NEWS

ശബ്ദസന്ദേശത്തിലെ അന്വേഷണം പ്രഹസനം: മുല്ലപ്പള്ളി

യിലില്‍ കഴിയുന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ഫോണ്‍ സന്ദേശം പുറത്തുവന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ഇപ്പോള്‍ കേരള പോലീസിന്റേയും ജയില്‍ വകുപ്പിന്റേയും നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ഇന്ധിരാഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന പുഷ്പാര്‍ച്ചനയ്ക്ക് ശേഷം കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ശബ്ദസന്ദേശത്തിന്റെ ഉറവിടം അന്വേഷിച്ച് കണ്ടെത്താന്‍ നിഷ്പക്ഷമായ അന്വേഷണം വേണം.ഇതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകര്‍ക്ക് പങ്കുണ്ടോയെന്നും പരിശോധിക്കണം.ജയില്‍ നിന്നും ഇത്തരമൊരു സന്ദേശം അയക്കാന്‍ സ്വപ്‌നയ്ക്ക് ആരാണ് സഹായം നല്‍കിയതെന്നത് കണ്ടെത്തേണ്ടതുണ്ട്. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാണ് ഇതിന് ഉത്തരം പറയേണ്ടത്.ജയില്‍ ഡിജിപിയും കേരള പോലീസ് മേധാവിയും ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണം തട്ടിപ്പാണ്.കുറ്റക്കാര്‍ക്ക് രക്ഷപെടാനുള്ള പഴുത് കണ്ടെത്താനാണ് ഇരുവരും അന്വേഷണം പ്രഖ്യാപിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സിപിഎം നേതാക്കള്‍ക്കും എതിരെ ഉയര്‍ന്ന ഗുരുതര അഴിമതി ആരോപണങ്ങളില്‍ നിന്നും സ്വര്‍ണ്ണക്കടത്ത്,മയക്കുമരുന്ന് കേസുകളില്‍ നിന്നും ജനശ്രദ്ധതിരിക്കാനുള്ള രാഷ്ട്രീയ കപടതന്ത്രത്തിന്റെ ഭാഗമാണ് ഈ പുതിയ വിവാദം.കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങള്‍ ശരിയായ ദിശയില്‍ മുന്നോട്ടുപോയാല്‍ മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ കുടുംബത്തിലേക്കും അത് എത്തും.അതിനെ മുഖ്യമന്ത്രി ഭയപ്പെടുന്നു.അതുകൊണ്ട് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെല്ലാം മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ജയിലുകളില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ള കുപ്രസിദ്ധ കുറ്റവാളികള്‍ക്ക് എല്ലാ സൗകര്യവും ജയില്‍ അധികൃതരും സര്‍ക്കാരും നല്‍കുന്നു.ഇവര്‍ക്ക് ജയിലിനകത്തും പുറത്തും വിവിഐപി പരിരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ ഒത്താശയും ചെയ്യുന്നു.കുറ്റവാളികളെ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയാണ്. കുറ്റകൃത്യങ്ങളുടെ ഭൂതകാല പാരമ്പര്യമുള്ളവരാണ് ഇന്ന് സിപിഎമ്മിന് നേതൃത്വം നല്‍കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന അഴിമതികള്‍ ലോകത്തോട് വിളിച്ചു പറയാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം.സത്യാന്വേഷണമാണ് മാധ്യമപ്രവര്‍ത്തകരുടെ കടമ.മാധ്യമപ്രവര്‍ത്തകര്‍ ഒരിക്കലും സമ്മര്‍ദ്ദങ്ങള്‍ക്ക് അകപ്പെടരുത്.യുഡിഎഫ് നേതാക്കള്‍ക്കെതിരായ നടപടി സര്‍ക്കാര്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നതിന് തുല്ല്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം, മുന്‍പ്രധാനമന്ത്രി ഇന്ധിരാഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് കെ.പി.സി.സിയില്‍ നടന്ന പുഷ്പാര്‍ച്ചനയ്ക്ക് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേതൃത്വം നല്‍കി.യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍,കെപിസിസി വൈസ് പ്രസിഡന്റുമാരായ ഡോ.ശൂരനാട് രാജശേഖരന്‍,ശരത്ചന്ദ്ര പ്രസാദ്,ജനറല്‍ സെക്രട്ടറിമാരായ കെപി അനില്‍കുമാര്‍, മണക്കാട് സുരേഷ്,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍,മുന്‍മന്ത്രി പന്തളം സുധാകരന്‍ കെപി.സി.സി സെക്രട്ടറിമാരായ വിഎസ് ഹരീന്ദ്രനാഥ്,പിഎസ് പ്രശാന്ത്, ആര്‍വി രാജേഷ്,സുബോധന്‍, മുടവന്‍മുകള്‍ രവി,ആറ്റിപ്ര അനില്‍,വിനോദ് കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: