NEWS

ഊരാളുങ്കൽ സൊസൈറ്റിയെ ബാധിക്കുന്നവയല്ല സമീപകാലവിവാദങ്ങൾ, വീണ്ടും വാർത്താക്കുറിപ്പ് ഇറക്കി ഊരാളുങ്കൽ

സൊസൈറ്റിയുടെ എല്ലാ പ്രവർത്തനവും നിയമാനുസൃതം, സുതാര്യം-വാർത്താക്കുറിപ്പ്

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിക്ക് അത് ഏറ്റെടുക്കുന്ന നിർമ്മാണപ്രവൃത്തികൾ ചെയ്യാൻ അത്യാവശ്യം വേണ്ട യന്ത്രോപകരണങ്ങളും വാഹനങ്ങളും സ്വന്തമായുണ്ട്. എന്നാൽ, പലപ്പോഴും ഒരേസമയം ധാരാളം പണികൾ ചെയ്യേണ്ടിവരുമ്പോൾ അപ്പോഴത്തെ അധിക ആവശ്യത്തിനനുസരിച്ച് യന്ത്രങ്ങളും വാഹനങ്ങളും വാടകയ്ക്ക് എടുക്കാറുണ്ട്. പ്രൊജക്റ്റിന്റെ സ്വഭാവം അനുസരിച്ച് വേണ്ട വാഹനങ്ങളും യന്ത്രങ്ങളും ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കും കരാറടിസ്ഥാനത്തിൽ എടുക്കുകയാണു രീതി.

പ്രവർത്തനമേഖല കേരളം മുഴുവനായി വ്യാപിപ്പിച്ചശേഷം നിർമ്മാണം നടക്കുന്ന കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിക്കുകയും അവതമ്മിലുള്ള അകലം കൂടുതലായിരിക്കുകയും ചെയ്തതോടെ ഇപ്രകാരം എടുക്കേണ്ട യന്ത്രങ്ങളുടെയും വാഹനങ്ങളുടെയും എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ട്. ഒരേസമയം മുന്നൂറും നാനൂറും നിർമ്മാണപ്രൊജക്റ്റുകൾ സൊസൈറ്റി ചെയ്യുന്നുണ്ട്.

നിലവിൽ ഇത്തരത്തിൽ 387 വാഹനങ്ങളും നിർമ്മാണയന്ത്രങ്ങളും വാടകയ്ക്ക് ഉപയോഗിച്ചു വരികയാണ്. വാർഷികപദ്ധതിപൂർത്തീകരണത്തിന്റെ സമയമായ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇതിന്റെ എണ്ണം വളരെ കൂടും. ഇക്കഴിഞ്ഞ മാർച്ചിൽ എണ്ണൂറോളം യന്ത്രങ്ങളും വാഹനങ്ങളുമാണു സൊസൈറ്റി വാടകയ്ക്ക് എടുത്തത്. ഇത് വളരെ സ്വാഭാവികമായ കാര്യം മാത്രമാണ്.

ഇതെല്ലാം കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് എടുത്തിട്ടുള്ളത്. ഇതിനെല്ലാം സൊസൈറ്റിയുടെ കൃത്യമായ മാനദണ്ഡങ്ങളും നിരക്കുകളും ഉണ്ട്. എല്ലാറ്റിന്റെയും വാടക നല്കുന്നതും നികുതിനിയമങ്ങൾ അടക്കമുള്ള എല്ലാ നിയമങ്ങളും പാലിച്ച് ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമാണ്. ഇതെല്ലാം വളരെ സുതാര്യവുമണ്. ഇക്കാര്യത്തിൽ സൊസൈറ്റിയുടെ ഭാഗത്ത് ഒരുതരം വീഴ്ചയും നിയമലംഘനവും നടപടിക്രമങ്ങളിൽ വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ ഒരുതരം ആശങ്കയുടെയും കാര്യമില്ല.

വസ്തുത ഇതായിരിക്കെ ഒരു വ്യക്തിയുടെ വാഹനം മാത്രം വാടകയ്ക്കെടുത്ത് വൻതുക നല്കുന്നു എന്നമട്ടിൽ ചിലർ നടത്തുന്ന പ്രചാരണം ചില പ്രത്യേക രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണ്. സത്യസന്ധവും സുതാര്യവും നിയമാനുസൃതവുമായി കാര്യങ്ങൾ ചെയ്യുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയെ ഒരുതരത്തിലും ബാധിക്കുന്ന കാര്യമല്ല അത്.

അതുകൊണ്ടുതന്നെ ഏത് അന്വേഷണയേജൻസി എന്തു വിവരം ആവശ്യപ്പെട്ടാലും സൊസൈറ്റി സസന്തോഷം നല്കും. അല്ലെങ്കിൽത്തന്നെ സൊസൈറ്റിയുടെ ഏതു രേഖയും ഉത്തരവാദപ്പെട്ട ആർക്കും എപ്പോഴും പരിശോധിക്കാവുന്നതാണ്. എല്ലാ വാർഷിക പൊതുയോഗത്തിലും സമ്പൂർണ്ണകണക്ക് അവതരിപ്പിച്ചു വിശദമായിത്തന്നെ ചർച്ച ചെയ്തു പാസാക്കാറുണ്ട്. സഹകരണനിയമപ്രകാരമുള്ള എല്ലാ ഓഡിറ്റും നടക്കുന്നുണ്ട്. എല്ലാവർഷവും കൃത്യമായിത്തന്നെ ഇൻകം ടാക്സ് രേഖകളും ഫയൽ ചെയ്യുന്നു. അതിലും അപാകങ്ങൾ കണ്ടെത്തിയിട്ടില്ല. മാത്രമല്ല, ഒരുതരം നിയമവിരുദ്ധതയും അഴിമതിയും സംഭവിക്കരുത് എന്നു നിഷ്ക്കർഷ ഉള്ളതിനാൽ, പ്രവർത്തനമേഖല വിപുലമായപ്പോൾ സ്വന്തമായി ഇന്റേണൽ വിജിലൻസ് വരെ രൂപവത്ക്കരിച്ച സ്ഥാപനമാണ് ഊരാളുങ്കൽ സൊസൈറ്റി.

ഒരു നൂറ്റാണ്ടു തികയാൻ‌പോകുന്ന സൊസൈറ്റിയിൽ ഒരിക്കൽപ്പോലും ഭാരവാഹികൾമുതൽ ഉദ്യോഗസ്ഥരും എൻജിനീയർമാരും തൊഴിലാളികളും വരെ ഒറ്റയാളെപ്പോലും സാമ്പത്തികാരോപണത്തിലോ അഴിമതിയിലോ ശിക്ഷിക്കേണ്ടി വന്നിട്ടില്ല! ഒരു പൈസയുടെ അഴിമതി ഉണ്ടായിട്ടില്ല എന്ന് ഉറപ്പിച്ചു പറയാൻ കഴിയുന്ന സ്ഥാപനമാണ് യു.എൽ.സി.സി.എസ്.

മികച്ച ഗുണമേന്മയോടെ നിർമ്മാണം നടത്തുകയും അതിന്റെ മിച്ചം മുഴുവൻ തൊഴിലാളികൾക്കു ലഭിക്കുകയും ചെയ്യുന്ന, 95 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള ഈ സഹകരണസ്ഥാപനം ലാഭേച്ചയോടെ പ്രവർത്തിക്കുന്ന ഒന്നല്ല. തൊഴിലാളികൾ മാത്രം ഗുണഭോക്താക്കളായ സഹകരണപ്രസ്ഥാനമാണ്. സൊസൈറ്റി നടപ്പാക്കിയ ഒരൊറ്റ നിർമ്മാണത്തെപ്പറ്റിയും ഗുണമേന്മയുടെ കാര്യത്തിലടക്കം ഒരു ആക്ഷേപവും അഴിമതിയരോപണവും നാളിതുവരെ ഉണ്ടായിട്ടില്ല. നിർമ്മാണങ്ങളിൽ പണം മിച്ചം വന്നാൽ തിരികെ നല്കുന്ന അത്യപൂർവ്വമാതൃക പല പ്രവൃത്തികളിലും പിന്തുടരുന്ന ഒരു സ്ഥാപനമാണിത്.

സഹകരണമേഖലയ്ക്കു നിയമപ്രകാരമുള്ള പ്രത്യേക പരിഗണനകളല്ലാതെ ഒരു സൗജന്യവും സൊസൈറ്റിക്കു ലഭിക്കുന്നില്ല. അതതു കാലത്തു നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും സർക്കാരുത്തരവുകളും അനുസരിച്ചും അവയിലെ പരിധികൾ പാലിച്ചും മാത്രമാണു സൊസൈറ്റിക്കു സർക്കാർ കരാറുകൾ നല്കുന്നത്.

സൊസൈറ്റി 2015 മുതൽ സംസ്ഥാന സർക്കാരിന്റെ അക്രഡിറ്റഡ് ഏജൻസികളിൽ ഒന്നാണെങ്കിലും മഹാഭൂരിപക്ഷം നിർമ്മാണങ്ങളും സൊസൈറ്റി ഏറ്റെടുക്കുന്നത് മത്സരട്ടെൻഡറിലൂടെത്തന്നെയാണ്. അപൂർവ്വമായി പ്രവൃത്തികൾ നേരിട്ട് ഏറ്റെടുക്കുന്നതാകട്ടെ എസ്റ്റിമേറ്റിലും 10 ശതമാനം കുറച്ചാണ്. നഷ്ടം ഉണ്ടാകും എന്ന് അറിഞ്ഞുകൊണ്ടുതന്നെ അപ്രകാരം ചെയ്യുന്നത് തൊഴിലാളികൾക്കു തൊഴിൽ ലഭ്യമാക്കാൻ പ്രയാസം നേരിടുന്ന സന്ദർഭങ്ങളിലാണ്.

സൊസൈറ്റിക്കു കരാർ നല്കുന്നതിനെ സ്വകാര്യ കരാർസ്ഥാപനങ്ങൾക്കു കരാർ നല്കുന്നതിനു തുല്യമായി കാണുന്ന ചിലർ മാത്രമാണ് അതിനൊക്കെ എതിരെ പ്രചാരണങ്ങൾ നടത്തുന്നത്. അതൊക്കെക്കൊണ്ട്, ഈ മാതൃകാസ്ഥാപനത്തെ അനാവശ്യവിവാദങ്ങളിൽ പെടുത്തി അപകീർത്തിപ്പെടുത്തരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. സൊസൈറ്റിയുടെ അഭ്യുദയകാംക്ഷികൾ ഇത്തരം കുപ്രചാരണങ്ങളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്നും അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: