മലയാളത്തിലെ ഫീനീക്‌സ് പക്ഷിയെന്ന് നമുക്ക് ഫഹദ് ഫാസിലിനെ വിശേഷിപ്പിക്കാം. ആദ്യ വരവില്‍ അമ്പേ പരാജയപ്പെട്ട് എല്ലാവരുടേയും കളിയാക്കലുകളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ താരം നിശബ്ദനായി മലയാള സിനിമയില്‍ നിന്നും പിന്‍വാങ്ങി. അച്ചനായ ഫാസിലിന് പോലും മകന്റെ കരിയറില്‍ അയാളെ ചുവടുറപ്പിച്ച് നിര്‍ത്താന്‍ സാധിച്ചില്ല. കൈയ്യെത്തും ദൂരത്ത് എന്ന ആദ്യ ചിത്രത്തിന്റെ പരാജയത്തെത്തുടര്‍ന്ന് കേരളത്തില്‍ നിന്നും പോയ ഫഹദ് ഫാസില്‍ തിരിച്ചെത്തിയപ്പോള്‍ സംഭവിച്ചത് അത്ഭുതങ്ങളായിരുന്നു.
അഭിനയിക്കാന്‍ അറിയില്ല എന്ന പറഞ്ഞവരെക്കൊണ്ട് തന്നെ അയാള്‍ തന്നെയൊരു നടനായി അംഗീകരിപ്പിച്ചു. തന്റെ സിനിമയ്ക്ക് വേണ്ടി മലയാളികളെ കാത്തിരിപ്പിക്കുന്ന, ഓരോ സിനിമയും ഓരോ അത്ഭുതമാക്കി മാറ്റുന്ന ഫഹദ് ഫാസില്‍ ഇപ്പോള്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വരവില്‍ താരത്തിനൊപ്പം അച്ചനും സംവിധായകനുമായ ഫാസിലും കൂടെയുണ്ടെന്ന പ്രത്യേകതയുമുണ്ട്.
‘മലയന്‍കുഞ്ഞ്’ എന്ന് പേരിട്ടിരിക്കുന്ന ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സജിമോനാണ്. അച്ചനായ ഫാസിലാണ് ചിത്രം അരങ്ങിലെത്തിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണനും സംഗീതം സുഷിന്‍ ശ്യാമുമാണ് നിര്‍വ്വഹിക്കുന്നത്. 2021 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കിക്കാണുന്നത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ജോജി എന്ന ചിത്രത്തിലാണ് ഫഹദ് ഫാസില്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ശ്യാം പുഷ്‌കരനാണ് ജോജിയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.