NEWS

കുളവാഴയിൽ നിന്നൊരു കുടിൽവ്യവസായം -യാത്രാ വിവരണം -മിത്ര സതീഷ്

‘പച്ചപ്പ്’ ഒരു ദുരന്തമാകാമെന്നു മനസ്സിലാകുന്നത് ആലപ്പുഴ വഴി സഞ്ചരിക്കുമ്പോഴാണ്. കുളവാഴകൾ നിറഞ്ഞു വീർപ്പുമുട്ടുന്ന കൈത്തോടുകളുടെ കാഴ്ച്ച ഒരു നൊമ്പരമാണ്.കുളവാഴ ശല്യം കാരണം അവിടത്തെ ജൈവ വൈവിധ്യങ്ങളൊക്കെ നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. പലവുരി തോട് വൃത്തിയാക്കാൻ ശ്രമങ്ങൾ നടത്തിയിട്ടും, കുളവാഴകളേ പാടേ നശിപ്പിക്കാൻ ഇതു വരെ സാധിച്ചിട്ടില്ല.

നമ്മുടെ നാടിന്റെയ് ശാപമായി മാറിയ കുളവാഴകളെ കൊണ്ട് ജീവിതം കെട്ടിപ്പടുത്ത ഒരു ഗ്രാമത്തിനെ ആരാധനയോടെ മാത്രമേ കാണാനാകൂ .ഹംപിയിലെ ആനെഗുന്തി ഗ്രാമം ആണ് എന്റെയ മനസ്സ് കീഴടക്കിയ ആ ഗ്രാമം !!!

ഹംപിയിൽ നിന്നും തിരികെ പോരുന്ന ദിവസം രാവിലെ സുഹൃത്തായ സന്ദീപും ഒത്തു ആനെഗുന്തി ഗ്രാമം സന്ദർശിക്കാൻ പുറപ്പെട്ടു. ചരിത്രപരമായും പൗരാണികാപരമായും പ്രാധാന്യം ഉള്ള ഗ്രാമമാണ് ആനെഗുന്ധി. വിജയനഗര സാമ്രാജ്യത്തിന്റെയ് തലസ്ഥാനം ഹംപിയെന്നാണ് നമ്മൾ പഠിച്ചിരിക്കുന്നത് . എന്നാൽ വിജയനഗര സാമ്രാജ്യത്തിന്റെയ് ശൈശവാവസ്ഥയിൽ ആനെഗുന്തിയായിരുന്നു ഭരണസിരാ കേന്ദ്രം. രാമായണത്തിലെ വാനരരാജ്യമായ കിഷ്കിന്ധയുടെ പ്രധാന ഭാഗം ആനെഗുന്ധിയായി ഇന്നും ആളുകൾ വിശ്വസിച്ചു വരുന്നു !!!!

സനപ്പൂർ നിന്നും ഹംപിയിലേക്കുള്ള പ്രധാന വീഥിയിലൂടെ മുന്നോട്ടു പോയപ്പോൾ കാണാൻ പോകുന്ന പൂരത്തിന്റെയ് മുന്നോടിയെന്ന പോലെ ഒരു പ്രായം ചെന്ന സ്ത്രീ എതിർദിശയിൽ നിന്ന് കാളവണ്ടി ഓടിച്ചു വരുന്നത് കണ്ടു. ഞാൻ പടം പിടിക്കാൻ ഫോൺ കൈയിലെടുക്കുന്നതിനു മുന്നേ അവർ ജെറ്റ് പോകുന്ന സ്പീഡിൽ പാഞ്ഞു പോയി. ഞാൻ അവരെ വിടാൻ തയ്യാറല്ലാഞ്ഞതുകൊണ്ടു വണ്ടി തിരിച്ചു പിന്നാലെ വെച്ചു പിടിച്ചു. അവരെ മറികടന്നു വണ്ടി നിർത്തി, അവരുടെ വണ്ടിയും കൈകാണിച്ചു നിർത്തി പടം പിടിച്ചു. ചായ കുടിക്കാൻ പൈസ കൊടുത്തപ്പോൾ അവർ സന്തോഷത്തോടെ സ്വീകരിച്ചു.

തിരികെ ആനെഗുന്ധിക്കു പുറപ്പെട്ടു , കുറച്ചു ദൂരം ചെന്നപ്പോൾ ഇടതു വശത്തായി ആനെഗുന്ധിയുടെ കവാടം കണ്ടു . അതിലെ അകത്തു പ്രവേശിച്ചപ്പോൾ , ആധുനികത തൊട്ടുതീണ്ടാത്ത ഗ്രാമത്തിൽ എത്തി . ആദ്യം കണ്ട കവലയിൽ വർഷങ്ങൾ പഴക്കമുള്ള രഥം വഴിയരികിൽ കിടപ്പുണ്ടായിരുന്നു.അവിടെയുള്ള ചില വീടുകളുടെ ചുറ്റുമുള്ള മതിൽ , ഹംപിയിലെ ചരിത്ര സ്മാരകങ്ങളെ പോലെ , കരിങ്കല്ല് വെച്ചുണ്ടാക്കിയതായിരുന്നു. കല്ലുകളുടെ വലിപ്പം ഇത്തിരി ചെറുതെന്ന് മാത്രം. റോഡിനോട് ചേർന്ന് നിൽക്കുന്ന വീടുകളുടെ മുൻവശത്തു തടി തൂണുകൾ കാണാമായിരുന്നു .

പാലക്കാടൻ അഗ്രഹാരങ്ങളെ ഓർമ്മപ്പെടുത്തുന്ന വീടുകൾ ആയിരുന്നു ചിലത് . ഒരു വീടിന്റെയ് മുന്നിൽ നിന്ന വൃദ്ധയോടു അനുമതി വാങ്ങി ഞാൻ അകം കയറി കണ്ടു. കരിങ്കല്ല് പാകിയ തറയും, തടിയുടെ മച്ചുമുള്ള വളരെ പഴയ ഒരു വീടായിരുന്നു അത്. വൃദ്ധ പറഞ്ഞതനുസരിച്ചു ആ വീടിനു ഇരുനൂറു വർഷത്തോളം പഴക്കമുണ്ട് എന്നായിരുന്നു. വീടിന്റെയ് പ്രാധാന വാതിലിന്റെയ് പൂട്ട് കൗതുകം ഉണർത്തുന്നതായിരുന്നു. വാതിലിന്റെയ് താഴേ വശത്തുള്ള ചങ്ങല പ്രത്ത്യേക രീതിയിൽ കൂട്ടി കെട്ടി , നിലത്തു ഘടിപ്പിച്ച ഒരു ഇരുമ്പു വലയത്തിലേക്ക് പിടിപ്പിച്ചു താഴിടും !!! അവിടെ അടുത്തു ആനെഗുന്ധി രാജാവിന്റെയ് പഴയ വീടും, പിൻതലമുറക്കാർ താമസിക്കുന്ന പുത്തൻ വീടും ഉണ്ടായിരുന്നു.

ചിന്താമണി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിക്കു ഒരു വീടിന്റെയ് മുൻവശത്തെ മുറി നിറയെ ഒരു മല പോലെ എന്തോ ഒരു വേര് കൂട്ടിയിട്ടിരിക്കുന്നു . കൗതുകം കൂടപ്പിറപ്പായതു കൊണ്ട് വണ്ടി നിർത്തി അങ്ങോട്ട് പോയി. മുറിയുടെ അകത്തു , വേരുകൾ കൂട്ടി ഇട്ടിരുന്നതിന്റെയ് വശത്തു കൂടി അകത്തു പോയപ്പോൾ മൂന്നാലു സ്ത്രീകൾ നിലത്തു പ്ലാസ്റ്റിക് ചാക്കുകൾ തുന്നി ചേർത്തുണ്ടാക്കിയ ഒരു പായിൽ ഇരുന്നു നേരത്തെ കണ്ട വേര് വെച്ച് എന്തൊക്കെയോ കരകൗശല സാധനങ്ങൾ നിർമ്മിക്കുന്നു. അവരുടെ അടുത്ത് ഒരു മൂന്നു വയസ്സുകാരിയും ഇരുന്നു കളിക്കുന്നുണ്ടായിരുന്നു.

ഞാനും അവിടെ ഇരിപ്പായി. അവരുടെ നേതാവെന്ന് തോന്നിച്ച രാധയുമായി സംഭാഷണത്തിൽ ഏർപ്പെട്ടു. ഞാൻ വേരെന്നു തെറ്റിദ്ധരിച്ചത് കുളവാഴയുടെ തണ്ടാണെന്നു ഞെട്ടലോടെയാണ് മനസിലാക്കിയത്. ഇവരെല്ലാം ഒരു ngo യുടെ കീഴിൽ ജോലി ചെയ്യുന്നവരായിരുന്നു. ഉണക്കിയ കുളവാഴ തണ്ടുകൾ ഉപയോഗിച്ച് മാറ്റും, കുട്ടയും ഒക്കെ ഉണ്ടാക്കാൻ ngo ഇവരെ പരിശീലിപ്പിച്ചിരുന്നു. ഒരു മാറ്റുണ്ടാക്കാൻ 1 -2 മണിക്കൂർ എടുക്കും. മാറ്റിന്റെയ് വലുപ്പം അനുസരിച്ചു അമ്പതു മുതൽ നൂറു രൂപ വരെ കിട്ടും.

ദിവസവും ഇരുന്നൂറു മുതൽ മൂന്നുറു രൂപയൊക്കെ ഇവർക്ക് ഇങ്ങനെ സമ്പാദിക്കാൻ പറ്റാറുണ്ടായിരുന്നു . വീട്ടിലെ ചിലവിനായി സ്വന്തമായി കാശ് സമ്പാദിക്കുന്നതിന്റെയ് അഭിമാനം ആ വാക്കുകളിൽ പ്രകടമായിരുന്നു.വീട്ടിലെ ജോലികൾ രാവിലെ ഒതുക്കി കുഞ്ഞിനേയും കൊണ്ടായിരുന്നു രാധ പണിക്കു വന്നിരുന്നത്. രാധയുടെ മകളായ സൗഭാഗ്യ ആയിരുന്നു അവിടെ ഇരുന്നു കളിച്ചിരുന്നത്.

നല്ല വിദ്യാഭ്യാസം ഉള്ള സ്ത്രീകൾ പോലും പലപ്പോഴും വീടിന്റെയ് നാല് ചുവരുകൾക്കുള്ളിൽ കുട്ടികളെയും നോക്കി , വീടും പരിപാലിച്ചു ഭദ്രമായി ജീവിക്കാൻ താൽപര്യപ്പെടുമ്പോൾ, വിദ്യാഭ്യാസമില്ലെങ്കിൽ പോലും സ്വന്തം കാലിൽ നില്ക്കാൻ ശ്രമിക്കുന്ന ഈ സ്ത്രീകളോടു വല്ലാത്തൊരു മതിപ്പു തോന്നി.

ഇവരെ പരിശീലിപ്പിച്ച ngo കാണാൻ എനിക്ക് താല്പര്യമായി . അപ്പോൾ രാധ പറഞ്ഞു അവിടെ പോകുന്നതിനു മുന്നേ ഇവിടെ അടുത്ത് വാഴനാരു കൊണ്ട് സ്ത്രീകൾ ചരടുണ്ടാകുന്ന സ്ഥലം കൂടി കണ്ടിട്ട് പോകു എന്ന്. വാഴനാര് കൊണ്ട് ചരടോ? അതെന്തിനെന്നായി ഞാൻ. രാധ ചെറു പുഞ്ചിരിയോടെ പറഞ്ഞു ‘ അക്ക,നിങ്ങൾക്ക് അത് ngo ഓഫീസ് ചെല്ലുമ്പോൾ മനസിലാകും’. വാഴ നാരു വെച്ചെന്തുണ്ടാക്കാൻ ? എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല.

ഏതായാലും രാധ പറഞ്ഞ സ്ഥലം അന്വേഷിച്ചു പോയി.പോകുംതോറും വഴി വളരെ വീതി കുറഞ്ഞു വന്നു. ഇരുവശങ്ങളിലും ചെറിയ വീടുകളായിരുന്നു. റോഡിൽ പശുവും കോഴിയും പട്ടിയും എല്ലാം വിഹരിച്ചു നടന്നു. ഒരു വീടിന്റെയ് ചുമര് നിറയെ ചാണക വരളികൾ ഉണക്കാൻ വെച്ചിരുന്നത് എന്നേ കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ടു പോയി. പണ്ട് ഞാൻ താമസിച്ച ഗ്രാമത്തിൽ പല വീടുകളിലും ഇങ്ങനെ വരളി ഉണക്കി, തീ കത്തിക്കാൻ ഉപയോഗിച്ചിരുന്നു. കഴിഞ്ഞ പത്തിരുപതു കൊല്ലം ഇങ്ങനൊരു കാഴ്ച്ച എവിടെയും കണ്ടില്ലായിരുന്നു .

വണ്ടിയിൽ മുന്നോട്ടു പോകാൻ പ്രയാസം നേരിട്ടപ്പോൾ ഞാൻ വണ്ടി ഒതുക്കി. വണ്ടിയിൽ നിന്നറിങ്ങിയതും അവിടെയുള്ള കുട്ടികള്ക്കും മുതിർന്നവരും എനിക്ക് ചുറ്റും കൂടി . വണ്ടി ഓടിച്ചു വന്ന ഒരു സ്ത്രീഎന്ന നിലയിൽ , അവർക്കു ഞാൻ ഒരു കൗതുക വസ്തു ആയിരുന്നു ! ചമ്മൽ മാറ്റാൻ ഞാൻ വേഗം മുന്നോട്ടു നടന്നു. സന്ദീപ് അവിടെ അടുത്തുണ്ടായിരുന്ന പീടികയിൽ ചോദിച്ചപ്പോൾ ഞങ്ങൾ തേടി എത്തിയ സ്ഥലത്തേക്കുള്ള വഴി മനസിലായി. അവിടെ അടുത്തുള്ള ഒരു ചേരി പ്രദേശം ആയിരുന്നു അത് .വീതി കുറഞ്ഞ റോഡിൽ , കട്ടിലും , പശുവും, കുട്ടിയും , വട്ടിയും പട്ടിയും എല്ലാമുണ്ടായിരുന്നു.

ഒരു പത്തു വയസ്സുകാരി അവിടെയുള്ള വീട്ടിൽ നിന്നിറങ്ങി വന്നപ്പോൾ ഞങ്ങൾ കാര്യം പറഞ്ഞു. അവൾ അകത്തു പോയി അവളുടെ ചെറുപ്പക്കാരി അമ്മയെ കൂട്ടി വന്നു. അമ്മയും മോളും കൂടി എന്നേ വീടിന്റെയ് ഉള്ളിലേക്ക് ക്ഷണിച്ചു.അമ്മയുടെ പേര് കമല, മകൾ ശരണ്യ . ഞാൻ കയറിയ മുറിയിൽ ഒരു കട്ടിലിന്റെയ് താഴെ നിറയെ ഉണങ്ങിയ വാഴ നാരു വെച്ചിരിക്കുന്നു.കമല ചരടുണ്ടാക്കാൻ പരിശീലനം ലഭിച്ച ആളാണ്. കഴിഞ്ഞ ഏഴു കൊല്ലമായി കമല ഈ ജോലി ചെയ്യുന്നു. ആദ്യം ngo ആസ്ഥാനത്തു ചെന്ന് ദിവസക്കൂലിക്ക് പണി എടുത്തു . ഇപ്പോൾ വാഴ നാരു സ്വന്തം നിലക്ക് വാങ്ങിയിട്ട് ചരടുണ്ടാക്കി ngo ക്കാർക്ക് വിൽക്കുന്നു. ഒരു കെട്ടു ചരടിന് മുന്നൂറു രൂപ ലഭിക്കും. ദിവസവും അമ്മയും മകളും കൂടി ചേർന്ന് ഒന്നുരണ്ടു കെട്ടൊക്കെ ഉണ്ടാക്കാറുണ്ടായിരുന്നു.

ചരടുണ്ടാകുന്നത് കാണിക്കുമോ എന്ന് ചോദിച്ചപ്പോൾ സന്തോഷപൂർവം കമല സമ്മതിച്ചു. കമല പറഞ്ഞപ്പോൾ ശരണ്യ പോയി രണ്ടു റബ്ബർ മാറ്റ് എടുത്തു കൊണ്ട് വന്നു. അമ്മയും മകളും നിലത്തു കാലു നീട്ടി ഇരുന്നു. എന്നിട്ട് മാറ്റ് മടിയിൽ വെച്ച് വാഴ നാരു പ്രത്ത്യേക രീതിയിൽ മാറ്റിലേക്ക് ഉരുട്ടി . നിമിഷ നേരം കൊണ്ട് നല്ല ദൃഢമായ ചരടുണ്ടായത് കണ്ടു ഞാൻ അദ്‌ഭുതപെട്ടു.

ഐറ്റം കൊള്ളാം , വളരെ സിംപിൾ . ഒരു കൈ പരീക്ഷിക്കാൻ തീരുമാനിച്ചു ഞാനും കാലും നീട്ടി തറയിൽ ഇരുന്നു. കമല റബ്ബർ മാറ്റ് മടിയിൽ വെച്ച് തന്നു. ഞാൻ ഇടത്തോട്ടു ഉരുട്ടി, വലത്തോട്ട് ഉരുട്ടി .. നാരു പഴയപടി തന്നേ നിവർന്നു വന്നു. കുറച്ചു നേരം നാരുമായുള്ള എന്റെയ ഗുസ്തി കണ്ടു കമല കൂടെ ഇരുന്നു പറഞ്ഞു തരാൻ ശ്രമം നടത്തി. എന്റെയ ശ്രമം എട്ടുനിലക്കു പൊളിയുന്നത് കണ്ടു ശരണ്യ പൊട്ടി ചിരിച്ചു. ഞാനും ഇളിച്ചു . അവസാനം ബാഗിലുണ്ടായിരുന്നു ചോക്ലേറ്റ് ശരണ്യക്ക് കൊടുത്തിട്ടു ഞാൻ അവിടന്ന് തടി തപ്പി.

അടുത്ത ലക്‌ഷ്യം ngo ഓഫീസ് ആയിരുന്നു. അവിടെ അടുത്ത് ഒരു കടവുണ്ട്. വെറുതെ അവിടെ വരെ പോകാമെന്നു സന്ദീപ് പറഞ്ഞപ്പോൾ ഞാനും സമ്മതിച്ചു. പോകുന്ന വഴിക്കു കുറച്ചു സങ്കടപെടുത്തുന്ന കാഴ്ചകൾ കണ്ടു. ഒരു അഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന കൊച്ചു കുട്ടി തലച്ചുമടായി ഒരു ബക്കറ്റ് കഴുകിയ തുണിയുമായി പോകുന്നു. ആ കാഴ്ച്ച വല്ലാതെ മനസ്സിൽ തട്ടി . കടവിൽ എത്തിയപ്പോൾ ‘പട കണ്ടു പന്തളത്തു ചെന്നപ്പോൾ, പന്തവും കൊളുത്തി പട ‘ എന്ന അവസ്ഥയായി.

ഒരു എട്ടു വയസ്സുള്ള മെലിഞ്ഞുണങ്ങിയ പെൺകുട്ടി , കടവിൽ കൊണ്ട് പാത്രം കഴുകി , വലിയ കൊട്ട നിറയെ പാത്രങ്ങളുമായി പടികൾ കയറി പോയി. കടവിൽ ചെറിയ പെൺകുട്ടികൾ നിന്ന് മുതിർന്നവരുടെ വസ്ത്രങ്ങൾ അലക്കുന്നു . കുട്ടികൾക്ക് കൂടി വന്നാൽ ഒരു എട്ടു പത്തു വയസ്സ് പ്രായം കാണും. നേരത്തെ പാത്രം കൊണ്ട് പോയ കുട്ടി തിരികെ വന്നു, എല്ലാരും കൂടി അലക്കിയ തുണികൾ ബക്കറ്റിലാക്കി തിരികെ വീട്ടിലേക്കു നടന്നു. നദിക്കരയിൽ നിന്ന് റോഡിലേക്ക് എത്താൻ തന്നേ അര കിലോമീറ്റർ നടക്കണം, കുറേ പടികളും കയറണം.മെലിഞ്ഞുണങ്ങിയ കുട്ടികൾ ചെയ്യുന്ന ഭാരിച്ച ജോലികൾ ആരുടേയും മനസ്സ് ആർദ്രമാക്കും. ഞാനും സന്ദീപും ചേർന്ന് അവരുടെ ബക്കറ്റ് റോഡിലേക്ക് എത്തിച്ചു നൽകി.

സന്ദീപ് പറഞ്ഞു ഇതൊക്കെ ഇവിടേ സർവ്വ സാധാരണമാണ്. പഠിപ്പിനൊന്നും വലിയ പ്രാധാന്യമില്ല. ഇങ്ങനെയുള്ള ഗ്രാമത്തിലെ സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്തു , മാന്യമായി ജീവിക്കാനുള്ള വാതിലുകൾ തുറന്നു കൊടുത്ത ngo യെ ഞാൻ മനസ്സാ സ്മരിച്ചു. കുഗ്രാമങ്ങളിൽ സ്ത്രീകൾക്ക് വേണ്ടി അവർ ചെയ്യുന്നതാണ് യഥാർത്ഥമായ സ്ത്രീ ശാക്തീകരണം !!!

അവിടന്ന് ഞങ്ങൾ The Kishkinda Trust (TKT ) എന്ന ngo ഓഫീസ് അന്വേഷിച്ചിറങ്ങി . അവരുടെ ഓഫീസിൽ അവിടെയുള്ള എല്ലാവര്ക്കും അറിയുമായിരുന്നു . അവിടെ എത്തിയതും ഒരു ഇരുപത്തിമൂന്നു വയസുള്ള മിടുക്കി ഞങ്ങളെ സ്വീകരിച്ചു. ഇതിനെ കുറിച്ച് കൂടുതൽ മനസിലാക്കാൻ എത്തിയതാണെന്നു പറഞ്ഞപ്പോൾ അവർ ngo പറ്റി വിവരിച്ചു. ഇരുപത്തിരണ്ടു വര്ഷം മുമ്പ് ശ്യാമ പവാർ എന്ന സ്ത്രീയാണ് ഈ ആശയത്തിന് തുടക്കം കുറിച്ചത്.

ഗ്രാമത്തിലെ സ്ത്രീകൾക്ക് അവിടത്തെ ലോക്കൽ സാധനങ്ങൾ ഉപയോഗിച്ച് എന്തെങ്കിലും തൊഴിൽ ചെയ്തു ജീവിക്കാൻ അവസരം ഉണ്ടാകുക എന്നതായിരുന്നു ലക്‌ഷ്യം. എട്ടു പേരെ വെച്ച് തുടങ്ങിയ സ്ഥാപനത്തിൽ ഇപ്പോൾ നൂറ്റിയമ്പതോളം സ്ത്രീകൾ ജോലി ചെയ്യുന്നു. ഒരു സംഘം ചരടുണ്ടാക്കുമ്പോൾ വേറൊരു സംഘം ഈ ചരടിൽ നിന്ന് കരകൗശല ഉത്പന്നങ്ങൾ നിർമ്മിക്കുന്നു. ഇക്കോ ഫ്രണ്ട്‌ലി ഉൽപ്പന്നങ്ങൾ ആയതു കൊണ്ട് പുറം രാജ്യങ്ങളിൽ നല്ല ചിലവാണ്. ഇങ്ങനെ വിറ്റുണ്ടാക്കുന്ന വരുമാനത്തിന്റെയ് ലാഭം സ്ത്രീകളുടെ വികസനിത്തിനായി തന്നേ ഉപയോഗപ്പെടുത്തുന്നു … ശെരിക്കും പ്രശംസനീയമായി തോന്നി!

തൊട്ടുള്ള മുറിയിൽ സ്ത്രീകൾ വാഴ നാരു കൊണ്ട് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന കണ്ടു കണ്ണ് തള്ളി പോയി. നിലത്തിടുന്ന വലിയ പരവതാനി മുതൽ ഹാൻഡ് ബാഗും, ബാസ്‌ക്കറ്റും, ബോക്സും , തൊപ്പിയും എല്ലാം അവരുടെ കരവിരുതിൽ വിരിയുന്നു.. വാഴ നാരു കൊണ്ടുണ്ടാക്കിയതെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നുന്നത്ര ദൃഢവും, ഭംഗിയുമുള്ള ഉത്പന്നങ്ങൾ. വിൽക്കാനുള്ള സാധനങ്ങൾ അവിടെ ഷെൽഫിൽ നിരത്തിയിട്ടുണ്ടായിരുന്നു. കുളവാഴയുടെ ഉൽപ്പന്നങ്ങളും വില്പനക്കുണ്ടായിരുന്നു. ഒരു ബാഗും വാങ്ങി അവരോടു നന്ദി പറഞ്ഞിറങ്ങി…

നമ്മൾ നിസ്സാരമായി കളയുന്ന വാഴനാരും , ശാപമായി കരുതുന്ന കുളവാഴയുമെല്ലാം ഒരു ഗ്രാമത്തിന്റെയ് ഉന്നമനത്തിനു കാരണങ്ങളായത് സ്തുത്യർഹം തന്നേ . ഈ മാതൃക നമ്മുടെ നാട്ടിലും നടപ്പിലാക്കിയാൽ , നാടിനും നാട്ടുകാർക്കും ഉപകാരപ്രദമായേനെ എന്നുള്ള ചിന്തകളുമായി ഞാൻ അവിടെ നിന്നും യാത്രയായി., …….

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: