LIFENEWS

രജനീകാന്തിന് തമിഴ്നാട്ടിലെ രാഷ്ട്രീയ സൂപ്പർഹിറ്റ് ആകാൻ കഴിയുമോ?

ഈ വരുന്ന ഡിസംബർ 31 ന് സൂപ്പർസ്റ്റാർ രജനീകാന്ത് തന്റെ രാഷ്ട്രീയ പാർട്ടി രൂപീകരണ തീയതി പ്രഖ്യാപിക്കും. തന്റെ മുൻ പ്രഖ്യാപനങ്ങൾ പോലെയല്ല ഇത്തവണ രജനീകാന്ത് രാഷ്ട്രീയപാർട്ടി ഉണ്ടാക്കുമെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്.

ദ്രാവിഡ രാഷ്ട്രീയത്തെ ആത്മീയ രാഷ്ട്രീയം ആക്കി മാറ്റും എന്നാണ് രജനീകാന്തിന്റെ പ്രഖ്യാപനം. എന്നാൽ രജനീകാന്തിന് അതിന് കഴിയുമോ? ഒരു പ്രസ്താവന കൊണ്ട് വിജയിക്കാൻ ഇതൊരു സിനിമയല്ല. ദ്രാവിഡ രാഷ്ട്രീയത്തിലൂടെ അല്ലാതെ ആരും തമിഴ്നാട്ടിൽ രക്ഷപ്പെട്ടിട്ടുമില്ല. കൃത്യമായ രാഷ്ട്രീയ തിരക്കഥ ഉണ്ടായാലേ തമിഴകത്ത് പിടിച്ചുനിൽക്കാൻ ആകൂ.

Signature-ad

എംജിആറിന് “ഡിഎംകെ ചതിച്ചു” എന്ന സ്ക്രിപ്റ്റ് ഉണ്ടായിരുന്നു. “താൻ ഇര” എന്ന വൺലൈൻ ജയലളിതയ്ക്കും ഉണ്ടായിരുന്നു. ഇത്തരം ഒരു സ്ക്രിപ്റ്റ് ഇല്ലാത്തതായിരുന്നു ശിവാജിഗണേശന്റെയും ഒരുപരിധിവരെ കമൽഹാസന്റെയും പരാജയം.

ഒരു മൂന്നാം ബദലിന് തമിഴ്നാട്ടിൽ വോട്ട് ഉണ്ട് എന്നുള്ളത് സത്യമാണ്. രജനിയെക്കാൾ എത്രയോ താഴെയുള്ള താരമായ വിജയകാന്തിന് 2006 ൽ പാർട്ടി രൂപീകരിച്ചപ്പോൾ 8 ശതമാനം വോട്ട് കിട്ടി. എന്നാൽ ഇത്രയും വോട്ട് ശതമാനം കിട്ടിയിട്ടും 234 അംഗ അസംബ്ലിയിൽ ഒരു സീറ്റിൽ മാത്രമാണ് വിജയകാന്തിന് ജയിക്കാൻ ആയത്.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സമ്പൂർണ്ണ വിജയത്തിന് ഡിഎംകെയ്ക്കും കൂട്ടാളികൾക്കും കൂടി കിട്ടിയത് 33 ശതമാനം വോട്ടാണ്. 2016ൽ 40 ശതമാനം വോട്ടുകൊണ്ടാണ് ജയലളിത 135 നിയമസഭാ സീറ്റുകൾ നേടിയത്. 39.85 ശതമാനം വോട്ട് ഉണ്ടായിരുന്ന ഡിഎംകെയ്ക്ക് 96 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

ഇത്രയും വോട്ട് നേടാൻ ആയില്ലെങ്കിൽ രജനീകാന്തിന് വിജയി ആകാനല്ല മറ്റൊരു പാർട്ടിയുടെ പരാജയത്തിനു കാരണമാകാം.സ്റ്റാർ ആകാം, പക്ഷേ തമിഴ്നാട് മുഖ്യമന്ത്രി ആകണമെങ്കിൽ നിയമസഭയിൽ സീറ്റുകൾ വേണം.

ദ്രാവിഡ രാഷ്ട്രീയം തിരുത്തി കുറിക്കുമെന്നാണ് രജനീകാന്ത് പ്രഖ്യാപിച്ചത്. അതായത് താൻ മാറ്റത്തിന്റെ തമ്പുരാൻ ആകുമെന്ന്. അതുകൊണ്ടുതന്നെ നിലവിലെ തമിഴ്നാട് രാഷ്ട്രീയ പാർട്ടികളുമായി സഖ്യം ഉണ്ടാക്കാൻ രജനീകാന്തിന് ബുദ്ധിമുട്ടേണ്ടി വരും.

ബിജെപിയോട് താല്പര്യം രജനിക്ക് ഉണ്ട് എന്നുള്ളത് പരസ്യമായ രഹസ്യമാണ്.അമിത് ഷാ ചെന്നൈയിൽ വന്നപ്പോൾ രജനീകാന്ത് ഓൺലൈൻ കൂടിക്കാഴ്ചയും നടത്തി.എന്നൽ അണ്ണാ ഡിഎംകെ- ബിജെപി സഖ്യത്തിൽ ചേരുകയാണെങ്കിൽ രജനീകാന്ത് ഇപ്പോൾ പറഞ്ഞതെല്ലാം മാറ്റി പറയേണ്ടി വരും.

തമിഴ്നാട്ടിൽ പരക്കുന്ന ഒരു കഥ എന്നുപറഞ്ഞാൽ ബിജെപി എഐഎഡിഎംകെയുമായി കൂട്ട് ചേരും, രജനി പ്രതിപക്ഷത്തിന്റെ വോട്ട് ഭിന്നിപ്പിക്കും എന്നാണ്. അപ്പോഴും രജനിക്ക് മുഖ്യമന്ത്രി ആകാനുള്ള ശക്തി ഉണ്ടാകില്ല. ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ മുഖ്യമന്ത്രിയാകുന്നതിനോട് രജനിക്ക് ഒരു മതിപ്പുമില്ല. രജനി ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും വോട്ടുകൾ ചോർത്തും. യഥാർത്ഥത്തിൽ കേഡർ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന ഡിഎംകെയെക്കാൾ രജനി ബാധിക്കുക അണ്ണാ ഡിഎംകെയെ ആയിരിക്കും.കാരണം നേതൃതല പ്രതിസന്ധി അണ്ണാ ഡിഎംകെയിൽ ആണ്.

രജനിയെ ഉപയോഗിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത് മറിച്ച് രാഷ്ട്രീയത്തിലെ സൂപ്പർസ്റ്റാർ ആക്കാൻ അല്ല. അതുകൊണ്ടുതന്നെ ശ്രദ്ധിച്ചു നിന്നില്ലെങ്കിൽ രജനിയുടെ കാൽച്ചുവട്ടിലെ മണ്ണ് ബിജെപി കൊണ്ടുപോകും.

രജനീകാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങണം എന്ന് നിർബന്ധിക്കുന്നത് ചുറ്റും ഉള്ളവരാണ്. അത് അവരുടെ ഗുണത്തിനു വേണ്ടിയാണ്. എന്നാൽ ഇതിൽ നിന്ന് രജനീകാന്ത് എന്തെങ്കിലും ഗുണം ഉണ്ടാകുമോ എന്നുള്ളത് ഇപ്പോഴും വ്യക്തമല്ല.

Back to top button
error: