NEWS

എ.എ റഹീം ബ്രോക്കര്‍ പണി നിര്‍ത്തി ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം തെരുവില്‍ ഇറങ്ങണം: ഷാഫി പറമ്പില്‍

തിരുവനന്തപുരം: അര്‍ഹതപ്പെട്ട ജോലി ചോദിച്ച് ഉദ്യോഗാര്‍ത്ഥികള്‍ മുട്ടിലിഴഞ്ഞ് സമരം നടത്തുമ്പോള്‍ അവരുടെ പുറത്തുകയറി ആന കളിക്കുന്നത് ഡിവൈഎഫ്‌ഐ അവസാനിപ്പിക്കണമെന്നും എ.എ റഹീം മധ്യസ്ഥ വേഷം അഴിച്ചുവെച്ചും ബ്രോക്കര്‍ പണി അവസാനിപ്പിച്ചും ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം തെരുവില്‍ ഇറങ്ങി സമരം നടത്തുകയാണ് വേണ്ടതെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. ഇനിയെങ്കിലും നേതൃത്വത്തെ തിരുത്താന്‍ തയാറാകണമെന്നാണ് സാധാരണക്കാരായ ആത്മാര്‍ത്ഥതയുള്ള
ഡിവൈഎഫ്ഐ
പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കാനുള്ളത്.

സംഘടനാ ബോധം പണയം വെച്ച് അടിമകളെ പോലെ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും കാല്‍ക്കല്‍ സര്‍ക്കാര്‍ ഉത്തരവിന്റെ എല്ലിന്‍ കഷ്ണങ്ങള്‍ ന്യായീകരണത്തിന് വേണ്ടി എടുത്തോടാന്‍ നില്‍ക്കുന്ന അവസ്ഥയിലേക്ക് ഡിവൈഎഫ്‌ഐ പ്രസ്ഥാനം അധഃപതിച്ചു പോകാന്‍ പാടില്ലായിരുന്നുവെന്നും നിരാഹാര സമരപ്പന്തലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് മുഖം മറച്ച് പെട്രോള്‍ ബോംബുമായി വന്ന് പൊലീസിന് നേരെയെറിഞ്ഞ് സമരം നടത്തിയ ആളുകള്‍ യൂത്ത് കോണ്‍ഗ്രസിനെയും കെഎസ്‌യുവിനെയും സമരത്തിന്റെ കാര്യത്തില്‍ ഉപദേശിക്കാന്‍ വരേണ്ട. ആ ഉപദേശം കേള്‍ക്കേണ്ട ഗതികേട് തങ്ങള്‍ക്കില്ല.

പിണറായി വിജയന്റെ ഫാന്‍സ് അസോസിയേഷനും സര്‍ക്കാരിന്റെ അടിമകളും മാത്രമായി ഡിവൈഎഫ്‌ഐ നേതാക്കള്‍ മാറി. സമരം തീര്‍ക്കാന്‍ സര്‍ക്കാരിനോ ഡിവൈഎഫ്‌ഐക്കോ ആഗ്രഹമുണ്ടെങ്കില്‍ അടുത്ത പതിനഞ്ച് മിനിട്ടുകൊണ്ട് ആകാവുന്നതേയുള്ളൂ. റാങ്ക് ഹോള്‍ഡേഴ്‌സിന് നല്‍കാവുന്ന ഉറപ്പുകള്‍ നല്‍കിവേണം അത് അവസാനിപ്പിക്കേണ്ടതെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

Back to top button
error: