കോവിഡ് വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനെ പ്രതിസന്ധിയിലാക്കുന്നു. നിലവിലെ കോവിഡ് വൈറസിനേക്കാൾ വളരെവേഗം വകഭേദം വന്ന വൈറസ് പടർന്നുപിടിക്കുന്നു. ഇംഗ്ലണ്ടിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് അടക്കം വിലക്കാണിപ്പോൾ .
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ബ്രിട്ടണിലേയ്ക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്. ജനിതകമാറ്റം വന്ന വൈറസുകൾക്ക് കോശങ്ങളെ ബാധിക്കാനുള്ള ശേഷി വർദ്ധിക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഇത് പഴയതിനേക്കാൾ മാരകമാണോ എന്ന ചോദ്യത്തിന് ശാസ്ത്രലോകം ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ല. ലണ്ടനിലാണ് ഇത് കണ്ടെത്തിയതെങ്കിലും വൈറസിന്റെ ജനനം ഇംഗ്ലണ്ടിൽ ആണോ എന്നതിന് വ്യക്തതയില്ല. നിലവിലെ വൈറസിനേക്കാൾ 70 ശതമാനം അധികം വേഗത്തിലാണ് പുതിയ വൈറസ് പടരുന്നത്.
സെപ്റ്റംബർ മാസം മുതലാണ് ലണ്ടനിൽ പുതിയ വൈറസ് വകഭേദത്തെ തിരിച്ചറിയുന്നത്. നവംബറിലെ രോഗബാധിതരിൽ 50 ശതമാനവും പുതിയ വൈറസ് ബാധിച്ചവരാണ്. ഡിസംബർ ആകുമ്പോഴേക്കും അത് മൂന്നിൽ രണ്ടായി.
എന്തുകൊണ്ടാണ് പുതിയ വകഭേദം വൈറസ് ഇത്ര പെട്ടെന്ന് പടർന്നു പിടിക്കുന്നത് എന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. പുതിയയിനം വൈറസ് ബാധ ഏറെയും ലണ്ടൻ നഗരത്തിലാണ്.
ഓസ്ട്രേലിയയിലും ഡെൻമാർക്കിലും പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇത് ലണ്ടനിൽ നിന്ന് എത്തിയതാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സമാനമായ വൈറസ് ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയെങ്കിലും ലണ്ടനിൽ നിന്നാണ് ഈ വൈറസ് വന്നത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
കോവിഡ് വൈറസിന് തുടക്കം മുതൽ തന്നെ ജനിതക മാറ്റം സംഭവിക്കുന്നുണ്ട്. ചൈനയിലെ വുഹാനിൽ കണ്ടെത്തിയ വൈറസ് അല്ല മറ്റുരാജ്യങ്ങളിൽ കണ്ടെത്തിയത്. യൂറോപ്പിലുണ്ടായ വകഭേദമാണ് പിന്നീട് ലോകമാകെ പടർന്നു പിടിച്ചത്.
പഴയ വൈറസ് ബാധിച്ചുണ്ടായ ആന്റിബോഡി പുതിയ വകഭേദത്തെ പ്രതിരോധിക്കാൻ കഴിയുമോ എന്നതിൽ വ്യക്തതയില്ല. ഒട്ടും പ്രതിരോധ ശേഷിയില്ലാത്ത കൊറോണ ബാധിച്ച ആളിൽ ആയിരിക്കാം ഒരു പക്ഷേ വകഭേദം ഉണ്ടായത് എന്നാണ് സൂചന.
വകഭേദം വന്ന വൈറസിന് വാക്സിൻ ഫലപ്രദമാകും എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. നിലവിൽ മൂന്ന് പ്രധാന വാക്സിനുകൾ ആണ് ഉള്ളത്. ഇവയ്ക്ക് ഈ വൈറസിനെ പ്രതിരോധിക്കാൻ ശേഷിയുണ്ട് എന്നാണ് വിലയിരുത്തൽ.
വൈറസിന് ഇനിയും വകഭേദം ഉണ്ടാകുമോ എന്നുള്ളതാണ് ആശങ്കയോടെ നോക്കിക്കാണുന്ന മറ്റൊരു സംഗതി. നിലവിലെ വാക്സിനെ മറികടക്കാൻ പുതിയ വകഭേദത്തിന് കഴിഞ്ഞാൽ വീണ്ടും കൊടിയ ആശങ്കയുടെ നാളുകൾ ആണ് കാത്തിരിക്കുന്നത്.