കാലങ്ങളായി സോഷ്യൽ മീഡിയ രംഗത്ത് ദേശീയതലത്തിൽ മറ്റു രാഷ്ട്രീയ പാർട്ടികളെക്കാൾ ഏറെ മുന്നിലാണ് ബിജെപി. ആധുനികകാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളിൽ തൽക്കാലം ബിജെപിയെ വെല്ലാൻ ദേശീയതലത്തിൽ ആരുമില്ല. ഈ പ്രതിസന്ധി മറികടക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. മാറുന്ന സാഹചര്യത്തിൽ രാഷ്ട്രീയപാർട്ടികളുടെ പ്രവർത്തനം എന്നത് ഒരു സോഷ്യൽ മീഡിയ പദ്ധതി കൂടിയാണ്. സമൂഹമാധ്യമങ്ങളിൽ ബിജെപിക്ക് ഒപ്പം ഓടിയെത്താൻ ഉള്ള പദ്ധതിയാണ് കോൺഗ്രസ് തയ്യാറാക്കുന്നത്.
സോഷ്യൽ മീഡിയ രംഗത്തേക്ക് കൂടുതൽ വളണ്ടിയർമാരെ റിക്രൂട്ട് ചെയ്യാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ഇതിനുവേണ്ടി കോൺഗ്രസിന്റെ സോഷ്യൽ മീഡിയ പേജുകളിൽ ഒരു ഹെൽപ്പ് ലൈൻ നമ്പർ നൽകും. അഞ്ചുലക്ഷം വളണ്ടിയർമാരെ ആണ് കോൺഗ്രസ് ഈ പരിപാടി വഴി അണിനിരത്താൻ ഉദ്ദേശിക്കുന്നത്.
രണ്ടു ലോക്സഭ തിരഞ്ഞെടുപ്പുകളിലെ പരാജയവും അനേകം നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പരാജയവും കോൺഗ്രസിനെ ഒരു പാഠം പഠിപ്പിച്ചിട്ടുണ്ട്. അത് സമൂഹമാധ്യമങ്ങളുടെ പ്രാധാന്യത്തെ കുറിച്ചാണ്. ജനങ്ങളുടെ മനസ്സ് തിരിച്ചറിയാനും പാർട്ടിക്ക് അനുകൂലമായി ജനങ്ങളുടെ മനസ്സ് തിരിക്കാനും സോഷ്യൽ മീഡിയ ഇടപെടൽ കൊണ്ട് കഴിയുമെന്ന് കോൺഗ്രസ് കരുതുന്നു.
രാജ്യത്തിന്റെ മുക്കിലും മൂലയിലും പാർട്ടി സന്ദേശമെത്തിക്കാൻ 5 ലക്ഷം സോഷ്യൽ മീഡിയ പോരാളികളുടെ ഒരു സൈന്യത്തെ സജ്ജമാക്കാൻ ആണ് കോൺഗ്രസ് തീരുമാനം. രാജ്യത്തെ ഓരോ ജില്ലയിലും അമ്പതിനായിരം ഭാരവാഹികൾ എന്നതാണ് കോൺഗ്രസിന്റെ പരമമായ ലക്ഷ്യം.
പാർട്ടി താൽപര്യം പ്രവർത്തകരിൽ വളർത്തുക എന്ന ഉദ്ദേശം കൂടി ഇതിലുണ്ട്. പ്രചാരണ മെറ്റീരിയലുകൾ വളണ്ടിയർമാർ വഴി വിതരണം ചെയ്യും.
വെറുതെ വളണ്ടിയർമാരെ നിയമിക്കുക അല്ല കോൺഗ്രസ് ചെയ്യുക. മറിച്ച് താല്പര്യമുള്ളവരെ പാർട്ടി നേതാക്കൾ അഭിമുഖം നടത്തും. തെരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രത്യേക പരിശീലനവും നൽകും.
കോവിഡ് കാലത്തെ കോൺഗ്രസിന്റെ ചില സോഷ്യൽ മീഡിയ പരിപാടികൾ വിജയകരമായതാണ് പുതുവഴി ചിന്തിക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചത്. ഫേസ്ബുക്ക്,യു ട്യൂബ്,ടിറ്റർ,ഇൻസ്റ്റാഗ്രാം തുടങ്ങി എല്ലാ സമൂഹമാധ്യമ സങ്കേതങ്ങളും കോൺഗ്രസ് ഇനിമുതൽ ഉപയോഗിക്കും.
” പാർട്ടിയുടെ “നിങ്ങൾ പറയൂ” ക്യാമ്പയിൻ വിജയകരമായതായി കോൺഗ്രസ് വിലയിരുത്തുന്നുണ്ട്. ഡിജിറ്റൽ രംഗത്ത് കോൺഗ്രസിന്റെതായ ഒരു സ്പേസ് വേണം എന്ന് പാർട്ടി ആഗ്രഹിക്കുന്നു. ” കോൺഗ്രസിന്റെ ഒരു സോഷ്യൽ മീഡിയ സെൽ നേതാവ് പറയുന്നു.
” ബിജെപി പ്രചാരണങ്ങൾക്കെതിരെ തന്നെയാണ് ഈ 5 ലക്ഷം പോരാളികളെ തയ്യാറാക്കുന്നത്. പരിശീലനത്തിനുശേഷം ഉത്തരവാദിത്വമുള്ള ഡിജിറ്റൽ പാർട്ടി പോരാളികൾ ആക്കി ഇവരെ മാറ്റും. ” നേതാവ് വ്യക്തമാക്കി.