ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇക്കുറി നിയമസഭയിൽ വായിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രസർക്കാറിന് എതിരെയുള്ള വിമർശനങ്ങൾ നിരവധിയാണ്. കേന്ദ്രസർക്കാറിനെതിരെയുള്ള വിമർശനങ്ങൾ വിട്ടുകളയാൻ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറായിരുന്നില്ല. ഗവർണറിന്റേതിന് സമാനമായ നിലപാടാണ് ബിജെപിയുടെ എംഎൽഎ ആയ ഒ രാജഗോപാലും സഭയിൽ സ്വീകരിച്ചത്.
നയപ്രഖ്യാപന പ്രസംഗവേളയിൽ സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ഗവർണർ പ്രസംഗം അവസാനിപ്പിക്കുമ്പോൾ പ്രതിപക്ഷ നിരയിൽ ഉണ്ടായിരുന്ന എം എൽ എ രാജഗോപാൽ മാത്രമായിരുന്നു.
കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെയും കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെയും ധാരാളം പരാമർശങ്ങൾ ഗവർണറുടെ പ്രസംഗത്തിൽ ഉണ്ടായിരുന്നു. പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിക്കുമ്പോഴെല്ലാം രാജഗോപാൽ പ്രതിഷേധിക്കാതെ കേട്ടിരുന്നു.
നേരത്തെ കാർഷിക നിയമങ്ങൾക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയപ്പോൾ അതിനെ എതിർക്കാൻ രാജഗോപാൽ തയ്യാറാകാത്തത് മാധ്യമ ശ്രദ്ധ നേടിയിരുന്നു. പിന്നീട് തിരുത്തിയെങ്കിലും സഭയിൽ പ്രമേയത്തെ അനുകൂലിക്കാനും രാജാഗോപാൽ തയ്യാറായി.
കുത്തകകളെ സഹായിക്കുന്നതാണ് കേന്ദ്രത്തിലെ കാർഷിക നിയമഭേദഗതി. കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഈ ഭേദഗതി തിരിച്ചടിയാണെന്ന് നയപ്രഖ്യാപനപ്രസംഗത്തിൽ പറയുന്നു. കർഷകസമരം രാജ്യം കണ്ട ഏറ്റവും വലിയ ചെറുത്തുനിൽപ്പാണ് എന്നും നയപ്രഖ്യാപനപ്രസംഗത്തിൽ ചൂണ്ടിക്കാണിക്കുന്നു.
പിസി ജോർജിന്റെ നിലപാടുകളും ഇന്ന് ശ്രദ്ധിക്കപ്പെട്ടു. പ്രതിപക്ഷ അംഗങ്ങൾക്കൊപ്പം പിസി ജോർജ് സഭ വിട്ടിറങ്ങിയില്ല. സഭ വിട്ടിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ സഭാഹാളിനു മുമ്പിൽ പ്രതിഷേധം നടത്തി.
പിന്നാലെ തന്നെ പ്രതിഷേധം രേഖപ്പെടുത്തി പിസി ജോർജ് സഭ വിട്ടിറങ്ങി. പ്രതിപക്ഷ എംഎൽഎമാരുടെ പ്രതിഷേധം നടക്കുന്ന നിയമസഭാ ഹാളിനു മുന്നിലേക്കാണ് പിസി ജോർജ് പോയത്. എന്നാൽ പ്രതിഷേധത്തിൽ പിസി ജോർജ് പങ്കുചേർന്നില്ല. പി ജെ ജോസഫിനോടും രമേശ് ചെന്നിത്തലയോടും അദ്ദേഹം സംസാരിച്ചു. എന്നാൽ പ്രതിഷേധക്കാർക്ക് ഒപ്പം പിസി ജോർജ് ഇരുന്നില്ല.
പ്രതിപക്ഷ പ്രതിഷേധത്തിലേക്ക് പി ജെ ജോസഫ് പി സി ജോർജിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം ഇല്ലെന്ന് തലയാട്ടി. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫും പിസി ജോർജിന്റെ ജനപക്ഷം പാർട്ടിയും കൈകോർക്കും എന്ന് വാർത്തകളുണ്ടായിരുന്നു.