ബഷീറിന്റെ കൊലപാതകം; സി സി ടി വി ദൃശ്യങ്ങളുടെ ഡി വി ഡികള്‍ ഫോറന്‍സിക് മുഖേന മാത്രമേ നല്‍കാവൂ എന്ന് പ്രോസിക്യൂഷന്,കേസ് 30ലേക്ക് മാറ്റി

തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് സി സി ടിവി ദൃശ്യങ്ങളുടെ പകര്‍പ്പ് ഫോറന്‍സിക് വകുപ്പിലൂടെ മാത്രമേ നല്‍കാവൂ എന്ന് പ്രോസിക്യൂഷന്‍. ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി(മൂന്ന്)യില്‍ ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ഒന്നാം പ്രതി ശീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജരായില്ല. കൂട്ടു പ്രതി കാറുടമയും പരസ്യ മോഡലും ശ്രീറാമിന്റെ പെണ്‍ സുഹൃത്തുമായ വഫാ നജീം കോടതിയില്‍ ഹാജരായി. അപകട സമയത്തെ സി സി ടി വി ഫൂട്ടേജ് ദ്യശ്യങ്ങള്‍ പകര്‍ത്തിയ 2 ഡിവിഡികളുടെ പകര്‍പ്പുകള്‍ ഫോറന്‍സിക് ലബോറട്ടറി പരിശോധനക്ക് ശേഷമേ പ്രതികള്‍ക്ക് നല്‍കാവൂയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുത്തു. ഡി വി ഡി ദൃശ്യങ്ങള്‍ കോടതിയില്‍ വച്ച് പ്രതികളെ കാണിച്ച് ഉറപ്പു വരുത്തിയ ശേഷം ഫോറന്‍സിക് ലാബിലേക്കയച്ച് പകര്‍പ്പ് ലഭ്യമാക്കാവുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ നടപടികള്‍ ഡിസംബര്‍ 30 നകം പൂര്‍ത്തിയാക്കാന്‍ കോടതി ഉത്തരവിട്ടു.

അസ്സല്‍ ഡി വി ഡികള്‍ തൊണ്ടിമുതലായി കോടതിയില്‍ ഹാജരാക്കിയതിനാല്‍ പ്രതികള്‍ക്ക് നല്‍കാനായുള്ള പകര്‍പ്പെടുത്തിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി വി ഡി പകര്‍പ്പ് ഹാജരാക്കാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എം. ഒ. നമ്പര്‍ 30 ഉം 33 ഉം നമ്പരായി പോലീസ് സമര്‍പ്പിച്ച 2 ഡി വി ഡികള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ടിരുന്നത്. അതേ സമയം ഒരു കേസിലെ തൊണ്ടിയെന്താണെന്നും ഡോക്യുമെന്റ് (രേഖ) എന്താണെന്നും 2019 ല്‍ ഹൈക്കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് എ അനീസ ചൂണ്ടിക്കാട്ടി. അത് പ്രകാരം ഡിവിഡി രേഖയാണെന്നും പകര്‍പ്പിന് പ്രതികള്‍ക്ക് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ഹാഷ് വാല്യു മാറ്റം വരുത്താതെ വേണം പകര്‍പ്പെടുക്കാനെന്നും കോടതി വ്യക്തമാക്കി. തുറന്ന കോടതിയില്‍ വച്ച് ദ്യശ്യങ്ങള്‍ കണ്ട ശേഷം മാത്രമേ പകര്‍പ്പ് നല്‍കാനാവു. അല്ലാത്തപക്ഷം വിചാരണ വേളയില്‍ ഡി വി ഡി മാറിപ്പോയെന്ന ആരോപണവുമായി പ്രതികള്‍ രംഗത്തെത്തുമെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ഹാഷ് വാല്യു മാറ്റം വരുത്താതെ പകര്‍പ്പ് എടുക്കണമെന്ന നിര്‍ദ്ദേശത്തോടെ ഫോറന്‍സിക് ലാബിലേക്കയച്ച് പകര്‍പ്പ് ലഭ്യമാക്കാന്‍ നിര്‍ദേശിച്ച് ഉത്തരവുണ്ടാകണമെന്ന് സര്‍ക്കാര്‍ അഭിഭാഷക ബോധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *