Lead NewsNEWS

പുതിയ കാർഷിക നിയമങ്ങളെ കുറിച്ച് പഠിക്കാൻ സുപ്രീം കോടതി നിയമിച്ച നാലംഗ സമിതിയിൽ നാലുപേരും സർക്കാരിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നവർ

വിവാദമായ 3 കാർഷിക നിയമങ്ങൾ സുപ്രീംകോടതി ഇന്ന് സ്റ്റേ ചെയ്തു. വിഷയങ്ങൾ പഠിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും നാലംഗ സമിതിയെ സുപ്രീം കോടതി നിശ്ചയിച്ചു.

കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞൻ അശോക് ഗുലാത്തി, ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് ഭൂപീന്ദർസിംഗ് മൻ, ഷെട്ക്കാരി സംഘടൻ പ്രസിഡണ്ട് അനിൽ ഗൻവാട്ട്, ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധി പ്രമോദ് കുമാർ ജോഷി എന്നിവരാണ് സമിതിയിൽ.

ഈ നാല് പേർക്കും പൊതുവായി ഒരു പ്രത്യേകതയുണ്ട്. നാലുപേരും പുതിയ കൃഷി നിയമങ്ങൾക്ക് അനുകൂലമായി എഴുതുകയോ സംസാരിക്കുകയോ ചെയ്തവരാണ്. അതുകൊണ്ടുതന്നെ ഈ സമിതി നിഷ്പക്ഷം ആണോ എന്ന സംശയം ഉയരുകയാണ്.

ഉദാഹരണത്തിന് 1991 ലെ സാമ്പത്തിക ഉദാരവൽക്കരണ നയത്തോടാണ് പുതിയ കൃഷി നിയമത്തെ അശോക് ഗുലാത്തി താരതമ്യം ചെയ്തത്. കൃഷി സംബന്ധമായ അവകാശങ്ങൾ നേടിയെടുക്കാനുള്ള പ്രധാന പടിയായി ആണ് കാർഷിക നിയമങ്ങളെ അശോക് വിലയിരുത്തിയത്.

ബി കെ യു വിന്റെ തന്റെ തന്നെ വിഭാഗത്തിന്റെ നേതാവാണ് ഭൂപീന്ദർ സിംഗ് മൻ. കർഷക നേതാക്കളിൽ പുതിയ നിയമങ്ങളെ പിന്തുണയ്ക്കുന്ന അപൂർവ്വം വ്യക്തിയാണ് ഭൂപീന്ദർസിംഗ് മൻ.” കാർഷികരംഗത്തെ മത്സര സജ്ജമാക്കാൻ മാറ്റങ്ങൾ വേണം. ” ഭൂപീന്ദർസിംഗ് മൻ പറഞ്ഞു. ഓൾ ഇന്ത്യ കിസാൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചില കർഷക സംഘടനകൾ കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനെ കഴിഞ്ഞ ഡിസംബറിൽ കണ്ടിരുന്നു. പുതിയ കാർഷിക നിയമങ്ങൾക്കുള്ള പിന്തുണ ഈ സംഘം അറിയിച്ചു. ഈ കൂട്ടായ്മയുടെ അധ്യക്ഷനാണ് മൻ.

മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഷെട്ക്കാരി സംഘടൻ നയിക്കുന്നത് അനിൽ ഗൻവാട്ട് ആണ്. പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കരുത് എന്ന് പരസ്യമായി ആവശ്യപ്പെട്ട ആളാണ് അനിൽ ഗൻവാട്ട്. സർക്കാർ പറയുന്നതുപോലെ ഭേദഗതി മതി എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. തൽക്കാലം ഒരു സ്റ്റേ മതി എന്നും അനിൽ അഭിപ്രായപ്പെട്ടിരുന്നു. അതാണ് ഇപ്പോൾ സുപ്രീംകോടതി ചെയ്തത്.

സർക്കാറിന് അനുകൂലമായി ഫിനാൻഷ്യൽ എക്സ്പ്രസ്സിൽ ഒരു ലേഖനം തന്നെ പ്രമോദ് ജോഷി എഴുതി. സർക്കാർ സർഗാത്മകമായാണ് കർഷകരുമായി ഇടപെടുന്നത് എന്നും കർഷകരാണ് പുറംതിരിഞ്ഞുനിൽക്കുന്നത് എന്നുമാണ് പ്രമോദ് ജോഷിയുടെ കുറ്റപ്പെടുത്തൽ.

സിംഗു,തിക്രി അതിർത്തികളിൽ കർഷക പ്രക്ഷോഭത്തെ ഏകോപിപ്പിക്കുന്ന സംഘടനകൾ ഇപ്പോൾ തന്നെ സുപ്രീംകോടതിയെ ബഹുമാനിക്കുമ്പോഴും തങ്ങൾ സമിതിയെ കാണില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സമിതിയിലെ അംഗങ്ങളുടെ പക്ഷപാതിത്വം തന്നെയാണ് കർഷകരെ ഏറെ സംശയത്തിൽ ആക്കുന്നത്.

” കാർഷിക നിയമങ്ങൾ സംബന്ധിച്ച് പഠിക്കുന്നതിന് സുപ്രീംകോടതി നാലംഗ കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. അതിലൊരാൾ അശോക് ഗുലാത്തിയാണ്. പുതിയ കാർഷിക നിയമങ്ങളെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന ആളാണ് അശോക് ഗുലാത്തി. മറ്റൊരാൾ ഭൂപീന്ദർസിംഗ് മൻ ആണ്. ഇതെല്ലാം തെറ്റാണ്. ഞങ്ങൾ അവരെ സ്വീകരിക്കുന്നില്ല. നിയമങ്ങൾ പിൻവലിച്ചാൽ മാത്രമേ പ്രക്ഷോഭം അവസാനിപ്പിക്കൂ.” കർഷകരുടെ അവകാശങ്ങൾക്ക്‌ വേണ്ടി പോരാടുന്ന രമൺദീപ് സിംഗ് മൻ വ്യക്തമാക്കി.

സമിതിയുടെ കണ്ടെത്തൽ എന്താകുമെന്ന് ഇപ്പോൾതന്നെ വ്യക്തമാണെന്ന് കാട്ടി മിർസ ഖാലിബിന്റെ കവിത ഉദ്ധരിച്ച് കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞൻ ദേവീന്ദർ ശർമ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു.

” ഇതൊരു കൺകെട്ട് ആണ്. സുപ്രീംകോടതി നടപടിക്രമങ്ങളിൽ നിന്ന് കർഷകർ വിട്ടുനിൽക്കുന്നത് ശരിയായ നടപടിയാണ്. സുപ്രീം കോടതി നിയമിച്ച സമിതിയുടെ നാല് അംഗങ്ങളും പുതിയ കർഷക നിയമങ്ങളുടെ അറിയപ്പെടുന്ന പിന്താങ്ങികൾ ആണ്. ” എഴുത്തുകാരൻ അമാൻ ബാലി വ്യക്തമാക്കി.

Back to top button
error: