TRENDING

കൊവിഡ്- 19 കാലത്തെ ശബരിമല തീർത്ഥാടനം…: ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അഡ്വ.എൻ.വാസു

വിശ്ചികമാസം ഒന്നു മുതൽ ആരംഭിക്കുന്ന ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലം സമസ്ത മേഖലകളിലും വലിയ ചലനങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്. എങ്ങും ശരണ മന്ത്രങ്ങളാൽ മുഖരിതമാകുന്ന കാഴ്ച. വ്രതശുദ്ധിയോടെ ശരണം വിളികളുമായി ശബരിമല കയറിയെത്തുന്ന അയ്യപ്പഭക്തരുടെ നിലക്കാത്ത പ്രവാഹം. അത്തരത്തിലൊന്നാണ് സാധാരണ ഗതിയിൽ ഏവരും കണ്ടിട്ടുള്ളതും ഏവർക്കും ഓർമ്മയുള്ളതുമായ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലം.മണ്ഡല-മകരവിളക്ക് കാലത്തിന് തുടക്കമായാൽ ശബരിമല ക്ഷേത്രത്തിലേക്ക് മാത്രമല്ല, നാട്ടിലെ ചെറുതും വലുതുമായ എല്ലാ ക്ഷേത്രങ്ങളിലേക്കും വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടാറുള്ളത്. കൂടാതെ തീർത്ഥാടനത്തിൻ്റെ പ്രതിഫലനമെന്നോണം കേരളത്തിലെ ഒട്ടുമിക്ക വ്യാപാര മേഖലയിലും വലിയ ഉണർവ്വും പ്രകടമാകാറുണ്ട്. എന്നാൽ കൊവിഡ്- 19 വ്യാപനം ഇതൊക്കെ അക്ഷരാർത്ഥത്തിൽ തച്ചുടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ദേവസ്വം ബോർഡിന് അതൊന്നും കണ്ടില്ലെന്ന് നടിക്കാനുമായില്ല.

കൊവിഡ്- 19 വ്യാപനം ഏറെകുറെ രൂക്ഷമായിരുന്ന സന്ദർഭത്തിലാണ് 2020-2021 വർഷത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലം ആരംഭിക്കുന്നത്. ഇത്തവണത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം ഉപേക്ഷിക്കണം എന്നു വരെയുള്ള അഭിപ്രായങ്ങൾ പല കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായി.എന്നാൽ കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തരുടെ മനസ്സിൽ ഒരു വികാരമായി നിലകൊള്ളുന്ന ശബരിമല തീർത്ഥാടനം ഒരിക്കലും നടത്താതിരിക്കാൻ ആവില്ലെന്ന തീരുമാനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉറച്ചു നിന്നു.ശബരിമല തീർത്ഥാടനം പോലെ കോടാനുകോടി അയ്യപ്പഭക്തരുടെ മനസ്സിൽ ഇടം നേടിയിട്ടുള്ളതും നൂറ്റാണ്ടുകളായി മുടക്കം കൂടാതെ നടന്നു വരുന്നതുമായ ഒരു ചടങ്ങ് പരമാവധി കൊവിഡ്- 19 നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായാലും നടത്തണമെന്ന് ദേവസ്വം ബോർഡ് തീരുമാനിക്കുകയായിരുന്നു. തുടർന്ന് ബോർഡിൻ്റെ ഈ തീരുമാനം സംസ്ഥാന സർക്കാരിനെയും അറിയിച്ചു.

ബഹുമാനപ്പെട്ട സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രനും ബോർഡിൻ്റെ തീരുമാനത്തോട് പൂർണ്ണമായും യോജിച്ചത് ,തീർത്ഥാടനവുമായി മുന്നോട്ടുപോകാൻ ബോർഡിന് കൂടുതൽ കരുത്ത് പകർന്നു.മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് കൊവിഡ്- 19 കാലത്തെ തീർത്ഥാടന നടത്തിപ്പ് സംബന്ധിച്ച് ആലോചനായോഗം വിളിച്ചു ചേർത്തു.കൂടാതെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒന്നിലേറെ തവണ തീർത്ഥാടനവുമായി ബന്ധപ്പെട്ട, സർക്കാർ വകുപ്പുകളുടെയും ദേവസ്വം ബോർഡിൻ്റെയും യോഗങ്ങൾ നടത്തി കാര്യങ്ങൾക്ക് വേഗതയേറ്റി.ശബരിമല തീർത്ഥാടനം എല്ലാ കാലത്തും നടത്തിയിട്ടുള്ളത് സംസ്ഥാന സർക്കാരിൻ്റെ വിവിധ വകുപ്പുകളുടെ സജീവമായ പങ്കാളിത്തത്തോടെയാണ്.

നിലവിലെ സവിശേഷമായ സാഹചര്യം കണക്കിലെടുത്ത് തീർത്ഥാടന വിഷയത്തിൽ ആരോഗ്യ രംഗത്തെ വിദഗ്ധരുടെയും ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും അഭിപ്രായം തേടാനും ദേവസ്വം ബോർഡ് മറന്നില്ല.അങ്ങനെ അവരുടെ അഭിപ്രായം കൂടി ഗൗരവമായി കണക്കിലെടുത്താണ് ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം എന്ന ലക്ഷ്യവുമായി ദേവസ്വം ബോർഡ് മുന്നോട്ട് നീങ്ങിയത്. എപ്പോഴും വലിയ ഭക്തജനപ്രവാഹം ഉണ്ടാകാറുള്ള ശബരിമല എന്ന തീർത്ഥാടന കേന്ദ്രത്തിൽ ,കൊവിഡ്- 19 സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് തീർത്ഥാടനം നടത്തേണ്ട ശ്രമകരമായ ജോലിയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരു ആശങ്കയ്ക്കും വഴി നൽകാതെ ഏറ്റെടുത്തത്. പിന്നേട് ബഹുമാന്യനായ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം രൂപം കൊടുത്ത സംസ്ഥാന ചീഫ് സെക്രട്ടറി അധ്യക്ഷനായ വിദഗ്ധ സമിതി യോഗം ചേർന്ന്‌ തീർത്ഥാടന കാലത്തേക്കായുള്ള നിർദ്ദേശങ്ങൾ ബോർഡിന് നൽകി.

ആഴ്ചയിലെ ആദ്യ അഞ്ച് ദിവസങ്ങളിൽ ആയിരം പേർക്ക് വീതവും ശനി, ഞായർ ദിവസങ്ങളിൽ രണ്ടായിരം പേർക്ക് വീതവും മണ്ഡലപൂജ – മകരവിളക്ക് ദിവസങ്ങളിൽ 5000 പേർക്ക് വീതവും ശബരിമലയിൽ തീർത്ഥാടനത്തിന് അനുമതി നൽകാം എന്ന ധാരണയിൽ എത്തി. ഇത് ഒരു ഘട്ടം കഴിഞ്ഞപ്പോൾ ആദ്യ അഞ്ച് ദിനങ്ങളിൽ രണ്ടായിരവും ആഴ്ചാവസാനം മൂവായിരവും മണ്ഡല-മകരവിളക്ക് ദിനങ്ങളിൽ 5000 പേർക്ക് വീതവും പ്രവേശനം എന്ന നിലക്ക് വർദ്ധിപ്പിക്കുകയുണ്ടായി.ഇതിനിടെ ശബരിമലയിൽ ഭക്തജനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നാവശ്യവുമായി ഒരു കൂട്ടം ഹർജികൾ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പരിഗണനയിൽ എത്തുകയുണ്ടായി. കോടതി പ്രശ്നത്തിൻ്റെ വിവിധ വശങ്ങൾ പരിശോധിച്ച് എല്ലാ ദിവസവും 5000 ഭക്തർക്ക് വീതം പ്രവേശനം എന്ന നിലയിൽ നിർദ്ദേശം നൽകുകയായിരുന്നു. ഇപ്രകാരമാണ് 1196-ലെ മണ്ഡല-മകരവിളക്ക് തീർത്ഥാടനം ഭംഗിയായി നടന്നതും കൊടിയിറങ്ങിയതും.

തീർത്ഥാടകരുടെ എണ്ണം എത്ര തന്നെ കുറവായാലും തീർത്ഥാടകർക്ക് ആവശ്യമായ പരിമിതമായ സൗകര്യങ്ങളെല്ലാം , ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ദേവസ്വം ബോർഡ് ഒരുക്കി നൽകി. ശബരിമല തീർത്ഥാടനം ഒരു തരത്തിലും കൊവിഡ് വ്യാപനത്തിന് കാരണമാകരുത് എന്ന നിർബന്ധവും ദേവസ്വം ബോർഡിന് ഉണ്ടായിരുന്നു.ഇതിൻ്റെയൊക്കെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങളുടെ ഭാഗമായി ഭക്തജനങ്ങൾക്ക് കഴിഞ്ഞ കാലങ്ങളിൽ അനുഭവിയ്ക്കാൻ കഴിഞ്ഞിട്ടുള്ള ആചാരപരമായ എല്ലാ സൗകര്യങ്ങളും അതേപോലെ നിലനിറുത്താൻ ബോർഡിന് ഇക്കുറി കഴിഞ്ഞിട്ടില്ല. എങ്കിൽ പോലും ആചാരങ്ങൾക്ക് പൊതുവിൽ കോട്ടം തട്ടാതെ തന്നെ തീർത്ഥാടനം പര്യവസാനിപ്പിക്കാൻ കഴിഞ്ഞു എന്ന് നിസംശയം പറയാൻ സാധിക്കും.

ഒരു ഘട്ടത്തിൽ ശബരിമലയിലേക്ക് ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന ഏതാനും ചില ദേവസ്വം ജീവനക്കാർക്കും പൊലീസുകാർക്കും കൊവിഡ് ബാധിച്ചു എന്നുള്ള ഭയപ്പെടുത്തുന്ന വസ്തുതയും അനുഭവപ്പെട്ടു. എന്നാൽ ആരോഗ്യ വകുപ്പിൻ്റെ സഹായ- സഹകരണത്തോടു കൂടി കൃത്യമായ മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തി പൊതുവിൽ അപകടരഹിതമായ രീതിയിൽ തീർത്ഥാടനം അവസാനിപ്പിക്കാൻ കഴിഞ്ഞുവെന്നുള്ളത് എടുത്തു പറയേണ്ട നേട്ടമാണ്.ശബരിമലയിൽ വെർച്വൽ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്ത് ,ദർശനം കഴിഞ്ഞ് മടങ്ങിയ ഓരോ അയ്യപ്പഭക്തനും തികഞ്ഞ സംതൃപ്തിയോടെയാണ് മലയിറങ്ങിയിട്ടുള്ളത് എന്ന വസ്തുത ആർക്കും വിസ്മരിക്കാൻ ആവില്ല. ഏതൊരു വിധ പരാതികൾക്കും ഇടം നൽകാതെ ആണ് തീർത്ഥാടന കാലം കടന്നു പോയിട്ടുള്ളത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഭരണ ചിലവുകളും 1250 ഓളം വരുന്ന ക്ഷേത്രങ്ങളുടെ പരിപാലനവും എക്കാലവും നിർവ്വഹിച്ചു പോയിട്ടുള്ളത് ശബരിമലയിൽ നിന്ന് ലഭിക്കുന്ന മിച്ചവരുമാനം കൊണ്ടാണ്. എന്നാൽ കൊവിഡ് തീർത്ത പ്രതിസന്ധിയും ആശങ്കയും മൂലം 2020 മാർച്ച് മാസം മുതൽ തന്നെ ശബരിമലയിൽ നിന്നുള്ള വരുമാനം നിലക്കുകയാണുണ്ടായത്. കഴിഞ്ഞവർഷം തീർത്ഥാടന കാലത്ത് 269 കോടി രൂപയുടെ വരുമാനം ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ ലഭിച്ചത് വെറും 21 കോടിയാണ്. ദേവസ്വം ബോർഡിനെ എത്രമാത്രം പ്രതിസന്ധിയിലാക്കുന്ന ഒരു ഘടകമാണ് ഇതെന്നത് ഞാൻ പ്രത്യേകമായി പറയേണ്ടതില്ലല്ലോ. സംസ്ഥാന സർക്കാർ കഴിയുന്നത്രയും സാമ്പത്തിക സഹായം തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകി വരുന്നുണ്ടെന്ന വസ്തുത വിസ്മരിക്കുന്നില്ല. എന്നാൽ ഇത് തികച്ചും അപര്യാപ്തം ആണെന്നുള്ളത് കൊണ്ട് കൂടുതൽ സാമ്പത്തിക സഹായത്തിനായി ദേവസ്വം ബോർഡ്, സംസ്ഥാന സർക്കാരിനെ സമീപിച്ചിട്ടുണ്ട്.തീർത്ഥാടനം ബോർഡിനെ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആക്കിയെങ്കിലും ഒരു തടസ്സവും കൂടാതെ തന്നെ ശബരിമല തീർത്ഥാടനം നല്ല രീതിയിൽ നടത്താൻ സാധിച്ചത് അഭിമാനകരമായ നേട്ടമായി ബോർഡ് വിലയിരുത്തുന്നു.

വൈഷമ്യമേറിയ ഈ കാലഘട്ടത്തിൽ ,ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം നടത്തുന്ന കാര്യത്തിൽ നൂറുകണക്കിന് ദേവസ്വം ജീവനക്കാരും പൊലീസ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാരും പ്രകടിപ്പിച്ചിട്ടുള്ള ത്യാഗസന്നദ്ധതയും സേവന മനോഭാവവും പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. തീർത്ഥാടനത്തിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ ഓരോ ഘട്ടത്തിലും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും ദേവസ്വം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനും കാര്യങ്ങൾ വിലയിരുത്തി ഫലപ്രദമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇവർക്ക് ഈ അവസരത്തിൽ ദേവസ്വം ബോർഡ് പ്രത്യേകം നന്ദി പറയുന്നു.

സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്റ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജൻ.എൻ.കോബ്ര ഗാഡെ,
എന്നിവരുടെ ഇടപെടലുകളും നിർദ്ദേശങ്ങളും തീർത്ഥാടന നടത്തിപ്പിന് അങ്ങേയറ്റം പ്രയോജനകരമായി.തീർത്ഥാടനത്തിൻ്റെ വിജയത്തിനും നടത്തിപ്പിനുമായി ശബരിമല ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരും ശബരി – മാളികപ്പുറം മേൽശാന്തിമാരും വഹിച്ചിട്ടുള്ള പങ്ക് പ്രത്യേകം പ്രസ്താവ്യമാണ്. അതുപോലെ ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ ജ്യോതിലാലും ശബരിമല സ്പെഷ്യൽ കമ്മീഷണർ ശ്രീ മനോജും വഹിച്ചപങ്കും ഈ സാഹചര്യത്തിൽ പ്രത്യേകം പരാമർശിക്കേണ്ടതു തന്നെ. പന്തളം രാജകൊട്ടാരം പ്രതിനിധികൾ നൽകിയിട്ടുള്ള പിൻതുണയും ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. ബഹുമാനപ്പെട്ട ഹൈക്കോടതി കാലാകാലങ്ങളിൽ നടത്തിയിട്ടുള്ള ഇടപെടലുകളും ക്രിയാത്മക നിർദ്ദേശങ്ങളും കൃതജ്ഞതയോടെ ബോർഡ് സ്മരിക്കുകയാണ്. ദേവസ്വം ബോർഡിൻ്റെ അഭിപ്രായങ്ങൾ അപ്പപ്പോൾ തന്നെ ബഹുമാനപ്പെട്ട ഹൈക്കോടതിയെ ധരിപ്പിച്ച് ഉത്തരവുകൾ സമ്പാദിക്കുന്നതിൽ ദേവസ്വം സ്റ്റാൻഡിംഗ് കൗൺസിൽ അഡ്വ.ജി.ബിജു വഹിച്ചിട്ടുള്ള പങ്കും എടുത്തു പറയേണ്ടതാണ്.

സംസ്ഥാന പൊലീസ് എ ഡി ജി പി യും ശബരിമല ചീഫ് കോർഡിനേറ്ററുമായ ശ്രീ എസ്. ശ്രീജിത്ത്, വിവിധ ഫെയ്സുകളിൽ ശബരിമലയിൽ പ്രവർത്തിച്ചിട്ടുള്ള പൊലീസ് സ്പെഷ്യൽ ഓഫീസർമാർ, പത്തനംതിട്ട ജില്ലാ കളക്ടർ, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ, ആയുർവ്വേദം-ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർമാർ,റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ, പെരുനാട് പഞ്ചായത്ത് ഭരണസമിതി – വാർഡ് മെമ്പർമാർ, പന്തളം നഗരസഭാ ഭരണകൂടവും ഉദ്യോഗസ്ഥരും ഫോറസ്റ്റ്, ഫയർഫോഴ്സ്, വാട്ടർ അതോറിറ്റി, കെ.എസ്ഇബി, ബി എസ് എൻ .എൽ, അയ്യപ്പസേവാസംഘം തുടങ്ങി മറ്റ് വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യാഗസ്ഥർ, ജീവനക്കാർ ,ശബരിമല വിശുദ്ധി സേന എന്നിവരും വഹിച്ചിട്ടുള്ള പങ്ക് ഈ സമയത്ത് പരാമർശിക്കാതിരിക്കാൻ ആവില്ല.

പ്രതികൂല സാഹചര്യത്തിൽ നടന്ന ഈ തീർത്ഥാടനത്തിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുൻപെയുളള പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ദേവസ്വം കമ്മീഷണർ ബി.എസ്.തിരുമേനി, ചീഫ് എഞ്ചീനിയർ (ജനറൽ) ജി.കൃഷ്ണകുമാർ, എക്സിക്യൂട്ടീവ് എഞ്ചീനിയർ അജിത്ത്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ രാജേന്ദ്രപ്രസാദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജേന്ദ്രൻ നായർ,ദേവസ്വത്തിൻ്റെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ, ദേവസ്വം ജീവനക്കാർ, ക്ഷേത്ര ജീവനക്കാർ എന്നിവരുടെ പ്രവർത്തനങ്ങളും ഏറെ ശ്ലാഖനീയമാണ്.

തീർത്ഥാടനം വലിയ വിജയമാക്കി മാറ്റാൻ പത്ര – ദൃശ്യ മാധ്യമ സ്ഥാപനങ്ങളും ഓൺലൈൻ മാധ്യമങ്ങളും മാധ്യമ പ്രതിനിധികളും ഐ ആൻ്റ് പി.ആർ.ഡിയും നൽകിയിട്ടുള്ള അകമഴിഞ്ഞ സഹായ -സഹകരണങ്ങളും ഈ സാഹചര്യത്തിൽ നന്ദിയോടെ തന്നെ പരാമർശിക്കട്ടെ. അവരോടൊക്കെയുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നിസ്സീമമായ നന്ദിയും കടപ്പാടും ഈ വേളയിൽ രേഖപ്പെടുത്തി കൊള്ളുന്നു.അടുത്ത വർഷത്തെ തീർത്ഥാടന കാലം ഏത് സാഹചര്യത്തിൽ നടത്തിയാലും ഈ വർഷത്തെ തീർത്ഥാടന കാല അനുഭവങ്ങൾ ദേവസ്വം ബോർഡിന് കൂടുതൽ കരുത്തും ഊർജ്ജവും പകരുന്നതോടൊപ്പം ഒരു മുതൽകൂട്ടായിരിയിരിക്കും എന്നത് ഒരു വസ്തുതയായി തന്നെ ഞാൻ കരുതുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button