NEWS

ഗെയിൽ പദ്ധതി, ഇത് പിണറായിയുടെ നിശ്ചയദാർഢ്യത്തിന്റെ ഉദാഹരണം

കേരളത്തില്‍ ഒരിക്കലും നടപ്പാകില്ലെന്നു പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങിയ രണ്ട് പദ്ധതിയാണ് ആറുവരി ദേശീയപാതയും ഗെയില്‍ പൈപ്പ് ലൈനും. സംസ്ഥാനത്തിന്റെ ഭാവിവികസനത്തിന് വഴിവെട്ടുന്ന ഈ രണ്ടു പദ്ധതിയും യാഥാര്‍ഥ്യമാക്കിയ ആഹ്ലാദത്തിലാണിപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍.

ദേശീയപാതാ വികസനത്തിന്റെ തറക്കല്ലിടല്‍ ഒക്ടോബര്‍ പതിമൂന്നിനായിരുന്നു. ഗെയില്‍ പദ്ധതിയുടെ ഗുണഫലം ഇന്ന് ലഭിക്കുകയും ചെയ്തു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കേരളത്തില്‍, ഭൂമി ഏറ്റെടുക്കലായിരുന്നു ഇരു പദ്ധതിയും നേരിട്ട വെല്ലുവിളി. ആറുവരി പാതയ്ക്ക് കേന്ദ്ര മാനദണ്ഡപ്രകാരം 60 മീറ്റര്‍ വീതിയില്‍ സ്ഥലമെടുക്കുക അസാധ്യം. ഇത് 45 മീറ്ററാക്കി കേന്ദ്രം ഇളവ് ചെയ്തെങ്കിലും സ്ഥലമെടുപ്പ് നടക്കാത്തതിനാല്‍ ദേശീയപാത അതോറിറ്റി പിന്മാറി.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസുകള്‍ പുനഃസ്ഥാപിച്ചുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ തീവ്രശ്രമം വിജയത്തിലെത്തി. ന്യായമായ നഷ്ടപരിഹാരം നല്‍കിയും പദ്ധതിയുടെ അനിവാര്യത ജനങ്ങളെ ബോധ്യപ്പെടുത്തിയും നിശ്ചയദാര്‍ഢ്യത്തോടെ സര്‍ക്കാര്‍ മുന്നോട്ട് പോയപ്പോള്‍ ജനങ്ങള്‍ ഒപ്പംനിന്നു. അതിന്റെ ഫലമായി ഇന്നിതാ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കൊച്ചി- മംഗളുരു ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി നാടിന് സമര്‍പ്പിച്ചിരിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ തീവ്രപോരാട്ടത്തിന്റെ പരിണിതഫലമാണ് ഈ പദ്ധതിയുടെ വിജയമെന്ന് തന്നെ പറയാം.

ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈനിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത് 2010-ലാണ്. കൊച്ചി എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നുള്ള പ്രകൃതിവാതകം പൈപ്പ് വഴി മംഗളൂരുവിലേക്കും ബംഗളൂരുവിലേക്കും കൊണ്ടുപോകുന്നതിനുള്ളതാണ് പദ്ധതി. 2010-ല്‍ അനുമതി ലഭിച്ച പദ്ധതിയാണെങ്കിലും 2016-വരെ 48 കിലോമീറ്റര്‍ ദൂരത്തില്‍ മാത്രമാണ് പൈപ്പിടാനായത്. ജനങ്ങളുടെ പ്രതിഷേധം വന്നപ്പോള്‍ അന്നത്തെ സര്‍ക്കാര്‍ പിന്‍വാങ്ങി. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനോ അവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാനോ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഗത്യന്തരമില്ലാതെ മുഴുവന്‍ പ്രവൃത്തികളും ഗെയില്‍ അവസാനിപ്പിച്ചു. 4,500 കോടി രൂപ മുതല്‍ മുടക്കില്‍ പുതുവൈപ്പിനില്‍ സ്ഥാപിച്ച എല്‍എന്‍ജി ടെര്‍മിനല്‍ കേന്ദ്ര സര്‍ക്കാരിന് വലിയ ബാധ്യതയായി മാറി.

2016-ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റശേഷമാണ് പദ്ധതിക്ക് പുനര്‍ജീവന്‍ കിട്ടിയത്. നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി നിശ്ചയിച്ചു. ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കി. മറ്റു സംസ്ഥാനങ്ങളില്‍ 30 മീറ്ററാണ് പൈപ്പിടാന്‍ ഏറ്റെടുക്കുന്നത്. ഇവിടെ അതു 20 മീറ്ററായി ചുരുക്കി. പിന്നീട് അതു 10 മീറ്ററായി പരിമിതപ്പെടുത്തി. 10 സെന്റില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് അതില്‍ വീട് വെയ്ക്കാന്‍ സൗകര്യം നല്‍കി. അവര്‍ക്ക് ആശ്വാസധനമായി അഞ്ചുലക്ഷം രൂപയും നല്‍കി. വിളകള്‍ക്ക് നഷ്ടപരിഹാരം ഉയര്‍ത്തി.

സ്ഥലമേറ്റെടുക്കല്‍, നഷ്ടപരിഹാരം, സുരക്ഷ എന്നിവ സംബന്ധിച്ച് നാട്ടുകാര്‍ക്കുണ്ടായിരുന്ന ആശങ്കയും പരാതികളും പരിഹരിക്കാന്‍ സര്‍ക്കാര്‍ നിരന്തരമായി ഇടപെട്ടു. പദ്ധതിയുടെ പുരോഗതി മുഖ്യമന്ത്രി നേരിട്ട് നിരന്തരമായി വിലയിരുത്തി. തടസ്സങ്ങള്‍ നീക്കാന്‍ അദ്ദേഹം തന്നെ ഇടപെട്ടുകൊണ്ടിരുന്നു. ഇതിന്റെയൊക്കെ ഫലമായി സര്‍ക്കാരിന്റെ ആദ്യ ആയിരം ദിവസങ്ങള്‍ക്കകം 330 കിലോമീറ്റര്‍ പൈപ്പ് ലൈനിടാന്‍ കഴിഞ്ഞു. വിജയകരമായ കേരള മാതൃകയില്‍ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് മറ്റു സംസ്ഥാനങ്ങള്‍. കേരളത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ലഭിച്ചതുപോലുള്ള സഹകരണവും പിന്തുണയും മറ്റൊരു സംസ്ഥാനത്തും ലഭിച്ചിട്ടില്ലെന്ന് ഗെയിലിന്റെ പ്രധാന ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

പദ്ധതി പൂര്‍ത്തിയാക്കിയതിന് കേരളത്തിലെയും കര്‍ണാടകത്തിലെയും ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. രണ്ടു സംസ്ഥാനങ്ങളുടെയും സാമ്പത്തിക വികസനത്തിന് ഈ പദ്ധതി വലിയ സംഭാവനയാകും. ഒന്നിച്ചു നിന്നാല്‍ ഒന്നും അസാധ്യമല്ലെന്നാണ് പദ്ധതിയുടെ വിജയം തെളിയിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു.

ഒരു പതിറ്റാണ്ടുകാലം ഇഴഞ്ഞുനീങ്ങി ഒടുവില്‍ ഉപേക്ഷിക്കപ്പെട്ട ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ നാട് കടപ്പെട്ടിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന കാഴ്ചപ്പാടിനോടും ഇച്ഛാശക്തിയോടുമാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker