കേരളത്തിൽ ഇന്ന് കോവിഡ് പ്രതിരോധ കുത്തിവെപ്പിന് ഉള്ള വാക്സിൻ എത്തും. തിരുവനന്തപുരം, കൊച്ചി,കോഴിക്കോട് നഗരങ്ങളിൽ ആണ് വാക്സിൻ എത്തുക. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് 4,33,500 ഡോസുകൾ ആണ് കേരളത്തിൽ ഇന്ന് എത്തുക. കോവീഷീൽഡ് ആണ് കേരളത്തിനായി അനുവദിച്ചിരിക്കുന്നത്. ഈ ശനിയാഴ്ച മുതൽ കുത്തിവെപ്പ് തുടങ്ങും.
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂനയിലെ പ്ലാന്റിൽ നിന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കേരളത്തിലേക്കുള്ള വാക്സിനുകളും ആയി വിമാനം പുറപ്പെടും എന്നാണ് വിവരം. ഇൻഡിഗോ വിമാനത്തിൽ വൈകിട്ടോടെ വാക്സിൻ എത്തും.
തിരുവനന്തപുരത്ത് 1,34,000 ഡോസ് ആണ് എത്തുക. എറണാകുളത്ത് ഒരു 1,84,000 ഡോസ് എത്തും.1,19,500 ഡോസ് ആണ് കോഴിക്കോട് എത്തുക. കോഴിക്കോട് എത്തുന്ന വാക്സിനിൽ നിന്ന് 1,100 ഡോസ് മാഹിയിലേക്ക് അയക്കും.
നാളെയോടെ സംസ്ഥാനങ്ങളിലെല്ലാം കൊവിഡ് വാക്സിൻ എത്തും. നാലാഴ്ച ക്കും ആറാഴ്ചക്കും ഇടയിൽ രണ്ടാം ഡോസ് നൽകാനാണ് ഡ്രഗ്സ് കണ്ട്രോളർ തീരുമാനിച്ചിരുന്നതെങ്കിലും വൈകിക്കേണ്ട എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിക്കുകയായിരുന്നു. അതുകൊണ്ട് കൃത്യം 28 ആം ദിവസം തന്നെ രണ്ടാം ഡോസ് സ്വീകരിക്കണം. രണ്ടാം ഡോസ് സ്വീകരിച്ച് പതിനാലാം ദിവസമാണ് പ്രതിരോധശേഷി ഉണ്ടാകുക എന്ന് ബോധവൽക്കരിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
ഇടതു തോളിലാണ് വാക്സിൻ കുത്തിവയ്ക്കുക. ജില്ലാകേന്ദ്രങ്ങളിൽ വാക്സിൻ എത്തിയതിനുശേഷം ആദ്യഘട്ടത്തിൽ കുത്തിവെപ്പ് നടത്തേണ്ട ആരോഗ്യപ്രവർത്തകർക്ക് എപ്പോൾ എവിടെ എത്തണം എന്ന സന്ദേശം ലഭിക്കും. ഇതനുസരിച്ച് എത്തുമ്പോൾ തിരിച്ചറിയൽ രേഖ ഹാജരാക്കണം.