മൂന്നിലൊന്ന് ആരോഗ്യ പ്രവർത്തകർ കൊവിഡ് വാക്സിൻ എടുക്കാത്ത സംസ്ഥാനങ്ങളിൽ പ്രത്യേകം പരിശോധന നടത്താൻ കേന്ദ്രസർക്കാർ. അസം, ചണ്ഡിഗഢ്, ദാദ്ര നഗർ ഹവേലി, ഡൽഹി, മണിപ്പൂർ, മേഘാലയ, നാഗാലാൻഡ്, ജമ്മു ആൻഡ് കശ്മീർ,ലഡാഖ്,തമിഴ്നാട് പുതുച്ചേരി, എന്നിവിടങ്ങളിലാണ് 30 ശതമാനത്തിൽ താഴെ മാത്രം ആരോഗ്യപ്രവർത്തകർക്ക് കോവിഡ് വാക്സിൻ എടുത്തിട്ടുള്ളത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ഫെബ്രുവരി അഞ്ചിന് പുറത്തിറക്കിയ ഒരു ഉത്തരവിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. ഈ സംസ്ഥാനങ്ങളിൽ കേന്ദ്ര സംഘം നേരിട്ട് പരിശോധന നടത്തും എന്നാണ് സൂചന. കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിന്റെ നടത്തിപ്പിൽ എന്തെങ്കിലും അപാകത ഉണ്ടോ എന്നും സംഘം പരിശോധിക്കും.
വാക്സിനേഷൻ പദ്ധതിയുടെ മുന്നോട്ടുള്ള പോക്കിനെ സംബന്ധിച്ച് പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് എന്നിവരുമായി സംഘം ചർച്ച നടത്തും.
നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ വന്ദന ഗുർനാണി ആണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. 50 ലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകർ അടക്കമുള്ള മുൻനിര പോരാളികൾ കോവിഡ് വാക്സിൻ എടുത്തു എന്ന് ഉത്തരവിൽ പറയുന്നു.
സംസ്ഥാനങ്ങളിലെ വാക്സിനേഷൻ പ്രോഗ്രാമിന് കൂടുതൽ ഊർജം നൽകാനുള്ള പ്രവർത്തനങ്ങളാണ് സംഘം നടത്തുക. 8 മേഖലകൾ ശ്രദ്ധിക്കാനാണ് സംഘത്തിന് നിർദ്ദേശം. വാക്സിനേഷൻ, അനുബന്ധ പ്രവർത്തനങ്ങൾ, പ്രചാരണം, കമ്മിറ്റികൾ, യോഗങ്ങൾ തുടങ്ങിയ മേഖലയൊക്കെ പരിശോധിക്കും.
കോ-വിൻ പ്ലാറ്റ്ഫോമിൽ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുന്നുണ്ടോ എന്നും സംഘം പരിശോധിക്കും. വാക്സിനേഷൻ സംഘത്തിന് കൂടുതൽ പരിശീലനം നൽകേണ്ടതുണ്ടോ എന്നും പരിശോധിക്കും .