NEWS

കോവിഡ് രോഗപ്രതിരോധത്തില്‍ കേരളം ദയനീയ പരാജയം: ജെ.പി.നദ്ദ

തിരുവനന്തപുരം: കോവിഡ് രോഗപ്രതിരോധത്തില്‍ കേരളം ദയനീയമായി പരാജയപ്പെട്ടതായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ.  അടിസ്ഥാന സൗകര്യങ്ങളും അനുകൂല സാഹചര്യങ്ങളും ഏറെയുണ്ടായിരുന്നിട്ടും കേരളം കോവിഡിനെതിരായ പ്രവര്‍ത്തനത്തില്‍ ഏറെ പിന്നോട്ടുപോയി.  രാജ്യത്തെ പകുതിയിലധികം കേസുകള്‍ ഇപ്പോള്‍ കേരളത്തിലാണ്. ഇത് ആശങ്കാജനകമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന് വ്യക്തമായ വീക്ഷണമോ നയമോ  ഇല്ലാതിരുന്നതാണ് സ്ഥിതി ഗൗരവകരമാവാന്‍ കാരണം. സര്‍ക്കാരിന്റേത് നിരുത്തരവാദ സമീപനമാണ്. കേന്ദ്രം എല്ലാവിധ പിന്തുണയുമായി ഉണ്ടായിരുന്നിട്ടും കേരളം പരാജയപ്പെട്ടത് ഗൗരവമുള്ളതാണ്. സംസ്ഥാനത്തിനു വേണ്ട എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ട്. അതു തുടരുകയും ചെയ്യും.  നിപ വൈറസ് ഉണ്ടായപ്പോഴും പുറ്റിങ്ങല്‍ ദുരന്ത സമയത്തും കേരളത്തോട് കേന്ദ്രം കാണിച്ച സമീപനവും അന്ന് ആരോഗ്യമന്ത്രിയായിരുന്ന ജെ.പി. നദ്ദ ചൂണ്ടിക്കാട്ടി.

ശബരിമല വിഷയത്തില്‍ ബിജെപിയുടെ നിലപാടില്‍ മാറ്റമൊന്നുമില്ല. അക്കാര്യം ജനങ്ങള്‍ക്ക് ബോധ്യമുള്ളതുമാണ്. ഇപ്പോള്‍  നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. കോടതി വിധി വന്നശേഷം അടുത്ത നടപടി.  ഇപ്പോള്‍ ശബരിമല പ്രശ്നം കോണ്‍ഗ്രസ് ഉയര്‍ത്തുന്നത് വോട്ട് നേടാന്‍ വേണ്ടി മാത്രമാണ്. കോണ്‍ഗ്രസ് അയ്യപ്പഭക്തരെ പിന്നില്‍ നിന്നു കുത്തുകയാണ് ചെയ്തത്. ശബരിമല പ്രശ്നത്തില്‍ രാഹുല്‍ഗാന്ധി നാളിതുവരെ ഒരക്ഷരം പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസ് ഇപ്പോള്‍ ഓര്‍ഡിനന്‍സ് പറയുന്നു. കോണ്‍ഗ്രസ് പറഞ്ഞതെന്തെങ്കിലും ചെയ്തിട്ടുണ്ടോ, നദ്ദ ചോദിച്ചു.

Back to top button
error: