മന്ത്രി കെടി ജലീലിന് താരതമ്യേന സുരക്ഷിതമാണ് തവനൂർ മണ്ഡലം. സിപിഎമ്മിന് നിർണായക അടിത്തറയുള്ള പഞ്ചായത്തുകളുള്ള മണ്ഡലമാണ് തവനൂർ . കുറ്റിപ്പുറത്ത് മുൻമന്ത്രിയും ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയതിനുശേഷമാണ് ജലീൽ തവനൂരിൽ ചേക്കേറുന്നത്.
ഇത്തവണയും കെ ടി ജലീൽ തവനൂർ മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്നാണ് വിവരം. കോൺഗ്രസ് ആണ് ഈ മണ്ഡലത്തിൽ ജലീലിനെതിരെ മത്സരിക്കുന്നത്. എന്നാൽ ഇത്തവണ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തി ജലീലിനെതിരെ പരീക്ഷണം നടത്തണം എന്ന ആവശ്യമുന്നയിച്ചിരിക്കുകയാണ് ലീഗ്.
മുസ്ലിംലീഗ് അതിനു വേണ്ടി ഒരാളെ കണ്ടു വച്ചിട്ടുണ്ട്. പണ്ട് ലീഗുകാരൻ ആയിരുന്ന ഫിറോസ് കുന്നുംപറമ്പിലിനെയാണ് ലീഗ് യുഡിഎഫ് സ്വതന്ത്രസ്ഥാനാർത്ഥിയായി കണ്ടെത്തിയിരിക്കുന്നത്. യൂത്ത് ലീഗിന്റെ പാലക്കാട് ജില്ലാ കമ്മിറ്റിയുമായി അടുത്ത ബന്ധം ഉള്ള ആളാണ് ഫിറോസ് കുന്നുംപറമ്പിൽ.
ഇപ്പോൾ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവമാണ് ഫിറോസ് കുന്നുംപറമ്പിൽ. ഇടയ്ക്ക് അല്ലറചില്ലറ ആരോപണങ്ങൾ നേരിട്ടെങ്കിലും അത് ഫിറോസിന്റെ ഇമേജിനെ ബാധിച്ചിട്ടില്ലെന്നാണ് ലീഗിന്റെ വിലയിരുത്തൽ.
ജീവകാരുണ്യ പ്രവർത്തന മേഖലയിലെ ഫിറോസിന്റെ ഇമേജ് ജലീലിനെതിരെയുള്ള വോട്ടാക്കി മാറ്റാം എന്നാണ് ലീഗ് കരുതുന്നത്. ഈ പശ്ചാത്തലത്തിൽ തവനൂരിൽ നിന്ന് കോൺഗ്രസ് പിന്മാറി യുഡിഎഫ് സ്വതന്ത്രന് വേണ്ടി നിലകൊള്ളുകയാണെങ്കിൽ ഫിറോസിനെ മത്സരിപ്പിക്കാമെന്ന് ലീഗ് കരുതുന്നു.
പിണറായി സർക്കാരിന്റെ 5 കൊല്ലക്കാലം കെ ടി ജലീലും ലീഗും തമ്മിലുള്ള ഏറ്റുമുട്ടൽ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ലീഗും, യൂത്ത് ലീഗും കിട്ടാവുന്ന അവസരത്തിലൊക്കെ ജലീലിനെതിരെ രംഗത്തുവന്നു. ലീഗിനെതിരെ ലഭിക്കുന്ന ഒരവസരവും ജലീലും പാഴാക്കിയില്ല.
സോഷ്യൽ മീഡിയയിലൂടെ പരസ്പരം ചെളി വാരി എറിയുന്ന സംഭവങ്ങളുണ്ടായി. ഒരുവേള ജലീലിന്റെ വാട്സാപ്പ് ഹാക്ക് ചെയ്തുവെന്ന് വെളിപ്പെടുത്തൽ യാസിർ എടപ്പാൾ എന്നയാൾ നടത്തുകയും ചെയ്തു.
മുസ്ലിം ലീഗ് നേതാവായിരുന്ന കെ ടി ജലീലിനെതിരെ ശക്തമായ വിദ്വേഷം ലീഗുകാർക്കിടയിൽ ഉണ്ട്. ഇതിനെ മറികടന്നാണ് സിപിഐഎമ്മിന്റെ സഹായത്തോടെ ജലീൽ തവനൂരിൽനിന്ന് മത്സരിച്ച് ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ദുർബലൻ ആയിരുന്നു എന്ന് ആരോപണമുണ്ടായിരുന്നു.
ഇത്തവണ ജലീലിനെ എങ്ങനെയും തോൽപ്പിക്കുക എന്നതാണ് ലീഗിന്റെ ലക്ഷ്യം. അതിനാണ് ഫിറോസ് കുന്നുംപറമ്പിലിനെ കൊണ്ടുവരുന്നത്. ഫിറോസ് കുന്നുംപറമ്പിൽ തവനൂരിൽ മത്സരിച്ചാൽ മത്സരം പൊടിപാറും എന്ന് ഉറപ്പ്. ഇതുതന്നെയാണ് മുസ്‌ലിംലീഗിന്റെ ലക്ഷ്യവും.
കെ ടി ജലീലിനെ തവനൂരിൽ മാത്രം തളച്ചിടുക എന്നതും ഫിറോസിനെ സ്ഥാനാർഥി ആക്കുന്നതിലൂടെ മുസ്ലിംലീഗ് ലക്ഷ്യം വെക്കുന്നു. മലപ്പുറത്ത് വലിയ ക്യാമ്പയിൻ വാല്യൂ ഉള്ള നേതാവാണ് കെ ടി ജലീൽ. മികച്ച പ്രാസംഗികനും ആണ്. ഫിറോസ് കുന്നംപറമ്പിൽ മണ്ഡലത്തിൽ വന്നാൽ ജലീൽ തവനൂരിൽ ഏറെനേരം ചെലവിടേണ്ടി വരും. ഇത് മലപ്പുറം ജില്ലയിൽ തങ്ങൾക്ക് ഗുണകരമാകുമെന്നാണ് ലീഗ് കണക്കുകൂട്ടുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസ് വഴങ്ങുമോ എന്നുള്ളതാണ് ഇനി നോക്കിക്കാണേണ്ടത്.