പൂന്തുറ സിറാജ് പി ഡി പി വിട്ട് ഐ എന്‍ എല്ലില്‍ ചേര്‍ന്നു
തിരുവനന്തപുരം : പി ഡി പി നേതാവ് പൂന്തുറ സിറാജ് പാര്‍ട്ടി വിട്ട് ഐ എന്‍ എല്ലില്‍ ചേര്‍ന്നു. തിരുവനന്തപുരം കോര്‍പറേഷനില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി സിറാജ് മത്സരിക്കും.
പി ഡി പിയുടെ വര്‍ക്കിംഗ് ചെയര്‍മാനായിരുന്ന സിറാജിന് അടുത്തിടെ നടന്ന സംഘടന തിരഞ്ഞെടുപ്പില്‍ പ്രാധാന്യം ലഭിച്ചിരുന്നില്ല. സംഘടന തിരഞ്ഞെടുപ്പിന് ശേഷം നാമനിര്‍ദേശം വഴി ഭാരവാഹികളെ തീരുമാനിച്ചപ്പോഴും സിറാജിനെ തഴഞ്ഞു. ഇതോടെയാണ് സിറാജ് പാര്‍ട്ടി വിട്ടത്.
തിരുവനന്തപുരം കോര്‍പറേഷനില്‍ മാണിക്കവിളാകം വാര്‍ഡില്‍ നിന്നാകും സിറാജ് മത്സരിക്കുക. പാര്‍ട്ടി വിട്ടതിന് പിന്നാലെ സിറാജിനെ പി ഡി പിയില്‍ നിന്ന് പുറത്താക്കി.
അതേസമയം, സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല താന്‍ പാര്‍ട്ടി മാറുന്നതെന്നും സിറാജ് പറഞ്ഞു. മൂന്നു തവണ കൗണ്‍സിലറായി ഇരുന്ന തനിക്ക് കൗണ്‍സിലര്‍ സ്ഥാനമോ പാര്‍ലമെന്ററി വ്യാമോഹങ്ങളോ ഇല്ല. മഅദനിയുടെ മോചനത്തിനായി ഇത്രനാളും വാദിച്ചു. ഇനി മുതല്‍ ഐഎന്‍എല്ലില്‍ ചേര്‍ന്നു കൊണ്ട് അദ്ദേഹത്തിനായി പ്രവര്‍ത്തിക്കുമെന്നും സിറാജ് പറഞ്ഞു. എന്നാല്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫ്, െഎഎന്‍എല്ലിന് നല്‍കിയ ഏക സീറ്റില്‍ സിറാജാണ് സ്ഥാനാര്‍ഥിയായിരിക്കുന്നത്. സിറാജ് സ്ഥാനാര്‍ഥിയാകുമെന്ന് സിറാജിന് പാര്‍ട്ടി അംഗത്വം നല്‍കി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഐഎന്‍എല്‍ പ്രഖ്യാപിച്ചു.
ഭാരം ഏല്‍പ്പിക്കുന്നത് അല്ലാഹുവിനെയാണെങ്കില്‍ ഒരിക്കലും ദുഃഖിക്കേണ്ടി വരില്ലെന്നായിരുന്നു പൂന്തുറ സിറാജ് പാര്‍ട്ടി വിട്ടതിനു പിന്നാലെ ജയിലില്‍ നിന്നുള്ള അബ്ദുള്‍ നാസര്‍ മദനിയുടെ പ്രതികരണം.