LIFENEWS

നമിതയുടെ ചിത്രത്തിന് അത്ഭുതകിണറൊഴുക്കി അനില്‍ കുമ്പഴയും സംഘവും

സിനിമ ഇല്ലാത്തതിനെ ഉണ്ടെന്നു തോന്നിപ്പിക്കുന്ന, അയഥാര്‍ത്ഥ്യമായൊന്നിനെ യാഥാര്‍ത്ഥ്യമെന്ന് വിശ്വസിപ്പിക്കുന്ന കലയാണ്. തിരശ്ശീലയില്‍ വലിയ കൊട്ടാരങ്ങളും, യുദ്ധക്കളവും, ബംഗ്ലാവുമൊക്കെ കണ്ട് കൈയ്യടിക്കുന്ന നമ്മള്‍ അത് ഉണ്ടാക്കിയെടുക്കാന്‍ കഷ്ടപ്പെട്ട കുറേ മനുഷ്യരുടെ അധ്വാനം പലപ്പോഴും കാണാറില്ല. ഒരു സിനിമയുടെ വിജയത്തില്‍ ആര്‍ട്ട് വിഭാഗം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇല്ലാത്തൊരു വസ്തുവിനെ കഥയ്ക്ക് വേണ്ട വിധം പുനര്‍നിര്‍മ്മിക്കുന്ന മാജിക്കാണ് ഓരോ ആര്‍ട്ട് ഡയറക്ടര്‍മാരും അവരുടെ കൂട്ടാളികളും ചേര്‍ന്ന് സിനിമയില്‍ സൃഷ്ടിക്കുന്നത്. ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് ഒരു കിണറാണ്. തെന്നിന്ത്യന്‍ താരം നമിത കേന്ദ്ര കഥാപാത്രമായെത്തുന്ന ബൗ വൗ എന്ന ചിത്രത്തിന് വേണ്ടിയാണ് ആര്‍ട്ട് ഡയറക്ടര്‍ അനില്‍ കുമ്പഴയും സംഘവും തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയുടെ പിന്നില്‍ ഒരു കിണര്‍ സെറ്റിട്ടത്. വെറുതെ കിണര്‍ എന്ന് പറഞ്ഞ് നിസാരമാക്കാന്‍ പറ്റില്ല അനില്‍ കുമ്പഴയുടെയും സംഘത്തിന്റെയും പരിശ്രമം. കിണറിനടിയിലേക്ക് ഇറങ്ങാന്‍ സ്റ്റെയര്‍കെയ്‌സ് ഉള്‍പ്പടെ കിണറിനുള്ളില്‍ നിന്നും ചിത്രീകരിക്കാവുന്ന വിധത്തിലുള്ള സംവിധാനമാണ് ആര്‍ട് ഡയറക്ടര്‍ ഒരുക്കിയിരിക്കുന്നത്. കിണര്‍ നിര്‍മ്മിക്കുന്ന മേക്കിംഗ് വീഡിയോ ഇതിനോടകം തന്നെ നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളിലൂടെ കണ്ട് ആര്‍ട് ഡയറക്ടര്‍ക്കും സംഘത്തിനും അഭിനന്ദനം അറിയിച്ചിരിക്കുന്നത്.

Back to top button
error: