അഴീക്കോട് പ്ലസ്ടു കോഴക്കേസില്‍ എംഎല്‍എ കെ.എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. മൂന്ന് മണിയോടെ ചോദ്യം ചെയ്യലിനായി ഷാജി വിജിലന്‍സ് ഓഫീസിലെത്തി. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങോത്താണ് ചോദ്യം ചെയ്യുന്നത്. അതേസമയം, ചോദ്യം ചെയ്യുന്നത് നടപടിക്രമം മാത്രമാണെന്നും അറസ്റ്റ് ഭയക്കുന്നില്ലെന്നും കെ.എം ഷാജി പ്രതികരിച്ചു.
അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നതാണ് ഷാജിക്കെതിരായ പരാതി. 17 പേരുടെ മൊഴി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം, സ്‌കൂളില്‍ പ്ലസ് ടു അനുവദിച്ചെങ്കിലും പണം നല്‍കേണ്ടെന്ന് കെ.എം.ഷാജി സ്‌കൂള്‍ അധികൃതരോടു പറഞ്ഞു. പണം വാങ്ങേണ്ടെന്നു പാര്‍ട്ടി നേതൃത്വത്തിനും നിര്‍ദേശം നല്‍കി. എന്നാല്‍ പ്ലസ് ടു അനുവദിച്ചതിന്റെ ചെലവുകള്‍ സ്‌കൂള്‍ അധികൃതര്‍ പിടിഎ ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചതില്‍ കെ.എം.ഷാജിക്ക് 25 ലക്ഷം രൂപ നല്‍കിയതിന്റെ കണക്കും ഉണ്ടായിരുന്നുവെന്നാണ് പരാതി.