മനോരമ ന്യൂസ് “ന്യൂസ്മേക്കർ പുരസ്ക്കാരം 2020” ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക്. മനോരമ ന്യൂസ് പ്രേക്ഷകർ പങ്കെടുത്ത അഭിപ്രായ വോട്ടെടുപ്പിലാണ് കെ കെ ശൈലജ ഒന്നാമതെത്തിയത്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ആരോഗ്യവകുപ്പിനെ നയിച്ചതിനുള്ള അംഗീകാരമാണ് പുരസ്കാരം.
കോവിഡ് പ്രതിരോധത്തിനായി കഠിനാധ്വാനം ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ പ്രതിനിധി എന്ന നിലയിലാണ് താൻ ഈ പുരസ്കാരം സ്വീകരിക്കുന്നതെന്ന് മന്ത്രി പ്രതികരിച്ചു. മരണ നിരക്ക് കുറച്ചതടക്കം കേരളം സൃഷ്ടിച്ച മാതൃക മുന്നോട്ടു കൊണ്ടുപോകും. ഒരു അവാർഡിനും അപേക്ഷ നൽകിയിട്ടില്ല,നൽകുകയുമില്ല. എന്നാൽ കേരളത്തിന്റെ ആരോഗ്യ മന്ത്രി എന്ന നിലയിൽ രാജ്യാന്തരതലത്തിൽ ലഭിച്ച പുരസ്കാരങ്ങളെ കുറിച്ച് ചിലർ തെറ്റിദ്ധാരണകൾ പരത്തുന്നതിൽ വിഷമം ഉണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.