ഇറാന്റെ ഏറ്റവും മുതിർന്ന ശാസ്ത്രജ്ഞൻ എന്നാണ് മുഹ്‌സിൻ ഫക്രിസദ അറിയപ്പെടുന്നത് .ഇക്കഴിഞ്ഞ വെള്ളിയാഴ്ച ടെഹ്റാനിൽ വെച്ചാണ് അദ്ദേഹം വധിക്കപ്പെടുന്നത് .ഇറാൻ പ്രതിരോധ വിഭാഗത്തിന്റെ തലവൻ എന്ന നിലയ്ക്ക് മാത്രമല്ല പാശ്ചാത്യ രാജ്യങ്ങൾക്കെതിരെയുള്ള ഇറാന്റെ പ്രതിരോധത്തിന്റെ കൂടി പേരാണ് മുഹ്‌സിൻ ഫക്രിസദ .
“ഭീകരർ ഇറാന്റെ പ്രമുഖ ശാസ്ത്രജ്ഞനെ കൊന്നു .ഇസ്രയേലിന്റെ റോൾ സൂചിപ്പിക്കുന്ന ഭീരുരത്വം നിറഞ്ഞ നടപടി ആണിത് .രാജ്യാന്തര സമൂഹത്തോട് ,പ്രത്യേകിച്ച് യൂറോപ്യൻ യൂണിയനോട് കപടത വെടിഞ്ഞ് ഈ ഭീകരാക്രമണത്തെ അപലപിക്കാൻ ഇറാൻ ആവശ്യപ്പെടുക ആണ് .”ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു .
ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖൊമേനിയുടെ സൈനിക ഉപദേശകൻ ഹൊസെയിൻ ദേഹഗാൻ പ്രതികാരം ചെയ്യും എന്നാണ് പ്രതിജ്ഞ എടുത്തത് .ടെഹ്റാനിൽ നിന്ന് 40 കിലോമീറ്റർ കിഴക്ക് വച്ചാണ് മുഹ്‌സിൻ ഫക്രിസദ കൊല്ലപ്പെടുന്നത് .ആദ്യം സ്ഫോടനവും പിന്നീട് വെടി ശബ്ദവും കേട്ടു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത് .
പാശ്ചാത്യ ലോകം ഏറെ ഭയക്കുന്ന പേരാണ് മുഹ്‌സിൻ ഫക്രിസദ.അമേരിക്കയിൽ ലോകത്തെ ആദ്യത്തെ ആണവായുധം വികസിപ്പിച്ചെടുത്ത ലോസ് അലമോസ് ലബോറട്ടറിയുടെ ഡയറക്ടർ ജെ റോബർട്ട് ഓപൻഹെയ്‌മറിനോടാണ് മുഹ്‌സിൻ ഫക്രിസദയെ ന്യൂയോർക്ക് ടൈംസ് താരതമ്യം ചെയ്യുന്നത് .ഇറാൻ ആണവായുധ പദ്ധതിയുടെ കേന്ദ്ര ബിന്ദു എന്നാണ് ബിബിസി വിശേഷിപ്പിച്ചത് .
2015 ൽ ലോകത്തെ 6 വൻശക്തികളോട് ഉണ്ടാക്കിയ കരാർ ലംഘിച്ച് യുറേനിയം സമ്പുഷ്‌ടീകരണത്തിന്റെ പരിധി എടുത്തു കളയാൻ ഈ വര്ഷം ആദ്യം ഇറാൻ തീരുമാനിച്ചിരുന്നു .മുഹ്‌സിൻ ഫക്രിസദയുടെ നേതൃത്വത്തിൽ ആയിരുന്നു പദ്ധതി .
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ മുദ്രാവാക്യങ്ങളിൽ ഒന്ന് 2015 ലെ ഇറാൻ ആണവ കരാർ നടപ്പിൽ വരുത്തും എന്നതായിരുന്നു .എന്നാൽ മുഹ്‌സിൻ ഫക്രിസദയുടെ കൊലപാതകത്തോടെ ആ സാധ്യത അടഞ്ഞു .2015 ലെ ഇറാൻ ആണവ കരാറിൽ നിന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പിന്മാറുകയും ഇറാന് മേൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതിനു ശേഷം അമേരിക്ക -ഇറാൻ ബന്ധത്തിൽ സാരമായ വിള്ളൽ ആണ് മുഹ്‌സിൻ ഫക്രിസദയുടെ കൊലപാതകം ഉണ്ടാക്കിയിരിക്കുന്നത് .
മുഹ്‌സിൻ ഫക്രിസദയുടെ കൊലപാതകത്തോടെ ഇറാന്റെ ആണവ പദ്ധതി മന്ദഗതിയിൽ ആവുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത് .കഴിഞ്ഞ വര്ഷം ജനുവരിയിൽ അമേരിക്ക ഇറാനിയൻ റെവലൂഷനറി ഗാർഡ്‌സ് കമാണ്ടർ മേജർ ജനറൽ ക്വാസിം സുലൈമാനിയെ വധിച്ചിരുന്നു .ഒരു അമേരിക്കൻ വൈസ് പ്രസിഡന്റിനെ വധിക്കുന്നതിനു തുല്യമായാണ് ഇത് കണക്കാക്കപ്പെടുന്നത് .