കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 01-01-2020 നു ശേഷം കേരളത്തിലെത്തി വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ കഴിയാത്ത പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച 5000 രൂപയുടെ ധനസഹായം നല്‍കുന്നതിന് 25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നോര്‍ക്ക റൂട്ടിന് അനുവദിക്കാന്‍ തീരുമാനിച്ചു. നേരത്തെ അനുവദിച്ച 58.5 കോടി രൂപയ്ക്കു പുറമെയാണിത്.
സെക്രട്ടറിയേറ്റില്‍ പുതിയ പ്രവേശന നിയന്ത്രണ സംവിധാനം
സെക്രട്ടറിയേറ്റിലേക്കുള്ള ജീവനക്കാരുടെയും സന്ദര്‍ശകരുടെയും സഞ്ചാരം ക്രമീകരിക്കുന്നതിന് പ്രവേശന നിയന്ത്രണ ഉപാധി (ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം) കൊച്ചിന്‍ മെട്രോ റെയില്‍ ലിമിറ്റഡിന്‍റെ സാങ്കേതിക സഹായത്തോടെ കെല്‍ട്രോണ്‍ മുഖേന നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അംഗപരിമിതര്‍ക്കു കൂടി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും നിയന്ത്രണ സംവിധാനം. കെ.എം.ആര്‍.എല്‍ സൗജന്യമായാണ് ഈ പദ്ധതിക്ക് സാങ്കേതിക സഹായം നല്‍കുക.
നാവിക അക്കാദമിക്ക് ഭൂമി
കാസര്‍കോഡ് ഹോസ്ദുര്‍ഗ് താലൂക്കില്‍ സൗത്ത് തൃക്കരിപ്പൂര്‍ വില്ലജില്‍ 33.7 ആര്‍ ഭൂമി ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിക്ക് ബോട്ട് ഷെഡ് നിര്‍മാണത്തിന് സൗഹൃദസൂചകമായി പതിച്ചു നല്‍കും.
തസ്തികകള്‍
ഇടയാറില്‍ സ്ഥാപിച്ച മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയുടെ ആധുനിക മാംസ സംസ്കരണ പ്ലാന്‍റിലേക്ക് 40 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
ധാരണാപത്രം
കേരള റെയില്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയ 27 റെയില്‍വെ ഓവര്‍ബ്രിഡ്ജുകളുടെ / അണ്ടര്‍ ബ്രിഡ്ജുകളുടെ നിര്‍മാണത്തിന് ഭേദഗതി വരുത്തിയ ധാരണാപത്രം ഒപ്പിടാന്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരും റെയില്‍വെയും തമ്മിലാണ് ധാരണാപത്രം.
സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ സാധനങ്ങളും സേവനങ്ങളും ഓണ്‍ലൈന്‍ വഴി സംഭരിക്കുന്നതിന് ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ ‘ഗവണ്‍മെന്‍റ് ഇ-മാര്‍ക്കറ്റ്പ്ലേയ്സു’മായി (ജെം) ധാരണാപത്രം ഒപ്പിടാന്‍ തീരുമാനിച്ചു.
കോവളത്ത് 22 കാശ്മീരി കുടുംബങ്ങള്‍ക്ക് സഹായം
കോവളത്ത് കരകൗശല സാധനങ്ങളുടെ കച്ചവടം നടത്തുന്ന 22 കാശ്മീരി കുടുംബങ്ങള്‍ക്ക് കോവിഡ് മൂലം ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട സാഹചര്യത്തില്‍ 10,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് കാര്‍ഡ് നല്‍കാനും തീരുമാനിച്ചു.
ശമ്പളം പരിഷ്കരിക്കും
ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡിലെ ഓഫീസര്‍മാരുടെ ശമ്പളം 2017 ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചുവര്‍ഷത്തേക്ക് പരിഷ്കരിക്കാന്‍ തീരുമാനിച്ചു.
പരസ്യനിരക്ക് പരിഷ്കരിക്കും
ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പരസ്യനിരക്ക് പരിഷ്കരിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു.