LIFETRENDING

ആദ്യം തിയേറ്ററുകളില്‍ ജയസൂര്യ ചിത്രം ‘വെളളം’?

കോവിഡ് ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത് ചൊവ്വാഴ്ച സിനിമ തിയേറ്ററുകള്‍ തുറക്കുകയാണ്. 85 ഓളം മലയാള സിനിമകളാണ് ഈ സന്ദര്‍ഭത്തില്‍ തിയേറ്റര്‍ റിലീസിനായി കാത്തിരിക്കുന്നത്. ഇതില്‍ ഉടന്‍ റിലീസിനായി തയ്യാറായിരിക്കുന്നത് ജയസൂര്യ നായകനായ വെളളം എന്ന ചിത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ ഉടന്‍ റിലീസിന് തയ്യാറാണെന്ന് അണിയറപ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിനിമ വ്യവസായ രംഗത്തെ കോവിഡ് കാല പ്രതിസന്ധികളില്‍ നിന്നും തിരികെ കൊണ്ട് വരാനായി ഏതു റിസ്‌ക്കും ഏറ്റെടുക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. ‘ചിത്രത്തിന്റെ സെന്‍സറിങ്ങും പൂര്‍ത്തിയായതാണ്. ഈ സാഹചര്യത്തില്‍ തിയറ്റര്‍ ഉടമകളുടെ തീരുമാനം നോക്കി എപ്പോള്‍ വേണമെങ്കിലും പടം കൊടുക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്.’വെള്ളം സിനിമയുടെ നിര്‍മാതാക്കള്‍ പറഞ്ഞു.

Signature-ad

ക്യാപ്റ്റന്‍ സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് വെളളം.
കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം എന്ന ചിത്രത്തിലൂടെ പറയുന്നത്. പൂര്‍ണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ‘ വെള്ളം’ ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

കോവിഡും ലോക്ക്ഡൗണും മൂലം സംസ്ഥാനത്ത് ഒമ്പത് മാസമാണ് തിയേറ്ററുകള്‍ പൂട്ടിക്കിടന്നത്. അതിനാല്‍ സിനിമ മേഖലയിലുളളവര്‍ക്ക് വന്‍ നഷ്ടമായിരുന്നു ഈ മാസങ്ങള്‍. ഇപ്പോള്‍ 35 സിനിമക പണിപ്പുരയിലുണ്ട്. ഉടന്‍ ചിത്രീകരണം തുടങ്ങാന്‍ 28 സിനിമകള്‍. എന്നാല്‍ പൂര്‍ത്തിയായ ബിഗ് ബജറ്റ് സിനിമകള്‍ ഇപ്പോള്‍ റിലീസ് ചെയ്യില്ല എന്നാണ് വിവരം.

മോഹന്‍ലാലിന്റെ മരയ്ക്കാര്‍,മമ്മൂട്ടിയുടെ പ്രീസ്റ്റ്,ഫഹദ് ഫാസിലിന്റെ മാലിക്, ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്നിവയെല്ലാം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ റിലീസ് ചെയ്യും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

50% സീറ്റുകളില്‍ ആണ് ഇപ്പോള്‍ പ്രേക്ഷകരെ അനുവദിച്ചിട്ടുള്ളത്. അങ്ങനെയെങ്കില്‍ തീയ്യറ്ററുകള്‍ നടത്തിക്കൊണ്ടുപോകാന്‍ അത്ര എളുപ്പമാകില്ല. വൈദ്യുതി ബില്ലില്‍ ആനുകൂല്യം വേണമെന്ന തിയേറ്റര്‍ ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. പൂട്ടിക്കിടന്ന കാലത്ത് വൈദ്യുതി കുടിശിക തിയ്യറ്ററുകള്‍ അടക്കാനുണ്ട്, പൂട്ടിക്കിടന്ന കാലത്ത് തിയേറ്റര്‍ നശിക്കാതെ ഇരിക്കാന്‍ വേണ്ടി ചെലവഴിച്ച തുക വേറെയും.

Back to top button
error: