Lead NewsNEWS

വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യത്തിലേക്ക്; ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 140 പുതിയ തസ്തികള്‍ സൃഷ്ടിച്ചു

തിരുവനന്തപുരം: വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 140 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ 115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകളും ഉള്‍പ്പെടെയാണ് 140 തസ്തികകള്‍ സൃഷ്ടിച്ചത്.

മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയാക്കി പ്രവര്‍ത്തിക്കുന്നതിന് കഴിഞ്ഞ മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു. ജില്ലാ ആശുപത്രിക്ക് സമീപം നിര്‍മ്മിച്ച മൂന്ന് നില കെട്ടിടം അധ്യായന ആവശ്യങ്ങള്‍ക്ക് അനുയോജ്യമാക്കിക്കൊണ്ടാണ് വയനാട് മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നത്. ആദ്യ വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തസ്തികകള്‍ സൃഷ്ടിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Signature-ad

1 പ്രിന്‍സിപ്പാള്‍, 6 പ്രൊഫസര്‍, 21 അസോ. പ്രൊഫസര്‍, 28 അസി. പ്രൊഫസര്‍, 27 സീനിയര്‍ റസിഡന്റ്, 32 ട്യൂട്ടര്‍/ ജൂനിയര്‍ റെസിഡന്റ് എന്നിങ്ങനെയാണ് 115 അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചത്. സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അക്കൗണ്ട്‌സ് ഓഫീസര്‍, ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, സി.എ., സര്‍ജന്റ്, സ്വീപ്പര്‍ തുടങ്ങിയവയുള്‍പ്പെടെയാണ് 25 അനധ്യാപക തസ്തികകള്‍ സൃഷ്ടിച്ചത്.

വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തുന്നതിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചിരുന്നു. വയനാട് ജില്ലയില്‍ പുതിയ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിന് കിഫ്ബി വഴി 300 കോടി രൂപ അനുവദിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. വയനാട് ഉള്‍പ്പെടെയുള്ള പുതിയ മെഡിക്കല്‍ കോളേജുകളില്‍ കൂടുതല്‍ സ്‌പെഷ്യാലിറ്റി സര്‍വീസുകളും ആവശ്യമായ ആരോഗ്യ ജീവനക്കാരെ നിയോഗിക്കുന്നതാണെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.

Back to top button
error: