലും പിന്നീട് ജനുവരി ഒന്നു മുതല്‍ എന്നാക്കുകയായിരുന്നു പിന്നീടത് ഫെബ്രുവരി 15ലേക്ക് നീട്ടി. മൂന്നു തവണയായി നീട്ടിനല്‍കി ഇളവാണ് അതോടെ അവസാനിച്ചത്. ടോള്‍പ്ലാസയില്‍ ജീവനക്കാരന് പണം നല്‍കാതെ ഓട്ടോമാറ്റിക്കായി അക്കൗണ്ടില്‍നിന്ന് പണം നല്‍കുന്ന സംവിധാനമാണ് ഫാസ്ടാഗ്. റേഡിയോ ഫ്രീക്വന്‍സി ഐഡന്റി ഫിക്കേഷന്‍ സാങ്കേതികവിദ്യയാണ് ഫാസ്ടാഗില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീന്‍ ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ടാഗ് മുന്‍കൂട്ടി പതിപ്പിക്കണം.

ആര്‍എഫ്‌ഐഡി റീഡര്‍ വഴി വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന ഫാസ്ടാഗിനെ നിര്‍ണയിച്ച് അക്കൗണ്ടിലൂടെ ഡിജിറ്റല്‍ പണമിടപാട് നടത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിനായി ഫാസ്ടാഗ് അക്കൗണ്ടില്‍ മുന്‍കൂട്ടി പണം നിക്ഷേപിക്കണം. സമയ ലാഭം,ഇന്ധന ലാഭം , കടലാസ് രഹിത പേയ്‌മെന്റ് എന്നിവ ഇത് വഴി ലഭ്യമാകുന്നു. രാജ്യത്തെ ഏത് ടോള്‍പ്ലാസകളിലും ടോള്‍ പിരിവിന് ഉപയോഗിക്കാവുന്ന ഏകീകൃത സംവിധാനമാണ് ഫാസ്ടാഗിലൂടെ ദേശീയപാത അതോറിറ്റി നടപ്പിലാക്കുന്നത്.

ടോള്‍ നല്‍കുന്നതിനായി വാഹനങ്ങളുടെ കാത്തുനില്‍പ്പ് ഒഴിവാക്കാമെന്നുള്ളതാണ് ഇവയുടെ പ്രധാന നേട്ടം. അതായത് ഇപ്പോള്‍ ഒരു വാഹനത്തിന് ടോള്‍ബൂത്ത് മറികടക്കാന്‍ 15 സെക്കന്‍ഡാണ് ദേശീയപാത അതോറിറ്റി നിര്‍ദേശിക്കുന്ന സമയം. പലപ്പോഴും ഇത് ദീര്‍ഘിക്കാറുമുണ്ട്. ഫാസ്ടാഗില്‍ ഇത് മൂന്ന് സെക്കന്‍ഡ് സമയമായി ചുരുങ്ങുന്നു.

രാജ്യത്തെ എല്ലാ ടോള്‍പ്ലാസകളിലും ഉപയോഗിക്കാവുന്ന വാഹനങ്ങളില്‍ പതിപ്പിക്കുന്ന ഫാസ് ടാഗ് ടോള്‍പ്ലാസകളില്‍നിന്നും മുന്‍നിര ബാങ്കുകളില്‍നിന്നും ചെറിയ തുക നല്‍കി വാങ്ങാന്‍ സാധിക്കും. ഇതിന്റെ ഭാഗമായി അഞ്ചുവര്‍ഷം കാലാവധിയുള്ള ഫാസ്റ്റ്ടാഗ് അക്കൗണ്ട് ലഭിക്കും.100 രൂപ മുതല്‍ ഒരു ലക്ഷം വരെ ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാം. ഓണ്‍ലൈന്‍ ബാങ്കിങ് വഴിയും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും അക്കൗണ്ടിലേക്ക് പണമടയ്ക്കാം. കാര്‍ഡ് ആക്ടിവേഷന്‍ ചാര്‍ജ് 100 രൂപ ആദ്യ മിനിമം ഗഡു, 200 രൂപ റീഫണ്ടബിള്‍ ഡെപ്പോസിറ്റ് എന്നിങ്ങനെ 500 രൂപ ആദ്യമടയ്ക്കണം. പിന്നീട് യാത്രയ്ക്കനുസരിച്ച് തുകയടയ്ക്കാം. നിലവിലോടുന്ന വാഹനങ്ങളില്‍ 80 ശതമാനത്തോളം ഫാസ്ടാഗിലേക്കു മാറിക്കഴിഞ്ഞതായാണ് ഡിസംബര്‍ 31 വരെയുള്ള കണക്ക്.

Back to top button
error: