NEWSTOP 10VIDEO

ക്രിസ്ത്യൻ-നായർ – മുസ്‌ലിം പിന്തുണ തിരിച്ച് പിടിക്കാൻ യുഡിഎഫിൽ കൊടുമ്പിരി കൊണ്ട നീക്കം,ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും സജീവമായി രംഗത്ത്


യു ഡി എഫിന്റെ പരമ്പരാഗത വോട്ട് ബാങ്ക് ആയ ക്രിസ്ത്യൻ-നായർ – മുസ്‌ലിം വോട്ടുകൾ തിരിച്ചു പിടിക്കാൻ മുതിർന്ന നേതാക്കൾ രംഗത്ത് .യുഡിഎഫിലെ പ്രമുഖ നേതാക്കൾ തന്നെയാണ് ഇതിനു വേണ്ടി നേരിട്ട് രംഗത്ത് എത്തിയിരിക്കുന്നത് .ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രകടനം മോശമാവാൻ കാരണം ക്രിസ്ത്യൻ-നായർ – മുസ്‌ലിം വോട്ടുകൾ കൈമോശം വന്നതാണ് എന്ന തിരിച്ചറിവിൽ ആണ് യു ഡി എഫ് നേതൃത്വം .

ക്രിസ്ത്യൻ – മുസ്‌ലിം വോട്ടുകൾ എൽ ഡി എഫിലേയ്ക്കും നായർ വോട്ടുകൾ ബിജെപിയിലേയ്ക്കും ഷിഫ്റ്റ് ചെയ്തു എന്നാണ് യു ഡി എഫ് വിലയിരുത്തുന്നത് .നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് വോട്ടു ബാങ്കിലെ വിള്ളൽ പരിഹരിക്കാൻ ആണ് നേതാക്കൾ ശ്രമിക്കുന്നത് .എല്ലാ കാലത്തും യു ഡി എഫിനെ പിന്തുണച്ചിരുന്ന ക്രിസ്ത്യൻ-നായർ – മുസ്‌ലിം ജനവിഭാഗങ്ങൾ ഇത്തവണ കൂറ് മാറിയതോടെ യു ഡി എഫിന്റെ കാലിടറുക ആയിരുന്നു .

ഉമ്മൻ ചാണ്ടി – രമേശ് ചെന്നിത്തല – കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ടാണ് അപകടം തിരിച്ചറിഞ്ഞ് കളത്തിൽ ഇറങ്ങിയിരിക്കുന്നത് .ഗ്രൂപ്പ് വൈരം മറന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ചാണ് ഇപ്പോൾ മിക്കവാറും മത മേലധ്യക്ഷന്മാരെ കാണുന്നത്.

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഉമ്മൻ ചാണ്ടിയ്ക്ക് യുഡിഎഫ് രാഷ്ട്രീയത്തിൽ പ്രസക്തി കൂട്ടുകയാണ് .ഈ സാഹചര്യത്തിലാണ് കൈകോർക്കാൻ രമേശ് ചെന്നിത്തല തയ്യാറായിരിക്കുന്നത് .രണ്ടു പേരും ഒരുമിച്ചാണ് ഇപ്പോൾ ആളുകളെ കാണാൻ പോകുന്നത് പോലും .

ബിഷപ്പ് ഹൗസുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് ഇരുവരും ഇപ്പോൾ നടത്തുന്നത് .ജനുവരി ഒന്നിന് കർദിനാൾ മാർ ക്ലിമീസ് കാതോലിക്കാ ബാവയെ ബിഷപ് ഹൗസിൽ എത്തി ഇരുവരും കണ്ടു .യു ഡി എഫിനെ പിന്തുണക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു .ഇതിന് മുൻപ് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും ക്ളീമിസിനെ കണ്ടിരുന്നു . കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരീഖ് അൻവറും കർദിനാൾ മാർ ക്ലിമീസ് കാതോലിക്കാ ബാവയെ കണ്ടു .തിരുവനന്തപുരത്തെ മാർത്തോമാ ബിഷപ് ജോസഫ് മാർ ബർണബാസ്‌ എപ്പിസ്കോപ്പയെയും താരീഖ് അൻവർ നേരിൽ കണ്ടു .

കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി ആർച്ച് ബിഷപ് ജോസഫ് പെരുന്തോട്ടത്തെ ഉമ്മൻ ചാണ്ടി പോയി കണ്ടു .യു ഡി എഫുമായി അത്ര നല്ല ബന്ധത്തിൽ അല്ല ഇപ്പോൾ ചങ്ങനാശ്ശേരി ബിഷപ് .ഇതിനു പിന്നാലെ ഉമ്മൻ ചാണ്ടി എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ വീട്ടിൽ പോയി കണ്ടു .കോതമംഗലം, ഇടുക്കി ബിഷപ്പുമാരെ കാണാൻ നിയോഗിച്ചിരിക്കുന്നത് പി ജെ ജോസഫിനെയാണ് .

കേരളത്തിലെ ബിഷപ്പുമാരെ ഒന്നൊഴിയാതെ പോയി കാണാൻ ആണ് യു ഡി എഫ് നേതാക്കളുടെ തീരുമാനം .ഒപ്പം തന്നെ എൻ എസ് എസ് കരയോഗങ്ങളുമായി ബന്ധപ്പെടാനും നീക്കമുണ്ട് .മുന്നാക്ക വിഭാഗങ്ങളിലെ തങ്ങളുടെ വോട്ടു ബാങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വിള്ളൽ ഉണ്ടാകാതിരിക്കാനുള്ള പ്രവർത്തനം ആണ് ഇപ്പോൾ യു ഡി എഫ് നേതാക്കൾ നടത്തുന്നത് .

മുസ്ലിം സംഘടനകളുടെ പിന്തുണ തേടാൻ കുഞ്ഞാലിക്കുട്ടി കൊണ്ടുപിടിച്ചുള്ള ശ്രമങ്ങൾ നടത്തുകയാണ് .സമസ്ത നേതാക്കൾ ഇന്ന് പാണക്കാട്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു .ലീഗിന്റെ ജമാ അത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിൽ സമസ്ത വിഭാഗം അസംതൃപ്തർ ആണ് .ഈ പശ്ചാത്തലത്തിൽ ലീഗ് മുൻകൈ എടുത്തായിരുന്നു തങ്ങളുമായുള്ള കൂടിക്കാഴ്ച .

ജാതി-മത ശക്തികളെ അടുപ്പിക്കാനുള്ള ശ്രമം ആണ് യുഡിഎഫ് ഇപ്പോൾ നടത്തുന്നത് .തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി ആണ് യു ഡി എഫിനെ ഇപ്പോൾ ഈ വിധത്തിൽ ചിന്തിപ്പിക്കുന്നത് .തെരഞ്ഞെടുപ്പിന് മുമ്പ് നഷ്‌ടമായ വോട്ടുബാങ്ക് തിരിച്ചു പിടിക്കാനുള്ള തീവ്ര ശ്രമം ആണ് നേതാക്കൾ മുന്നിട്ടിറങ്ങി നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button