Lead NewsNEWSVIDEO

ദേവസ്വം ബോർഡ് പുതിയ സത്യവാങ്മൂലം നൽകാൻ സാധ്യത

ബരിമലവിഷയത്തില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെടാനൊരുങ്ങി സര്‍ക്കാര്‍. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചര്‍ച്ചയാക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇങ്ങനെ ഒരു നീക്കത്തിന് ഒരുങ്ങുന്നത്. മാത്രമല്ല ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും ദേവസ്വം ബോര്‍ഡിന് ഇത് നല്‍കുന്നതില്‍ തടസ്സങ്ങളൊന്നും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ വ്യക്തമായ നിയമോപദേശം തേടി തീരുമാനം എടുക്കാനാണൊരുങ്ങുന്നത്. വിശ്വാസികള്‍ക്ക് അനുകൂലമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡെന്ന് പ്രസിഡന്റ് എന്‍ വാസുവും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, എംഎ ബേബിയുടെ നിലപാട് പ്രഖ്യാപനം വിവാദത്തിലായി. സൂപ്രീംകോടതി ആവശ്യപ്പെട്ടാല്‍ ചര്‍ച്ചകളിലൂടെ സര്‍ക്കാര്‍ തീരുമാനം എടുക്കുമെന്നാണ് ബേബി ഇപ്പോഴും പറയുന്നത്. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം വരുന്ന സമയത്ത് ആവശ്യമെങ്കില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറെന്ന് നേരത്തെ ബേബി വ്യക്തമാക്കിയിരുന്നു. ഈ പ്രത്യക്ഷ സമീപനം പിന്നീട് ബേബി തിരുത്തിയെങ്കിലും സര്‍ക്കാര്‍ എല്ലാവരോടും കൂടിയാലോചിക്കുമെന്ന് വ്യക്തമാക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് നിര്‍ണ്ണായക നീക്കത്തിന് ശ്രമിക്കുന്നത്.

2006-ലാണ് ‘ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍’ എന്ന സംഘടന, സെക്രട്ടറി ഭക്തി പസ്രീജ സേത്തി മുഖേന സുപ്രീംകോടതിയെ സമീപിച്ചത്. ആര്‍ത്തവകാലത്ത് യുവതികള്‍ക്ക് ക്ഷേത്രപ്രവേശനം വിലക്കാന്‍ നിയമപിന്‍ബലം നല്‍കുന്ന കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനചട്ടത്തിലെ മൂന്നാം (ബി) വകുപ്പ് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ മുഖ്യ ആവശ്യം.
2007-ല്‍ വി എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ യുവതീപ്രവേശനത്തിന് അനുകൂലനിലപാടുമായി സത്യവാങ്മൂലം നല്‍കിയതാണ് ശബരിമല കേസിലെ ആദ്യ വഴിത്തിരിവ്.

പിന്നീട് 2016ല്‍ സുപ്രീംകോടതിയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വി എസ്. സര്‍ക്കാരിന്റെ നിലപാടില്‍നിന്ന് പിന്‍വാങ്ങി. ശബരിമലയില്‍ യുവതീപ്രവേശം ആവശ്യമില്ലെന്നും തല്‍സ്ഥിതി തുടരണമെന്നുമാവശ്യപ്പെട്ട് സത്യവാങ്മൂലം നല്‍കി. പിന്നീട് കേസ് ഭരണഘടന ബെഞ്ചിന് വിടണമെന്ന് ദേവസ്വം ബോര്‍ഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്റെ വാദിച്ചു. കേസ് ഭരണഘടനാ ബെഞ്ചിലെത്തിയപ്പോള്‍ കേരളത്തില്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തി. യുവതീപ്രവേശത്തെ അനുകൂലിക്കുന്നുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, ദേവസ്വംബോര്‍ഡിന് മാറ്റമുണ്ടായില്ല. പഴയ നിലപാടില്‍ തുടര്‍ന്നു.

അങ്ങനെ ശക്തമായ വാദങ്ങളേയും എതിര്‍വാദങ്ങളെയും തുടര്‍ന്ന് 2018 സെപ്റ്റംബര്‍ 28-ന് യുവതീപ്രവേശത്തെ അനുകൂലിച്ച് വിധിയെഴുതി. ഈ വിധിയാണ് സുപ്രീംകോടതിയുടെ വിശാല ബഞ്ചിന്റെ പരിഗണനയിലുള്ളത്.

Back to top button
error: