കോഴിക്കോട് വിമാനത്താവളം വഴി കള്ളക്കടത്ത് നടത്താൻ സഹായിച്ച നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ കൂടി സസ്പെൻഡ് ചെയ്തു. ഇതോടെ ഈ കേസിൽ സസ്പെൻഷനിലായ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാർ ആണ് നാല് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തത്. സൂപ്രണ്ടുമാരായ ആഷ, സത്യേന്ദ്ര സീങ് ഇൻസ്പെക്ടർമാരായ സുധീർകുമാർ, യാസർ അറാഫത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
സ്വർണ്ണവും സിഗരറ്റും ഉൾപ്പെടെ 80 ലക്ഷം രൂപയുടെ കള്ളക്കടത്ത് സാധനങ്ങൾ കടത്താൻ സഹായിച്ച കേസിലാണ് ഇവരെ സസ്പെൻഡ് ചെയ്തത്. 1 സൂപ്രണ്ടിനെയും രണ്ട് ഇൻസ്പെക്ടർമാരെയും 1 ഹെഡ് ഹവിൽദാറെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. CBI ഉം DRI ഉം ചേർന്ന് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് സംഘത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥർ സഹായം ചെയ്യുന്നതായി കണ്ടെത്തിയത്. അന്വേഷണ സംഘം സസ്പെൻഡ് ചെയ്യപ്പെട്ട ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും രണ്ടര ലക്ഷം രൂപയും മറ്റൊരു ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപയും കണ്ടെത്തി.