NEWSTRENDING

ലോകത്തെ ഞെട്ടിച്ച അസാധാരണ പിതൃ -പുത്ര ബന്ധം :കാസ്ട്രോയും മറഡോണയും

ക്യൂബൻ വിപ്ലവ നായകൻ ആണ് ഫിദൽ കാസ്ട്രോ .മറഡോണയാകട്ടെ അർജന്റീനിയൻ ഫുട്ബാൾ അത്ഭുതവും .സാധാരണ ഗതിയിൽ കണ്ടുമുട്ടാൻ സാധ്യത ഇല്ലാത്ത രണ്ട് സമാന്തര ജന്മങ്ങൾ .എന്നാൽ അസാധാരണമായ ബന്ധമാണ് കാസ്ട്രോയും മറഡോണയും തമ്മിൽ ഉണ്ടായതും വളർന്നതും .

ഫാക്ടറി ജീവനക്കാരൻ ആയിരുന്നു മറഡോണയുടെ അച്ഛൻ .ഒരു വീടുവാങ്ങാനും മൂന്നു സഹോദരിമാർ അടങ്ങുന്ന കുടുംബത്തെ പോറ്റാനുമാണ് പന്ത് തട്ടി തുടങ്ങിയത് എന്ന് മറഡോണ എപ്പോഴൊക്കെയോ പറഞ്ഞിട്ടുണ്ട് .മറഡോണയുടെ ദരിദ്ര പശ്ചാത്തലം ആവണമെന്നില്ല കാസ്‌ട്രോയെ ആകർഷിച്ചത് .മണ്മറഞ്ഞു പോയ വിപ്ലവ സൂര്യൻ ചെ ഗുവേരയുടെ ഓർമകളുമാവാം .തന്റെ വലതു കയ്യിൽ ചെ ഗുവേരയുടെ ചിത്രം പച്ച കുത്തിയ മറഡോണ ഇടത് കാലിൽ പച്ച കുത്തിയിരിക്കുന്നത് കാസ്ട്രോയുടെ ചിത്രം ആണ് .

Signature-ad

1986 ൽ മെക്സിക്കോ ലോകകപ്പിൽ മറഡോണയുടെ ചിറകിൽ ഏറി അർജെന്റിന ലോകകപ്പിൽ മുത്തമിട്ടു .ഇതിനു തൊട്ടു പിന്നാലെയാണ് മറഡോണ ക്യൂബ സന്ദർശിക്കുന്നത് .കാസ്ട്രോ വിപ്ലവ കാലത്തെ കഥകൾ മറഡോണയോട് പറഞ്ഞു ,മറഡോണ സോക്കർ വിശേഷങ്ങളും .തന്റെ നമ്പർ 10 ജേഴ്‌സി മറഡോണ കാസ്‌ട്രോക്ക് കൈമാറി .

മറഡോണ നാപോളി ക്ലബിന് വേണ്ടി കളിക്കുന്ന കാലം .വെറുതെ പന്ത് തട്ടുന്ന കൂട്ടം എന്ന പേരിൽ നിന്ന് നാപോളി യുവേഫ ചാമ്പ്യന്മാർ ആയി .ആയിടക്കാണ് മറഡോണയിൽ ലഹരി പിടിമുറുക്കുന്നതും .1994 ലോകകപ്പിൽ ഉത്തേജക മരുന്ന് ടെസ്റ്റിൽ പരാജയപ്പെട്ട് മറഡോണ കളിയ്ക്ക് പുറത്താകുന്നു .

ക്യൂബയിൽ ചികിത്സ വാഗ്ദാനം ചെയ്യുക ആയിരുന്നു കാസ്ട്രോ ചെയ്തത് .നാല് വർഷം മറഡോണ ക്യൂബയിൽ ചികിത്സയിൽ ആയിരുന്നു .എന്നും രാവിലെ ഫുട്ബോളിനെ കുറിച്ച് സംസാരിക്കാൻ കാസ്ട്രോ മറഡോണയെ വിളിക്കുമായിരുന്നു .”ഉന്നതനായ ഒരു സുഹൃത്ത് ആണ് ഡിയാഗോ .അത്ഭുതമുണർത്തുന്ന ഫുട്ബോളർ .എപ്പോഴും ക്യൂബയോട് ഗാഢമായ സൗഹൃദം ഡിയാഗോ പുലർത്തിയിരുന്നു .”കാസ്ട്രോ ഒരിക്കൽ പറഞ്ഞു .

2016 നവംബർ 25 ന് ഫിദൽ കാസ്ട്രോ അന്തരിച്ചു .”എനിക്ക് രണ്ടാമതുണ്ടായ അച്ഛനായിരുന്നു അദ്ദേഹം .”മറഡോണ ക്യൂബയിലേയ്ക്ക് പുറപ്പെടും മുമ്പ് പറഞ്ഞു .”അർജെന്റിനയുടെ വാതിലുകൾ എനിക്ക് മുമ്പിൽ അടഞ്ഞപ്പോൾ അദ്ദേഹം ക്യൂബയുടെ വാതിലുകൾ തുറന്നു തന്നു .”

Back to top button
error: